Skip to main content

അറബിക്കോളേജുകള്‍

കേരളത്തിലെ അറബി ഭാഷാ പഠന രംഗത്ത് വിപ്ലവാത്മകമായ വളര്‍ച്ചക്ക് നേതൃത്വം നല്കിയത് അറബിക്കോളേജുകളാണ്. പള്ളി ദര്‍സുകളുടെ കാലികമായ പരിഷ്‌കരണ രൂപമാണ് അറബിക് കോളെജുകള്‍. 


പ്രാചീന-ആധുനിക അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പഠനം, അറബി വ്യാകരണം, ഭാഷാശാസ്ത്രം, ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഹദീസ്, മുസ്തലഹുല്‍ ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ചരിത്രം, ഇംഗ്ലീഷ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നുണ്ട്. 


1942 ജനുവരി അഞ്ചാം തിയ്യതി മഞ്ചേരിക്കടുത്ത് ആനക്കയത്ത് സ്ഥാപിതമായ റൗദത്തുല്‍ ഉലൂമാണ് കേരളത്തിലെ ആദ്യത്തെ അറബിക്കോളെജ്. മൗലാനാ അബുസ്സബാഹ് മൗലവിയായിരുന്നു സ്ഥാപകന്‍. സൗകര്യാര്‍ഥം റൗദത്തുല്‍ ഉലൂം പിന്നീട് ഫറോഖിലേക്ക് മാറ്റപ്പെട്ടു. 


ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത മദ്‌റസയായ വാഴക്കാട് ദാറുല്‍ ഉലൂം 1944 ല്‍ 'കുല്ലിയ്യത്ത്' എന്ന പേരു സ്വീകരിച്ച് അറബിക് കോളെജാക്കി മാറ്റി. കാസര്‍ഗോഡ് ജില്ലയിലെ ആലിയ അറബിക് കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, അരീക്കോട് സുല്ലമുസ്സലാം, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ എന്നിവയും ആദ്യകാല അറബിക് കോളെജുകളില്‍ പെട്ടവയാണ്.


സര്‍ക്കാര്‍ അംഗീകാരമുള്ള 11 അറബിക് കോളെജുകള്‍ക്കു പുറമെ 150 ഓളം അറബിക് കോളെജുകള്‍ കേരളക്കരയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നുണ്ട്.
 

Feedback