Skip to main content

ശാഫിഈ മദ്ഹബ്

ഇസ്‌ലാമിക ലോകത്ത് അനുയായികളുടെ എണ്ണത്തില്‍ രണ്ടാമത്തെ മദ്ഹബായി കരുതപ്പെടുന്നത് ശാഫിഈ മദ്ഹബാണ്. ഹിജാസ്, യമന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിഴക്കന്‍ പ്രദേശങ്ങള്‍, ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, മലേഷ്യ, സിങ്കപ്പൂര്‍, ആസ്‌ത്രേലിയ, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ശാഫീഈ മദ്ഹബിന് ഇന്നും സ്വാധീനമുണ്ട്.

ഹിജ്‌റ 150ല്‍, ഫലസ്ത്വീനിലെ ഗസ്സയിലാണ് ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസുശ്ശാഫിഈ ജനിച്ചത്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ശാഫിഈയെയും കൂട്ടി മാതാവ് മക്കയില്‍ വന്നു താമസമാക്കി. സമര്‍ഥനായ കുട്ടിയെ മാതാവ് ഖുര്‍ആന്‍ പാഠശാലയില്‍ ചേര്‍ത്തു. 7 വയസ്സാവുമ്പോഴേക്കും അവന്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി. ശേഷം മസ്ജിദുല്‍ ഹറമിലെ അറിയപ്പെടുന്ന പണ്ഡിതന്മാരില്‍ നിന്ന് ഹദീസും ഫിഖ്ഹുമൊക്കെ പഠിക്കാനാരംഭിച്ചു. അറബി ഭാഷയും സാഹിത്യവും, അതിന്റെ ശുദ്ധതയില്‍ പഠിക്കാന്‍ വേണ്ടി അദ്ദേഹം കുറച്ചുകാലം ഹുദൈല്‍ ഗോത്രക്കാരുടെ കൂടെ താമസിച്ചു. മക്കയിലേക്ക് തിരിച്ചു വരികയും മസ്ജിദുല്‍ ഹറമിലെ ഹദീസ്-ഫിഖ്ഹ് വിജ്ഞാന സദസ്സുകളില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു. ഇമാം സുഫ്‌യാനുബ്‌നു ഉയയ്‌നയില്‍ നിന്ന് കര്‍മശാസ്ത്രം പഠിച്ചു. 15 വയസ് പൂര്‍ത്തിയാകുമ്പോഴേക്കും ഫത്‌വ നല്‍കാനുള്ള അനുവാദം ലഭ്യമാവുംവിധം പാണ്ഡിത്യത്തില്‍ അദ്ദേഹം മികവ് നേടി.

തുടര്‍ന്ന് അദ്ദേഹം മദീനയിലേക്ക് പോവുകയും ഇമാം മാലിക്കിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. മദീനയില്‍ താമസിച്ചുകൊണ്ടിരിക്കെ, ഇമാം മാലിക്കിനു പുറമെ മറ്റു പല പ്രഗല്‍ഭരായ പണ്ഡിതന്മാരുടെയും കീഴിലുള്ള പഠന ക്ലാസുകളിലും ഇമാം ശാഫിഈ സോത്സാഹം പങ്കെടുക്കാറുണ്ടായിരുന്നു. ഇമാം മാലിക്കിന്റെ മരണശേഷം ഇമാം ശാഫിഈ മക്കയിലേക്ക് തന്നെ തിരിച്ചു പോയി. അദ്ദേഹം മക്കയിലെത്തിയ സമയത്താണ് യമനിലെ ഗവര്‍ണര്‍ മക്ക സന്ദര്‍ശിക്കുന്നത്. അദ്ദേഹം മുഖേന ശാഫിഈക്ക് യമനില്‍ ജോലി ലഭിക്കുകയും ചെയ്തു. നജ്‌റാന്‍ ഗവര്‍ണരുടെ അപവാദ പ്രചാരണത്തിനു വിധേയനായ ഇമാമിനെ ഖലീഫ ഹാറൂന്‍ റശീദിന്റെ മുമ്പില്‍ വിചാരണക്ക് ഹാജറാക്കി. രക്ഷപ്പെട്ട അദ്ദേഹം ജോലി ഉപേക്ഷിച്ചു മക്കയിലേക്ക് തന്നെ തിരിച്ചു വരികയും വൈജ്ഞാനിക മേഖലയില്‍ സജീവമാവുകയും ചെയ്തു.

ശാഫിഈയുടെ നിദാന ശാസ്ത്രം

ആദ്യമായി ഫിഖ്ഹിന്റെ മൗലിക ഘടകങ്ങളെ ക്രോഡീകരിച്ചത് ഇമാം ശാഫിഈയാണ്. അദ്ദേഹത്തിന്റെ നിദാന ശാസ്ത്ര ഗ്രന്ഥം 'അര്‍റിസാല' എന്ന പേരില്‍ അറിയപ്പെടുന്നു. അദ്ദേഹം പ്രധാനമായും 4 പ്രമാണങ്ങളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. 

1 -ഖുര്‍ആനും പ്രവാചക സൂക്തങ്ങളും 

2-ഇജ്മാഅ്

3- സ്വഹാബത്തിന്റെ ഫത്‌വ

4-ഖിയാസ്

ഇമാം ശാഫിഇയുടെ കാലത്ത് ഹദീസ് മുഴുവന്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തനിക്ക് ലഭ്യമായ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഫത്‌വ നല്‍കിയത്. തന്റെ അഭിപ്രായത്തിനെതിരെ ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് തന്റെ അഭിപ്രായമായി ഗണിക്കേണ്ടത് എന്ന് മറ്റ് ഇമാമുകളെപ്പോലെ അദ്ദേഹവും ഉണര്‍ത്തിയിട്ടുണ്ട്.
 

Feedback