Skip to main content

ഹംബലീ മദ്ഹബ്

ഇമാം അഹ്മദുബ്‌നു ഹംബല്‍ ഹിജ്‌റ 164 റബീഉല്‍ അവ്വല്‍ മാസത്തില്‍ ബഗ്ദാദില്‍ ജനിച്ചു. അനാഥനായാണ്് അദ്ദേഹം വളര്‍ന്നത്. ആ കാലഘട്ടത്തിലെ ബഗ്ദാദ്, ഇസ്‌ലാമിക നാഗരികതയുടെ തലസ്ഥാനമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇമാം പിന്നീട് ഹദീസും അറബി ഭാഷയും നബിയുടെയും സ്വഹാബിത്തിന്റെയും ചരിത്രവും പഠിക്കാന്‍ സമയം വിനിയോഗിച്ചു. ഇമാം അബൂഹനീഫയുടെ ശിഷ്യന്‍, അബൂയൂസുഫില്‍ നിന്ന് ഹദീസും ഫിഖ്ഹും പഠിച്ചു. പല രാജ്യങ്ങളിലും ചിതറിക്കിടക്കുന്ന ഹദീസ് പണ്ഡിതന്മാരെ കണ്ടുമുട്ടാന്‍ ഇമാം ദീര്‍ഘയാത്രകള്‍ നടത്തി. ഇമാം ശാഫിഇയുടെയും മാലിക്കിന്റെയും, ശിഷ്യനാകാന്‍ അഹമദുബ്‌നു ഹംബലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മനഃപാഠമാക്കിയ മുഴുവന്‍ ഹദീസുകളും അദ്ദേഹം 'മുസ്‌നദി'ല്‍ ക്രോഡീകരിച്ചു.

രചനകള്‍

ബിദ്അത്തുകള്‍ക്ക് പ്രചാരം സിദ്ധിച്ച ഒരു സാമൂഹികാന്തരീക്ഷണത്തിലാണ് ഇമാം ജീവിച്ചത്. ഇമാമാകട്ടെ, അവയുടെ നിര്‍മിതികളെ അതിശക്തമായി എതിര്‍ക്കുകയും ചെയ്തു. അദ്ദേഹം ഊന്നല്‍ നല്‍കിയത് ഹദീസുകള്‍ക്കായിരുന്നു. നബി വചനങ്ങളുടെ സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ രചനകളത്രയും. ഫിഖ്ഹില്‍ അദ്ദേഹം ഗ്രന്ഥം രചിചിട്ടില്ല. ഹദീസിലുള്ള അദ്ദേഹത്തിന്റെ പ്രധാന രചന മുസ്‌നദ് തന്നെ.  സ്വഹാബത്തിന്റെ മഹത്വങ്ങളെ പ്രതിപാദിക്കുന്ന ഒരു ചെറിയ രചന ഇമാമിന്റേതായുണ്ട്. കൂടാതെ ഭൗതിക വിരക്തിയെക്കുറിച്ചും അദ്ദേഹം ഗ്രന്ഥം രചിച്ചു. തന്റെ കാലഘട്ടത്തില്‍ ജീവിച്ച നവീന വാദക്കാരായ വിഭാഗങ്ങള്‍ക്ക് ഖണ്ഡനമെന്ന നിലയില്‍ അദ്ദേഹം രചിച്ചതാണ് 'കിതാബുര്‍റദ്ദി അലസ്സനാദിഖ വല്‍ ജഹ്്മിയ്യ'.

ഏതെങ്കിലും വിഷയത്തില്‍ ഖുര്‍ആനിലും, സുന്നത്തിലും സ്വഹാബത്തിന്റെയും താബിഉകളുടെയും  അഭിപ്രായങ്ങളിലും മുര്‍സലോ ദുര്‍ബലമോ ആയ ഹദീസുകളിലും വിധിയില്ലെങ്കില്‍ മാത്രമേ ഇമാം ഖിയാസിനെ അവലംബിക്കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹം ഖിയാസിനെ നിഷേധിച്ചിരുന്നില്ല. മസ്വാലിഹ് മുര്‍സല, ഇസ്തിഹ്‌സാന്‍, ഇസ്തിസ്വ്ഹാബ്, സദ്ദുദ്ദറാഇഅ് ഇവയൊക്കെ ഖിയാസിന്റെ വിശാല പരികല്പനയില്‍ വരുമെന്ന വീക്ഷണമാണ് ഹംബലീ മദ്ഹബിലെ പണ്ഡിതന്മാര്‍ക്കുള്ളത്.

മറ്റ് ഇമാമുകളെപ്പോലെത്തന്നെ, ഹദീസ് സ്വഹീഹായി വന്നാല്‍ അതായിരിക്കും എന്റെ ആ വിഷയത്തിലെ വീക്ഷണം എന്നായിരുന്നു അഹ്മദുബ്‌നു ഹംബലിന്റെയും അഭിപ്രായം.

പേര്‍ഷ്യ, ശാം, ജസീറത്തുല്‍ അറബ് എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ഇമാം അഹമ്മദിന്റെ വീക്ഷണങ്ങള്‍ ക്രോഡീകരിച്ച അബൂബക്ര്‍ ഇബ്‌നു ജഅ്ഫര്‍(ഖലാല്‍) ആണ് ഹംബലീ മദ്ഹബിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത്.


 

Feedback