Skip to main content

സലഫി പ്രസ്ഥാനം (4)

'ഉത്തമമായ തലമുറ എന്റേതാണ്. പിന്നെ അതിന് ശേഷമുള്ളത് പിന്നീട് തൊട്ടുശേഷമുള്ളത്' എന്ന നബി വചനം പ്രസിദ്ധമാണ്. ഈ ശതകങ്ങളില്‍ ജീവിച്ചിരുന്നത് തിരുദൂതരും ഖലീഫമാരുള്‍പ്പെടെയുള്ള സ്വഹാബിമാരും സ്വഹാബിമാരില്‍ നിന്ന് ഖുര്‍ആനിക പാഠങ്ങളും തിരുചര്യയും കേട്ടു പഠിച്ച താബിഉകളുമാണ്. താബിഉത്താബിഉകളും ഒരുപക്ഷേ ഉള്‍പ്പെടും. ഇവരെ 'സലഫുസ്സ്വാലിഹുകള്‍' എന്നാണ് നാം വിളിക്കുന്നത്. അഥവാ സച്ചരിതരായ മുന്‍ഗാമികള്‍. 

വിശുദ്ധ ഖുര്‍ആനും നബിചര്യയും ഈ മൂന്ന് തലമുറകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിച്ചതുപോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് സലഫികള്‍. ഇവരുടെ കൂട്ടായ്മയാണ് സലഫി പ്രസ്ഥാനം. ഇവര്‍ ഏതെങ്കിലും വിശ്വാസസരണി(അഖീദ)യെയോ കര്‍മസരണിയെ(മദ്ഹബ്)യോ അന്ധമായി അനുകരിക്കുന്നില്ല. പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. ഉത്തമ നൂറ്റാണ്ടിലെ മുഴുവന്‍ പേരെയും മാതൃകാപുരുഷരായി കാണുന്നില്ല. പിന്‍ തലമുറയിലെ എല്ലാവരെയും മാതൃകയില്ലാത്തവരെന്ന് പറഞ്ഞ് തള്ളുന്നുമില്ല. തികച്ചും മധ്യമ നിലപാട്. ചുരുക്കത്തില്‍ മൂന്ന് ഉത്തമ തലമുറകളാണ് സലഫുകള്‍. 

വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വീകരിച്ച് ജീവിതം നയിക്കുന്നതില്‍ 'സലഫി'ന്റെ മാതൃക എന്നാണ് 'സലഫികള്‍' എന്നത് കൊണ്ടര്‍ഥമാക്കുന്നത്. സലഫി എന്നത് ഒരു പ്രത്യേക മദ്ഹബോ ചിന്താസരണിയോ അല്ല. വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വീകരിക്കുന്നതിന്റെ രീതിശാസ്ത്രമാണ് എന്ന് പറയാം. അത്തരം ആളുകളുടെ കൂട്ടായ്മകള്‍ക്ക് സലഫി പ്രസ്ഥാനം എന്ന് പറയപ്പെടുന്നു എന്ന് മാത്രം. ഈ ആശയം സ്വീകരിക്കുന്നവര്‍ പില്കാലത്തും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ 'സലഫികള്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യത്യസ്ഥ സംഘങ്ങളും പ്രസ്ഥാനങ്ങളും വ്യത്യസ്ഥ രാജ്യങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. 


 

Feedback