Skip to main content

സലഫി പണ്ഡിതര്‍

'സലഫി' എന്നത് ഒരു പ്രത്യേക ആദര്‍ശമോ ആശയധാരയോ അല്ല. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഏത് കാലത്ത് ജീവിച്ചവരുംസലഫികള്‍ തന്നെ. ആരെയും അന്ധമായിപിന്‍പറ്റാതെവിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രചരിപ്പിച്ച പണ്ഡിതന്മാരും സലഫികള്‍ തന്നെ. ഇവര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ച മുഹദ്ദിസുകളും മുഫസ്വിറുകളും ഫഖീഹുകളും എല്ലാം സലഫിന്റെ നിലപാട് പിന്‍തുടര്‍ന്നവരായിരുന്നു.
 
നജ്ദിലെ ശൈഖ് മുഹമ്മദു ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശമാര്‍ജിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ സലഫി ആശയങ്ങള്‍ മുളപൊട്ടുകയുണ്ടായി. ഇതില്‍ എടുത്തുപറയേണ്ട മൂന്ന് നാമങ്ങളാണ് സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയും, ശൈഖ് മുഹമ്മദ് അബ്ദുവും, സയ്യിദ് റശീദ് രിദായും. 

പതിനെട്ടാം നൂറ്റാണ്ടില്‍, ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയും സയ്യിദ് അഹ്മദ് ബറേല്‍വിയും സയ്യിദ് ഇസ്മാഈലും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ഒപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും വേണ്ടി പോരാടിയ ഭാരതീയരാണ്. മൗലാനാ ശിബ്‌ലി നുഅ്മാനിക്കും സയ്യിദ് സുലൈമാന്‍ നദ്‌വിക്കും മൗലാനാ അബുല്‍കലാം ആസാദിനും പ്രചോദനം നല്‍കിയതും സലഫി ആദര്‍ശധാര തന്നെയായിരുന്നു.

സയ്യിദ് സനാഉല്ല അമൃതസരി അഹ്‌ലേ ഹദീസ് പ്രസ്ഥാനത്തെ നയിച്ച ഇന്ത്യന്‍ പണ്ഡിതനും കെ എം മൗലവി, വക്കം മൗലവി മുതലായവര്‍ മലയാളക്കരക്ക് സലഫി പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയ പണ്ഡിതവരേണ്യരുമാണ്.

സുഊദി അറേബ്യയിലെ ശൈഖ് അബ്ദുല്‍ അസീസ് ബ്‌നു ബാസ്, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, ഇന്ത്യയിലെ അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവര്‍ ആധുനിക കാലത്തെ തലയെടുപ്പുള്ള ലോക സലഫി പണ്ഡിതരായിരുന്നു. പ്രഭാഷണങ്ങള്‍, പഠന ക്ലാസുകള്‍, ഉന്നത സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും ആശയാദര്‍ശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും അറിവില്ലായ്മ മൂലം ജനങ്ങളില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളെയും ജീര്‍ണതകളെയും വിപാടനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഈ പണ്ഡിതന്‍മാരെല്ലാം. ഓരോ കാലത്തും ഉന്നത മഹത്തുക്കളായ അനേകം മഹാപണ്ഡിതന്‍മാര്‍ ഉണ്ടായിട്ടുണ്ട്. 

 


 

Feedback