Skip to main content

പ്രമുഖ സലഫി സംഘടനകള്‍

ലോകത്ത് എല്ലാ വന്‍കരകളിലും സലഫി പ്രസ്ഥാനം വിവിധ നാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരും മാതൃകയുള്‍കൊള്ളുന്നത് ഉത്തമ തലമുറകളില്‍ മാതൃകാപരമായി ജീവിച്ച സലഫുകളില്‍ നിന്നാണ് അറബ് രാജ്യങ്ങളായ സുഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, സിറിയ, യു എ ഇ എന്നിവിടങ്ങളിലേക്കെല്ലാം ഹിജാസില്‍ നിന്നാണ് സലഫി ആശയം പ്രചരിച്ചത്. ഇവിടങ്ങള്‍ ഇന്നും സലഫി ആദര്‍ശ ധാരയാല്‍ സമ്പന്നമാണ്.

ജമാലുദ്ദീന്‍ അഫ്ഗാനിയിലൂടെ സലഫി ആദര്‍ശം പരിചയപ്പെട്ട ഈജിപ്തില്‍ അന്‍സ്വാറുസ്സുന്നത്തില്‍ മുഹമ്മദിയ്യയാണ് സലഫി ആദര്‍ശക്കൂട്ടായ്മ. സുഡാനിലും ഇതുതന്നെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അവിടത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനം കൂടിയായ സനൂസി പ്രസ്ഥാനമാണ് സലഫിന്റെ മാര്‍ഗത്തില്‍ പ്രബോധന വീഥിയിലുള്ളത്. അള്‍ജീരിയയില്‍ മുസ്‌ലിം ജംഇയ്യത്തുല്‍ ഉലമ, നൈജീരിയയില്‍ ജമാഅത്തു ഇഹ്‌യാഇസ്സുന്ന, ഇന്തോനേഷ്യയില്‍ ജംഇയ്യത്തുല്‍ മുഹമ്മദിയ്യ, അമേരിക്കയില്‍ മുസ്‌ലിം സൊസൈറ്റി, ബ്രിട്ടനില്‍ ജംഇയ്യത്തു അഹ്‌ലേ ഹദീസ് എന്നിവയെല്ലാം സലഫി ആദര്‍ശ പ്രബോധക സംഘങ്ങളാണ്.

പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിജി എന്നിവിടങ്ങളിലും ഇന്ത്യയിലും അഹ്‌ലേ ഹദീസ് എന്ന പേരിലാണ് സലഫി കൂട്ടായ്മയുള്ളത്. എന്നാല്‍ താരതമേന്യ മുസ്‌ലിം ഉദ്ബുദ്ധത കൂടുതലുള്ള കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനമാണ് പ്രവര്‍ത്തന രംഗത്തുള്ളത്.


 


 

Feedback