Skip to main content

അല്ലാഹുവിലേക്ക് അടുക്കാം

മനുഷ്യന്ന് ദൈവസാമീപ്യം നേടിയെടുക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് ആരാധനകള്‍. അവയില്‍ പ്രമുഖ സ്ഥാനമാണ് നമസ്‌കാരത്തിനുള്ളത്. അല്ലാഹു പറയുന്നു: ''നീ (അല്ലാഹുവിന്റെ മുമ്പില്‍) സാഷ്ടാംഗം ചെയ്യുക. (അവങ്കല്‍) സാമീപ്യം നേടുകയും ചെയ്യുക'' (96:19).

നമസ്‌കാരം, അതില്‍ പ്രവേശിച്ച വ്യക്തിയെ ക്രമാനുഗതമായി അല്ലാഹുവിനോട് അടുപ്പിക്കുന്നു. അവന്‍ അല്ലാഹുവിന്റെ തിരുസന്നിധിയില്‍ ചെന്നുനിന്ന് താഴ്മയോടെ അവനെ മഹത്വപ്പെടുത്തിയശേഷം ഒരു പ്രതിജ്ഞ ചൊല്ലുന്നു. ആകാശഭൂമികളുടെ നാഥനിലേക്ക് തന്റെ മുഖം തിരിച്ചിരിക്കുന്നുവെന്നും തന്നെ പരിപൂര്‍ണമായും സമര്‍പ്പിച്ചുകൊണ്ട് സ്രഷ്ടാവിന്റെ അനുസരണയുള്ള ദാസനാകുമെന്നും വിനയപുരസ്സരം അതിലവന്‍ പറയുന്നു. ശേഷം അവന്‍ ഖുര്‍ആനിലെ ആദ്യ അധ്യായം പാരായണം ചെയ്യുന്നു. തത്സമയം അവന്‍ അല്ലാഹുവിനോട് കൂടുതല്‍ അടുത്തുകൊണ്ടേയിരിക്കും.

നബി(സ്വ) പറഞ്ഞു: ''അല്ലാഹു പറയുന്നു: നമസ്‌കാരത്തെ ഞാന്‍ എന്റെയും എന്റെ ദാസന്റെയും ഇടയില്‍ ഭാഗിച്ചിരിക്കുന്നു. അവന്‍ ചോദിക്കുന്നതെന്തും അവന്നുണ്ട്. 'സര്‍വലോക പരിപാലകനായ അല്ലാഹുവിന്നാണ് സര്‍വസ്തുതിയും' എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: 'എന്റെ ദാസന്‍ എന്നെ സ്തുതിച്ചിരിക്കുന്നു.' 'അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്' എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: 'അവന്‍ എന്നെ പുകഴ്ത്തിയിരിക്കുന്നു.' 'പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍' എന്ന് അവന്‍ പറയുമ്പോള്‍ അല്ലാഹു പറയും: 'എന്റെ ദാസന്‍ എന്നെ ബഹുമാനിച്ചിരിക്കുന്നു'. 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം അര്‍ഥിക്കുകയും ചെയ്യുന്നു എന്ന് അവന്‍ പറയുമ്പോള്‍ അല്ലാഹു പറയും: 'ഇത് എന്റെയും എന്റെ ദാസന്റെയും ഇടയിലുള്ളതാണ്; അവന്‍ ചോദിച്ചത് അവനുണ്ട്. 'നീ ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ ചേര്‍ക്കേണമേ! കോപത്തിന്നിരയായവരുടെ മാര്‍ഗത്തിലല്ല; പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല' എന്ന് അവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹു പറയുന്നു: ''ഇത് എന്റെ ദാസന്നുള്ളതാണ്. അവന്‍ ചോദിച്ചത് അവനുണ്ട്'' (മുസ്‌ലിം). ആശയം സ്പഷ്ടമായ വചനം! അല്ലാഹുവിന്റെയും ദാസന്റെയും ഇടയിലുണ്ടാകുന്ന അടുപ്പം എത്രത്തോളമാണെന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഭക്തിയും വിനയവും വണക്കവും പൂര്‍ണാര്‍ഥത്തില്‍ പ്രകാശിപ്പിക്കുന്നതാണ്, ശേഷം നിര്‍വഹിക്കപ്പെടുന്ന റുകൂഉം (നമിക്കല്‍) സുജൂദും (സാഷ്ടാംഗം). തന്റെ മുഖം മണ്ണില്‍വെച്ച് സുജൂദ് ചെയ്യുകയും അതില്‍ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ നമസ്‌കരിക്കുന്നവന്‍ അല്ലാഹുവിനോട് കൂടുതല്‍ അടുക്കുന്നു. നബി(സ്വ) പറയുന്നു: ''നിശ്ചയം, ഒരു അടിമ രക്ഷിതാവിനോട് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന കൂടുതലാക്കുക'' (അബൂദാവൂദ്).

അവസാനം, സര്‍വ അഭിവാദനങ്ങളും ബഹുമാനങ്ങളും തിരുസന്നിധിയില്‍ സമര്‍പ്പിക്കുകയും അനന്തരം സമാധാനത്തിന്നായി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടാണ് നമസ്‌കാരത്തില്‍ നിന്ന് അവന്‍ വിരമിക്കുന്നത്. ഇപ്രകാരം ഭക്തിയുടെ പാരമ്യത്തില്‍ ലയിച്ചു ചേര്‍ന്നവന്റെ നമസ്‌കാരം അല്ലാഹുവിങ്കല്‍ അവന്ന് അത്യുന്നത സ്ഥാനവും സാമീപ്യവും നേടിക്കൊടുക്കാതിരിക്കില്ല. ഈ ശക്തവും നിസ്തുലവുമായ സാമീപ്യത്തെക്കുറിച്ച് നബി(സ്വ) പറയുന്നു:

''ഒരാള്‍ നമസ്‌കാരത്തിലേക്കു പ്രവേശിച്ചാല്‍, അല്ലാഹു അവനെ അഭിമുഖീകരിക്കും. അവന്‍ വിരമിക്കുകയോ വല്ല തിന്മയുമുണ്ടാക്കുകയോ ചെയ്യുന്നത് വരെ അല്ലാഹു അവനില്‍ നിന്ന് തിരിഞ്ഞു കളയുകയില്ല'' (ഇബ്‌നുമാജ:).

ദൈവസാമീപ്യം നേടിയവര്‍ പരലോകത്ത് ഉന്നത പദവി അലങ്കരിക്കുന്നതാണ്. അവന്‍ കരഗതമാക്കുന്ന നേട്ടങ്ങള്‍ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ''അപ്പോള്‍ അവന്‍(മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍ (അവന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും'' (56:88,89).
 

Feedback