Skip to main content

മദ്‌റസത്തുല്‍ മുഹമ്മദിയ്യ, കോഴിക്കോട്

മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ച സംഘമാണ് 1918 ല്‍ സ്ഥാപിതമായ 'അന്‍സാറുല്‍ ഇസ്‌ലാം ബി തഅ്‌ലീമില്‍ അനാം' സംഘം (മുഹമ്മദന്‍ എഡുക്കേഷന്‍ അസോസിയേഷന്‍). കാമാക്കന്റകത്ത് കുഞ്ഞഹ്മദ് ഹാജി, വലിയകത്ത് അലി ബറാമി, കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജി എന്നിവരായിരുന്നു സ്ഥാപക നേതാക്കള്‍.

1918 ല്‍ രജിസ്റ്റര്‍ ചെയ്ത 'അന്‍സാറുല്‍ ഇസ്‌ലാം ബി തഅ്‌ലീമില്‍ അനാം' കമിറ്റിയുടെ കീഴിലാണ് മുഹമ്മദിയ്യ സ്‌കൂള്‍ ആരംഭിച്ചത്. ഒമ്പത് വിദ്യാര്‍ഥികളും രണ്ടു അധ്യാപകരുമായിട്ടായിരുന്നു തുടക്കം. പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും സ്‌കൂള്‍ വളര്‍ന്ന് 17 അധ്യാപകരും 430 വിദ്യാര്‍ഥികളുമായി. ഒരു മിഡില്‍ സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 1947ല്‍ പൂര്‍ണ ഹൈസ്‌കൂളായി. 1950ല്‍ സ്‌കൂളിലെ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. ഇതാണ് മലബാറില്‍ തലയുയര്‍ത്തി നില്ക്കുന്ന എം.എം.ഹൈസ്‌കൂള്‍.

പ്രഗദ്ഭരായ അധ്യാപകരുടെ സേവനത്താല്‍ ഈ സ്ഥാപനം അനുഗൃഹീതമായി. എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, പി.കെ മൂസാ മൗലവി, സ്വാലിഹ് മൗലവി, പി.സി മുഹമ്മദ് ഹനീഫ, എ.കെ.ജി, പി.ആര്‍ നമ്പ്യാര്‍, പി.വി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നു.

മലബാറിലെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാലയാമായിരുന്നു മദ്‌റസത്തുല്‍ മുഹമ്മദിയ്യ. ലക്ഷദ്വീപില്‍ നിന്നു പോലും വിദ്യാര്‍ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

വിലാസം:

എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
ഫ്രാന്‍സിസ് റോഡ്, കോഴിക്കോട്
പിന്‍: 673003
ഫോണ്‍: 04952300698
വെബ്‌സൈറ്റ്: http://www.mmvhss.org
 

Feedback