Skip to main content

ഇമാം അബൂ ഹനീഫ (1-7)

ഇസ്‌ലാമിലെ കര്‍മശാസ്ത്ര മേഖലയില്‍ പില്ക്കാലത്ത് ഉടലെടുത്ത നാലു പ്രധാന സരണികളിലൊന്നായ ഹനഫീ മദ്ഹബ് ചേര്‍ത്തുപറയപ്പെടുന്നത് ഇമാം അബൂഹനീഫയിലേക്കാണ്. ശരിയായ പേര് നുഅ്മാനുബ്‌നു സാബിത്. അബൂഹനീഫതുന്നുഅ്മാന്‍ എന്നറിയപ്പെട്ടു. ഖുര്‍ആന്‍, ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം എന്നിവയിലെല്ലാം അവഗാഹമുണ്ടായിരുന്നു. അധികാരികളുടെ ഭീഷണിയും പ്രലോഭനങ്ങളും അവഗണിച്ചുകൊണ്ട് തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. വ്യവസ്ഥാപിതമായ പഠനത്തിലൂടെയും അധ്യാപനത്തിലൂടെയും സ്വന്തം വീക്ഷണങ്ങള്‍ സമര്‍ഥിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രഗത്ഭരായ ശിഷ്യന്‍മാര്‍ വഴി അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് വന്‍   പ്രചാരവും സിദ്ധിച്ചു. 

ഇമാം അബൂഹനീഫയുടെ പിതാമഹന്‍ കാബൂള്‍ നിവാസിയായിരുന്നു. ഖലീഫ ഉറമിന്റെകാലത്ത് പ്രസ്തുത പ്രദേശം മുസ്‌ലിംകള്‍ വിമോചിപ്പിച്ചപ്പോള്‍ സൂത്വാ എന്നറിയപ്പെടുന്ന പിതാമഹന്‍ ബന്ദിയായി പിടിക്കപ്പെട്ടു. തൈമുബ്‌നു സഅ്‌ലബ: ഗോത്രത്തിന്റെ അടിമയായിത്തീര്‍ന്നു. അങ്ങനെ കൂഫയിലെത്തിച്ചേര്‍ന്ന അദ്ദേഹം അടിമത്തത്തില്‍ നിന്ന് മോചിതനായി. ഖലീഫ ഉമറിന്റെ ഭരണകാലത്തു തന്നെ ഇസ്‌ലാം സ്വീകരിച്ച സൂത്വാ കച്ചവടക്കാരനായി ജീവിച്ചു. ഇമാം അബൂഹനീഫയുടെ പിതാവ് സാബിതും കൂഫയിലെ പ്രമുഖ വ്യാപാരിയായിരുന്നു. സാബിതും പിതാവ് സൂത്വായും ഖലീഫ അലിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സൂത്വാ അലിക്ക് ഇടക്കിടെ സമ്മാനങ്ങള്‍ കൊടുക്കുക പതിവായിരുന്നു. സൂത്വാ ഒരിക്കല്‍ പുത്രന്‍ സാബിതിനെയും കൂട്ടി അലിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിനും വരുംതലമുറക്കും വേണ്ടി അലി പ്രാര്‍ഥിച്ചു. 

ഇമാമിന്റെ ജനനത്തെ സംബന്ധിച്ച് വ്യസ്ത്യസ്തമായ വിവരങ്ങളുണ്ട്. പ്രബലമായ അഭിപ്രായമനുസരിച്ച് 699ല്‍ (ഹി: 80) ഇറാഖിന്റെ ആസ്ഥാനമായിരുന്ന കൂഫയിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി. ഹദീസ്, അറബിവ്യാകരണം, സാഹിത്യം, ഇല്‍മുല്‍ കലാം തുടങ്ങി അന്ന് പ്രചരത്തിലുണ്ടായിരുന്ന വിജ്ഞാനങ്ങളെല്ലാം     സ്വായത്തമാക്കി. കൂടുതല്‍ ശ്രദ്ധചെലുത്തിയത് ഇല്‍മുല്‍ കലാമിലായിരുന്നു. ഇവ്വിഷയകമായി ഇസ്‌ലാമികാദര്‍ശങ്ങള്‍ക്ക് നിരക്കാത്ത വാദഗതികളുന്നയിച്ചിരുന്ന വിഭാഗങ്ങള്‍ക്കെതിരെ   അദ്ദേഹം ശക്തിയായി നിലകൊണ്ടു. അവരുമായി സംവാദങ്ങളിലേര്‍പ്പെട്ട് അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിന്റെ വീക്ഷണങ്ങള്‍ സമര്‍ഥിച്ചു.

കൂഫയില്‍ ഇമാം അബൂഹനീഫയുടെ മദ്ഹബ് അദ്ദേഹത്തിന്റെ കാലശേഷം വ്യാപകമായി പ്രചരിച്ചു. ഖലീഫ ഹാറൂനുര്‍റശീദിന്റെ കാലത്ത് അബൂഹനീഫയുടെ മുഖ്യശിഷ്യനായ ഇമാം അബൂയുസുഫ് മുഖ്യന്യായാധിപനായി നിശ്ചയിക്കപ്പെട്ടതോടെ അതിന് ഔദ്യോഗിക  സ്വഭാവം കൈവന്നു. ചൈന മുതല്‍ സിസിലി വരെയുള്ള പ്രദേശങ്ങളില്‍ മുഴുവന്‍ അത്‌ സ്വാധീനം ചെലുത്തി. ഉസ്മാനി ഭരണകാലത്തും ഹനഫീ മദ്ഹബിന് ശക്തമായ സ്വാധീനം നിലനിന്നു. എന്നാല്‍ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ ആദ്യകാലങ്ങളില്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും പില്‍കാലത്തുണ്ടായ ഭരണമാറ്റങ്ങളില്‍ അത് നഷ്ടപ്പെട്ടു.

 

 

Feedback
  • Wednesday Oct 16, 2024
  • Rabia ath-Thani 12 1446