Skip to main content

പ്രപഞ്ചം: ഉത്ഭവം വികാസം അന്ത്യം

ഈ പ്രപഞ്ചം അനന്തമാണോ? അനാദി കാലം മുതല്‍ അത് ഇവിടെ നിലനില്‍ക്കുന്നുണ്ടോ? അല്ല എന്നാണ് ഉത്തരമെങ്കില്‍ എന്നാണ് ഈ പ്രപഞ്ചം ആവര്‍ഭവിച്ചത്? എന്നെങ്കിലും അതിന് ഒരു അന്ത്യമുണ്ടാകുമോ? ഈ ചോദ്യങ്ങള്‍ക്ക് മാനവരാശിയോളം പഴക്കമുണ്ട്. മതങ്ങളും തത്വശാസ്ത്രങ്ങളും അതിന് മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഗോള ശാസ്ത്രത്തിന് ഈ വിഷയത്തില്‍ എന്താണ് പറയാനുളളത്?

ഖഗോള ശാസ്ത്രം എന്ന് പറഞ്ഞാല്‍ അത് നക്ഷത്രങ്ങള്‍, ഗോളങ്ങള്‍, ഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഗാലക്‌സികള്‍ തുടങ്ങിയവയെക്കുറിച്ചുളള പഠനമാണ്. ആകാശ പിണ്ഡങ്ങളുടെ ചലനത്തെക്കുറിച്ചും അന്തരീക്ഷ പാളിക്കപ്പുറത്ത് അരങ്ങേറുന്ന രാസ ഊര്‍ജ്ജ പ്രതിഭാസങ്ങളെകുറിച്ചുമാണ് ഗോള ശാസ്ത്രം പഠനം നടത്താറുളളത്. എന്നാല്‍ ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചോ അതിന് പിന്നിലെ ദിവ്യ കരങ്ങളെ സംബന്ധിച്ചോ ചിന്തിക്കാനും പഠിക്കാനും പൊതുവെ നാസ്തികരായ ശാസ്ത്രജ്ഞര്‍ ഉത്സാഹം കാണിക്കാറില്ല. 

ചരിതം പരിശോധിക്കുകയാണെങ്കില്‍ ബി.സി.ഇ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അരിസ്റ്റാര്‍ക്കസ് (Aristarchus) എന്ന ഗ്രീക്ക് ഗോള ശാസ്ത്രജ്ഞനാണ് പ്രപഞ്ചത്തിന്റെ രൂപ മാതൃക ആദ്യമായി വിഭാവനം ചെയ്തത്. അദ്ദേഹത്തിന്റെ തത്വപ്രകാരം ഭൂമി സ്വയം അച്ചുതണ്ടിലും സൂര്യന് ചുറ്റും ഇതര ഗ്രഹങ്ങളോടൊപ്പവും കറങ്ങുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. പ്രപഞ്ചത്തെക്കുറിച്ച് മാനവ ചരിത്രത്തിലെ ഏറ്റവും പഴക്കമുളള ശാസ്ത്ര നിഗമനമാണിത്. സി.ഇ പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍ നിക്കസിന് പോലും ഇത് പ്രചോദനമായിട്ടുണ്ട്. എന്നാല്‍ അരിസ്റ്റാര്‍ക്കസിന്റെ ഈ തത്വം പൊതു ധാരണക്ക് എതിരായത് കൊണ്ട് പ്രസ്തുത തത്വത്തിന് പ്രചാരം ലഭിക്കാതെ പോകുകയാണുണ്ടായത്. 

bigbang

സി.ഇ രണ്ടാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത ടോളമിയുടെ(Ptolemy)തത്ത്വ പ്രകാരം ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രവും സൂര്യനും ഇതര ഗ്രഹങ്ങളും അതിനെ ചുറ്റി കൊണ്ടിരിക്കുകയുമാണ്. പതിനേഴാം നൂറ്റാണ്ട് വരെ യൂറോപ്യന്‍-മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ അവലംബം ടോളമിയുടെ സിന്താന്തങ്ങള്‍ തന്നെയായിരുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെ ഗ്രന്ഥം സുറിയാനിയില്‍ നിന്ന് അറബി ഭാഷയിലേക്കും പിന്നീട് അറബിയില്‍ നിന്ന് ലാറ്റിന്‍ ഭാഷയിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. പൊതു ധാരണയ്ക്കും അരിസ്‌റ്റോട്ടിലിന്റെ അഭിപ്രായങ്ങള്‍ക്കും അനുഗുണമായത് കൊണ്ട് ഈ തത്വങ്ങള്‍ക്ക് പ്രചുരപ്രചാരം ലഭിച്ചു. സി.ഇ അഞ്ചാം നൂറ്റാണ്ടില്‍ ഭാരതീയ ഗോള ശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ട, ഭൂമി ചലിക്കുന്നതും ആകാശം നിശ്ചലവുമാണെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. 

സി.ഇ എട്ടാം നൂറ്റാണ്ടിലാണ് മുസ്‌ലിം ശാസ്ത്രജ്ഞര്‍ ഗോള നിരീക്ഷണം ആരംഭിച്ചത്. ഈ നിരീക്ഷണങ്ങള്‍ പില്കാലത്ത് കോപ്പര്‍നിക്കസില്‍ പ്പോലും  സ്വാധീനം ചെലുത്തിയിട്ടുണ്ട്. അരിസ്റ്റാര്‍ക്കസിന്റെ പ്രപഞ്ച മാതൃകയില്‍ അവര്‍ ഒരു അസ്റ്റര്‍ലാബ് (Astrolabe) രൂപകല്പന ചെയ്തു. ഹിജ്‌റ 415ല്‍ അന്തരിച്ച സിജ്‌സി എന്ന പേരിലറിയപ്പെടുന്ന അബൂ സഈദ് അഹ്മദ് ബിന്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അസ്സജസ്സ്താനിയാണ് അത് നിര്‍മിച്ചത്. കോപ്പര്‍ നിക്കസിന് അഞ്ച് നൂറ്റാണ്ട് മുമ്പ് ഭൂമി കറങ്ങുന്നുണ്ടെന്ന് സമര്‍ഥിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം. 

ഹിജ്‌റ 440 ല്‍ അന്തരിച്ച പ്രസിദ്ധ സഞ്ചാരിയും ഗോള ശാസ്ത്രജ്ഞനും ഭൗമശാസ്ത്രജ്ഞനും ചരിത്ര കാരനുമായിരുന്ന അല്‍ബിറൂനി തന്റെ കാനൂനുല്‍ മസ്ഊദി എന്ന ഗ്രന്ഥത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭൂമി ഗോളാഗൃതിയിലാണെന്നും അത് സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടെന്നും സമര്‍ഥിക്കുകയുണ്ടായി. സി.ഇ പതിനഞ്ചാം നൂറ്റാണ്ടില്‍ ഉലുഗ് ബേഗ് എന്ന മുഗള്‍ സുല്‍ത്താന്‍ ഇന്നത്തെ ഉസ്ബകിസ്താനായ സമര്‍ക്കന്ധിനെ ഒരു വൈജ്ഞാനിക കേന്ദ്രമാക്കുകയും അവിടെ ഒരു ഗോള നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് ശാസ്ത്രജ്ഞരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ടോളമിയുടെ ഗോളശാസ്ത്ര തത്വങ്ങള്‍ പലതും അബദ്ധമാണെന്ന് അദ്ദേഹം തെളിയിക്കുകയുണ്ടായി. 

സി.ഇ പതിനാറാം നൂറ്റാണ്ടിലാണ് നിക്കോളാസ് കോപ്പര്‍ നിക്കസ് രംഗപ്രവേശം ചെയ്തത്. പോളണ്ടിലെ പുരോഹിതനും ഗോള,ഗണിത ശാസ്ത്രജ്ഞനും ദാര്‍ശനികനുമായിരുന്ന അദ്ദേഹം ഭൂമി സ്വയം അച്ചു തണ്ടിലും സൂര്യന് ചുറ്റിലും കറങ്ങുന്നുണ്ടെന്ന് കണ്ടെത്തി. അങ്ങനെ പ്രപഞ്ച വിജ്ഞാനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത് അദ്ദേഹമാണ്. എന്നാല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ ഗോള ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി വരുന്നത് വരെ കോപ്പര്‍ നിക്കസിന്റെ പ്രപഞ്ച വീക്ഷണം കേവലം ഒരു സങ്കല്പം മാത്രമായി അവശേഷിച്ചു. നിക്കസിന്റെ തത്വം ഗലീലിയോ പ്രചരിപ്പിക്കുകയും, സഭയുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്ന നിക്കസിനെ അദ്ദേഹം പ്രതിരോധിക്കുകയും ചെയ്തു. ഗലീലിയോ നിര്‍മിച്ച ഒരു ദൂരദര്‍ശിനിയുടെ സഹോയത്തോടെ അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് തെളിവ് കണ്ടെത്തുകയും കോപ്പര്‍ നിക്കസിന്റെ വീക്ഷണത്തേക്കാളും വിശാലമായ ഒരു പ്രപഞ്ചം കണ്ടെത്തുകയും ചെയ്തു. ക്ഷീരപഥത്തിലെ നിക്ഷത്രങ്ങളെ കണ്ടെത്താന്‍ അദ്ദേഹത്തെ സഹായിച്ചത് തന്റെ ദൂരദര്‍ശിനിയാണ്. അതിന് മുമ്പ് അത് ഒരു ധൂമപടലമാണ് എന്ന ധാരണയാണുണ്ടായിരുന്നത്. 

ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന്റെ (1642-1727) ആഗമനമാണ് ശാസ്ത്ര വിപ്ലവത്തിന് നാന്ദി കുറിച്ചത്. റോയല്‍ സൊസൈറ്റിയുടെ ചെയര്‍മാനായ അദ്ദേഹം കാമ്പ്രിട്ജ് സര്‍വകാലശാലയിലെ ഗണിതശാസ്ത്രം അധ്യാപകനായിരുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണ് എന്ന തത്വത്തിന് എതിരായ മുഴുവന്‍ സംശയങ്ങളും അദ്ദേഹം ദുരീകരിക്കുകയുണ്ടായി. പിന്നീട് മൂന്ന് നൂറ്റാണ്ടുകളോളം ഭൗതിക ശാസ്ത്രജ്ഞന്മാരെ അടക്കി ഭരിച്ചത് ന്യൂട്ടന്റെ ചലന ആകര്‍ഷണ സിദ്ധാന്തങ്ങളായിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങള്‍ രംഗത്ത് വരികയും ന്യൂട്ടന്റെ പൌരാണിക ഊര്‍ജ്ജതന്ത്ര തത്വങ്ങള്‍ തിരുത്തിയെഴുതി നവീന ഊര്‍ജ്ജതന്ത്ര തത്ത്വങ്ങള്‍ ആവഷ്‌ക്കരിക്കുകയും ചെയ്തു. പ്രകാശത്തിന് സ്ഥിരമായ ഒരു വേഗതയുണ്ടെന്നും അതിന്റെ സഞ്ചാരത്തിന് ശബ്ദ തരംഗങ്ങളുടെ സഞ്ചാരത്തിനെന്ന പോലെ ഒരു മാധ്യമമാവശ്യമില്ലെന്നും അദ്ദേഹം സമര്‍ഥിച്ചു. പ്രപഞ്ച വിജ്ഞാന രംഗത്ത് വിപ്ലവകരമായ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. 

പ്രപഞ്ചം സ്ഥിരമായി നിലനില്ക്കുന്നു എന്ന വിശ്വാസമാണ് ഇരുപതാം നൂറ്റാണ്ടുവരെ ശാസ്ത്രജ്ഞന്മാര്‍ വെച്ചു പുലര്‍ത്തിയിരുന്നത്. പ്രപഞ്ചം അനാദികാലം മുതല്‍ ഉണ്ടെന്നും അത് അനന്തമായി നിലനില്ക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. ക്ഷീരപഥത്തിനപ്പുറം വാതക പടലമാണെന്നായിരുന്നു അവരുടെ സിദ്ധാന്തം. 1920 ല്‍ പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ച് ഗോള ശാസ്ത്രജ്ഞര്‍ രണ്ടായി തിരിഞ്ഞ് സംവാദം നടത്തി. ക്ഷീരപഥത്തിന് അപ്പുറം കാര്യമായി ഒന്നുമില്ലെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ ക്ഷീരപഥം ഒന്നുമല്ലെന്നും അതിന് പുറകില്‍ പ്രവിശാലമായ ലോകമുണ്ടെന്നും മറു പക്ഷം വാദിച്ചു. 

പ്രപഞ്ചഘടനയെക്കുറിച്ചുളള വാഗ്വാദങ്ങള്‍ തുടരുന്നതിനിടയാലാണ് എഡ്‌വിന്‍ ഹബ്ള്‍ (Edwin Hubble) കടന്നുവന്നത്. ക്ഷീരപഥം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വലുതാണെന്നും അതിനപ്പുറം വേറെയും ഗാലക്‌സികളുണ്ടെന്നും അദ്ദേഹം തെളിവ് സഹിതം തെളിയിച്ചു. അക്കാലത്ത് ഒമ്പത് ഗാലക്‌സികളുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. പ്രപഞ്ചം വികസിക്കുന്നുണ്ടെന്നും ഗാലക്‌സികള്‍ തമ്മില്‍ അകലുന്നുണ്ടെന്നും 1929ല്‍ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഗാലക്‌സികള്‍ അകലുന്ന വേഗത അവ തമ്മിലുളള അകല്‍ച്ച കൂടുന്നതിനനുസരിച്ച് വര്‍ധിക്കുന്നുവെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശാസ്ത്ര ലോകത്തെ പിടിച്ചു കുലുക്കി.

പ്രപഞ്ച വികാകസത്തെക്കുറിച്ചുളള ഹബിളിന്റെ തത്വത്തില്‍ നിന്ന് ബോധനം ഉള്‍കൊണ്ട് ബല്‍ജിക്കന്‍ കത്തോലിക്കാ പുരോഹിതനും ഊര്‍ജ്ജ തന്ത്ര-ഗോള ശാസ്തജ്ഞനുമായ ജോര്‍ജ്ജ് ലോമ്ടര്‍ (Georges Henri Joseph Édouard Lema\ptre) മഹാവിസ്‌ഫോടന തത്വത്തിന് ബീജാവാപം നല്‍കി. മതവും ശാസ്ത്രവും പഠിച്ച ഇദ്ദേഹമാണ് വികസിച്ച് കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഒരു കേന്ദ്രബിന്ദുവില്‍ നിന്നും മഹാവിസ്‌ഫോടനത്തിലൂടെ രൂപപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഭൂരിഭാഗം ഗോളശാസ്ത്രജ്ഞരും അംഗീകരിക്കുന്ന ഈ വിസ്‌ഫോടന സിദ്ധാന്തം ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും അനുയോജ്യമാണ്. സൂറത്തുല്‍ അമ്പിയാഅ് 30ാം വചനത്തില്‍ ഇപ്രകാരം കാണാം. 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യ നിഷേധികള്‍ കണ്ടില്ലേ. വെളളത്തില്‍ നിന്ന് എല്ലാ ജീവ വസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ'. 

ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെകുറിച്ച്  ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ ഒരു സൂക്തത്തിന്റെ ശകലത്തിലൂടെ ഖുര്‍ആന്‍ വിശദീകരിക്കുന്നതായി കാണാം. പ്രസ്തുത വചനത്തില്‍ റത്ഖ് എന്ന ഒരു പദം കാണാം അതിനര്‍ഥം പല വസ്തുക്കള്‍ കൂടിച്ചേര്‍ന്നത് എന്നാണ്. പ്രപഞ്ചം അതിന്റെ പ്രഥമ പിണ്ഡമായിരിക്കെ ദൃശ്യവും അദൃശ്യവുമായി പല വസ്തുക്കള്‍ ചേര്‍ന്നതായിരുന്നു. മറ്റൊരു പദം ഫതഖ എന്നാണ്. അതിനര്‍ഥം ശക്തമായി പിളര്‍ത്തുക എന്നാണ്. മഹാ വിസ്‌ഫോടനം ഒരു ശക്തമായ പൊട്ടിപ്പിളരലായിരുന്നു. 
.

Feedback