Skip to main content

പ്രപഞ്ചഘടന

ഗാലക്‌സികള്‍ കൂടിച്ചേര്‍ന്നാണ് പ്രപഞ്ചം രൂപം കൊളളുന്നത്. ഓരോ ഗാലക്‌സിയിലും മില്യണ്‍ കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ടായിരിക്കും. ദൃശ്യ പ്രപഞ്ചത്തില്‍ ഇരുനൂറ് ബില്യണ്‍ ഗാലക്‌സികളുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ട്    . അവ ട്രില്യണ്‍ കണക്കിന് വരുമെന്ന് വേറെ ചില കണ്ടെത്തെലുകള്‍ പ്രവചിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ വ്യാപ്തി അതിവിശാലമാണ്. പ്രകാശ വര്‍ഷങ്ങള്‍കൊണ്ടാണ് അത് കണക്കാക്കുന്നത്. ഒരു വര്‍ഷത്തില്‍ പ്രകാശം 9 ട്രില്യണ്‍ കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. ഗാലക്‌സികളുടെ കൂട്ടങ്ങളും പ്രപഞ്ചത്തിലുണ്ട്. അവ തമ്മില്‍ പരസ്പരം ബന്ധിക്കുന്ന ബന്ധനങ്ങളുണ്ട്.
 
ഗാലക്‌സികളെ അതിന്റെ ആകൃതിയനുസരിച്ച് നാല് പ്രധാന വിഭാഗമായി തിരിച്ചിട്ടുണ്ട്. അവയിലെല്ലാം പ്രധാനമായിട്ടുളളത് നക്ഷത്രങ്ങളാണ്. കുള്ളന്‍ ഗാലക്‌സികളില്‍ മില്യണ്‍ കണക്കിന് നക്ഷത്രങ്ങളും കൂറ്റന്‍ ഗാലക്‌സികളില്‍ ട്രില്യണ്‍ കണക്കിന് നക്ഷത്രങ്ങളുമുണ്ടാകും. ഭൂമിയോട് ഏറ്റവും അടുത്തതായി ഈയടുത്ത് കണ്ടെത്തിയ കുള്ളന്‍ ഗാലക്‌സി കാനിസ് മേജര്‍ കുള്ളന്‍ ഗാലക്‌സിയാണ്. (Canis Major Dwarf Galaxy). നൂറ് കോടി നക്ഷത്രങ്ങള്‍ ഉള്‍ക്കൊളളുന്ന ഈ ഗാലക്‌സി നമ്മില്‍ നിന്ന് ഇരുപത്തി അയ്യായിരം പ്രകാശ വര്‍ഷങ്ങള്‍ അകലെയാണ്. കൂറ്റന്‍ ഗാലക്‌സിയായി എണ്ണപ്പെടുന്ന (IC 1101) 107 ബില്യണ്‍ പ്രകാശ വര്‍ഷം അകലെയാണ്. ഏകദേശം 6 മില്യണ്‍ പ്രകാശ വര്‍ഷം വ്യാപ്തിയുളള ഈ ഗാലക്‌സി വലിപ്പത്തിന്റെ കാര്യത്തില്‍ വമ്പനാണ്. ഇതില്‍ നൂറ് ട്രില്യണ്‍ നക്ഷത്രങ്ങളെങ്കിലുമുണ്ടാകും. 

നക്ഷത്രം എന്നത് പ്ലാസ്മയുടെ ഒരു കൂറ്റന്‍ ഗോളമാണ്. സ്വയം പ്രകാശിക്കുന്നതും തിളങ്ങുന്നതും വികിരണം അതിന്റെ ആന്തരിക ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉരുത്തിരിഞ്ഞതും ഗുരുത്വാകര്‍ഷണത്താല്‍ ഒന്നിച്ചുചേര്‍ക്കുന്നതുമാണ്. ആറ്റങ്ങള്‍ കൂടിച്ചേരുമ്പോള്‍ അതില്‍ ഉണ്ടാകുന്ന ന്യൂക്ലിയര്‍ എനര്‍ജിയില്‍ നിന്നാണ് നക്ഷത്രത്തിന് അതിന്റെ തെളിച്ചം ലഭിക്കുന്നത്. ഹൈഡ്രജന്‍ പരസ്പരം ഹൈഡ്രജനേക്കാള്‍ ഭാരമുള്ള മൂലകങ്ങള്‍ ഉണ്ടാക്കുന്നു. ഹീലിയം, ലിഥിയം, തുടങ്ങിയ ഘടകങ്ങള്‍ പോലെ. ഇത്തരം പ്രതി പ്രവര്‍ത്തനങ്ങളെ ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന് പറയുന്നു. പ്രകാശ രശ്മികളായി നമ്മളിലെത്തുന്ന അവ ധാരാളം താപം ഉത്പാദിപ്പിക്കുന്നു. ദൃശ്യപ്രകാശത്തിന് പുറമേ ഇന്‍ഫ്രാറെഡ് രശ്മികള്‍, അള്‍ട്രാവയലറ്റ്, എക്‌സ്-റേ, ഗാമാ കിരണങ്ങള്‍ പോലുള്ള മനുഷ്യനേത്രങ്ങള്‍ക്ക് അദൃശ്യമായ വികിരണ രൂപങ്ങളും  നക്ഷത്രങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. നക്ഷത്രത്തിന്റെ മറ്റു മുഖ്യ ഘടകങ്ങള്‍ അയോണൈസ്ഡ് ഹൈഡ്രജനും അയോണൈസ്ഡ് ഹീലിയവുമാണ്. ശത കോടി കണക്കിന് നക്ഷത്രങ്ങളില്‍ വളരെ ചെറിയ വിഭാഗം മാത്രമ നഗ്ന നേത്രങ്ങള്‍ കൊണ്ട് കണാന്‍ കഴിയുകയുളളൂ.
 
നക്ഷത്രങ്ങളുടെ താപം

ന്യൂക്ലിയര്‍ ഫ്യൂഷന്റെ തോതനുസരിച്ച് നക്ഷത്രങ്ങളുടെ താപനില വ്യത്യാസപ്പെടുന്നുണ്ട്. നക്ഷത്രങ്ങളുടെ നിറം നോക്കി അവയുടെ താപനിലയുടെ തോത് മനസിലാക്കാം. ഏറ്റവും ശക്തമായ ചൂടുളള നക്ഷത്രങ്ങളുടെ വര്‍ണം നീലയോ നീല കലര്‍ന്ന വെളളയോ ആയിരിക്കും. മഞ്ഞ ഓറഞ്ച് നിറങ്ങളിലുളളത് താരതമ്യേന ചൂട് കുറഞ്ഞവയായിരിക്കും. ചൂട് ഏറ്റവും കുറവുളളത് ചുവപ്പ് വര്‍ണമാണ്. ഇതെല്ലാം ബാഹ്യതലത്തിലുളള താപത്തിന്റെ കാര്യമാണ് എന്നാല്‍ അന്തര്‍ഭാഗത്ത് അവ മില്യണ്‍ കണക്കിന് ചൂടുളളവയായിരിക്കും.
 
നക്ഷത്രങ്ങളുടെ ഇനങ്ങള്‍

നക്ഷത്രങ്ങളുടെ വലിപ്പവും ആകാരവും പരിഗണിച്ച് അവയെ പല തരങ്ങളായി തരിക്കുന്നുണ്ട്. പൊതുവെ ഏറ്റവും വലിയത് Super Giants (സൂപ്പര്‍ജയ്ന്റ്)  നക്ഷത്രങ്ങളാണ്. എത്രത്തോളമെന്നാല്‍ അവയിലൊന്നിനകത്ത് മീഡിയം വലിപ്പത്തിലുളള 30 മില്യണ്‍ നക്ഷത്രങ്ങള്‍ ഉള്‍ കോളളാന്‍ വ്യാപ്തിയുളളതാണ്. അത് ഭൂമിയില്‍ നിന്ന് ഏകദേശം 640 പ്രകാശ വര്‍ഷം അകലെയാണ്. അറിയപ്പെട്ടതില്‍ ഏറ്റവും വലിയതായി ഗണിക്കപ്പെടുന്ന ഇതിന് സൂര്യനേക്കാള്‍ 950 ഇരട്ടി വലിപ്പമുണ്ട്. രണ്ടാമത്തേത് Giant star ജയ്ന്റ് സ്റ്റാര്‍ എന്ന പേരിലറിയപ്പെടുന്നതാണ്. മൂന്നാമത്തേത് Main sequence star എന്ന ഗണത്തില്‍ പ്പെട്ടതാണ് ആകാശത്തിലെ 80 ശതമാനം നക്ഷത്രങ്ങളും ഈ ഗണത്തിലാണ് ഉള്‍പെടുന്നത്. താരതമ്യേനെ വലിപ്പവും തിളക്കവും കുറഞ്ഞ മറ്റൊരു വിഭാഗമുണ്ട്. അവയെ കുള്ളന്‍ നക്ഷത്രങ്ങള്‍ അഥവാ Dwarf star എന്നാണ് വിളിക്കപ്പെടുന്നത്. അത് തന്നെ ചുവപ്പ് കുളളന്മാര്‍ വെളുത്ത കുളളന്മാര്‍ എന്നിങ്ങനെ രണ്ട് തരമുണ്ട്. അവയുടെ പിണ്ഡവും വലിപ്പവും സൂര്യനേക്കാളും ഭൂമിയേക്കാളും ചെറിയതാണ്. ന്യൂട്രോണ്‍ സ്റ്റാര്‍ എന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്.

galaxy

ക്ഷീര പഥം

പ്രപഞ്ചത്തില്‍ ഇരുനൂറ് ബില്യണ്‍ ഗാലക്‌സികളുളളതായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. വലിയ സര്‍പ്പിളാകൃതിയിലുളള ക്ഷീര പഥത്തില്‍ നൂറ് കണക്കിന് ബില്യണ്‍ നക്ഷത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവയിലൊന്നാണ് സൂര്യന്‍. ഇത് നമ്മുടെ ഗാലക്‌സിയാണെങ്കിലും അതിന്റെ  വിശദാംശങ്ങള്‍ ഗോള ശാസ്ത്രജ്ഞര്‍ക്ക് അജ്ഞാതമാണ്. അമ്പതോളം ചെറിയ ഗാലക്‌സികള്‍ ഉള്‍ക്കൊളളുന്ന ലോക്കല്‍ ഗ്രൂപ്പിലെ ഒരംഗമാണ് ക്ഷീരപഥം. 

സൗരയൂഥം

സൂര്യനും അതിന് ചുറ്റും കറങ്ങുന്ന എട്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന ഒരു കൂട്ടമാണ് സൗരയൂഥം. ഏകദേശം 170 ഉപഗ്രഹങ്ങളും എണ്ണമറ്റ ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, മറ്റ് മഞ്ഞുപാളികള്‍ എന്നിവയും അതിലുണ്ട്. അതോടൊപ്പം വളരെ ദുര്‍ബലമായ പൊടിയുടെയും വാതകത്തിന്റെയും വിശാലമായ വിസ്തൃത ലോകമാണത്. സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും പുരാതന ഗോള ശാസ്ത്രര്‍ജ്ഞര്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ കഴിഞ്ഞിരുന്നത് കൊണ്ട് അവരുടെ നിരീക്ഷണങ്ങളാണ് ആധുനിക ഗോള ശാസ്ത്രത്തിന് അടിത്തറ പാകിയത്. 

സൗരയൂഥത്തിന്റെ മധ്യത്തിലാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത് ആകര്‍ഷണ ശക്തി കൊണ്ട് അത് മറ്റുളളവയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സൂര്യനില്‍ നിന്നുളള ദൂരം അനുസരിച്ചാണ് ഗ്രഹങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അവ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപറ്റിയൂണ്‍ എന്നിവയാണ്. ഗ്രഹങ്ങള്‍ക്ക് ചുറ്റും സ്ഥിരമായ ഭ്രമണ പഥത്തില്‍ കറങ്ങുന്ന പിണ്ഡങ്ങളാണ് ഉപഗ്രഹങ്ങള്‍. ബുധന്‍ ശുക്രന്‍ ഒഴികെ മറ്റു ഗ്രഹങ്ങള്‍ക്കല്ലാം ഒന്നോ അതിലധികമോ ഉപഗ്രഹങ്ങളുണ്ട്. 1930 ലാണ് പ്ലൂട്ടോയെ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തിയത് എന്നാല്‍ 2006 ല്‍ അന്താരാഷ്ട്ര ജോതിശ്ശാസ്ത്ര യൂണിയന്‍ ഇതിനെയും മറ്റു പുതുതായി കണ്ടെത്തിയ വസ്തുക്കളെയും മറ്റൊരു വര്‍ഗീകരണത്തില്‍ ഉള്‍പെടുത്തി. 

സൂര്യന്‍

ക്ഷീര പഥത്തില്‍ ഏകദേശം നൂറ് ബില്യണ്‍ നക്ഷത്രങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും നമ്മോട് ഏറ്റവും അടുത്തുളളതും സൂര്യനാണ്. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം പ്രോക്‌സിമാ സെഞ്ചൊറി (Proxima Centauri)യാണ്. അത് ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്. ഭൂമിയില്‍ നിന്ന് അത് 40 ട്രില്യണ്‍ കിലോമീറ്റര്‍ അകലെയാണ്. സൂര്യന്‍ ചലിക്കുന്നില്ല എന്നാണ് ആദ്യം ധരിച്ചിരുന്നത്. 

എന്നാല്‍ ഇന്ന് ജോതിശ്ശാസ്ത്രജ്ഞര്‍ സൂര്യന്‍ സ്വയം കറങ്ങുന്നുണ്ടെന്നെന്നും ഏകദേശം 25–35 ദിവസങ്ങളില്‍ സുപ്രധാന ഭ്രമണം പൂര്‍ത്തിയാക്കുന്നുണ്ടെന്നും കണ്ടെത്തി. ക്ഷീര പഥത്തിന് ചുറ്റുമുളള അതിന്റെ ഭ്രമണ പഥത്തില്‍ അതിന്റെ ചലനത്തിന്റെ വേഗത സെക്കന്റില്‍ 250 കിലോമീറ്റര്‍ ആണ്. സൗരയൂഥത്തില്‍ സൂര്യന് ചുറ്റും തന്നെയാണ് ഭൂമിയും മറ്റുളളവയും കറങ്ങുന്നത്. ഖുര്‍ആന്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യന്‍ ചലിക്കുന്നുണ്ടെന്ന് പ്രസ്താവിക്കുകയുണ്ടായി. 'സൂര്യന്‍ അതിന് സ്ഥിരമായുളള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണ് അത് (യാസീന്‍:38). 

സൂര്യന്റെ പിണ്ഡത്തിന് ഭൂമിയേക്കാള്‍ മൂന്ന് ലക്ഷം ഇരട്ടി വലിപ്പമുണ്ട്. സൂര്യന്‍ ഊര്‍ജത്തിന്റെ കേന്ദ്രമാണ്. ഭൂമിയിലെ ജീവതത്തിന് ആവശ്യമായ പ്രകാശവും ഊര്‍ജവും നല്‍കുന്നത് സൂര്യനാണ്. ഈ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രക്രിയയിലൂടെയാണ്. രാസ വിശകലനത്തില്‍ സൂര്യന്റെ മുക്കാല്‍ ഭാഗവും ഹൈഡ്രജനാണ്. പിന്നീടുളളത് ഹീലിയമാണ്. വളരെ ചെറിയ അളവില്‍ ഓക്‌സിജന്‍ കാര്‍ബണ്‍ നിയോണ്‍ ഇരുമ്പ് തുടങ്ങിയവയുമുണ്ട്.
 
ഭൂമി 

സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹമാണ് ഭൂമി. സൂര്യനില്‍ നിന്ന് 150 മില്യണ്‍ കിലോമീറ്റര്‍ അകലെയുളള ഭൂമി ദീര്‍ഘ വൃത്താകൃതിയിലുളള ഭ്രമണ പഥത്തില്‍ കറങ്ങുന്നത് കൊണ്ട് ജീവികളുടെ ജീവിതത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷമാണ് അവിടെയുളളത്. ഭൂമിയിലെ ജല സാന്നിധ്യവും അന്തരീക്ഷ പാളിയും ജീവന്റെ നിലനില്പിന് അനിവാര്യമാണ്. ഓസോണ്‍ പാളി അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഭൂമി സ്വയം കറങ്ങുന്നതോടപ്പം സൂര്യന് ചുറ്റും ഒരു പ്രവശ്യം ചുറ്റാന്‍ 365 ദിവസം വേണ്ടി വരും. ഭൂമിയുടെ ഭ്രമണ അച്ചുതണ്ട് 23.4 ഡിഗ്രി ചെരിഞ്ഞത് കൊണ്ടാണ് ഋതുഭേദങ്ങള്‍ ഉണ്ടാകുന്നത്. സൗരയൂഥത്തിലെ സംവിധാനങ്ങള്‍ ഭൂമിയിലെ ജീവന്റെ നിലനില്പിന് വളരെ അത്യന്താപേക്ഷിതമാണ്. 

ഇക്കാര്യം ഖുര്‍ആന്‍ ധാരാളം വചനങ്ങളിലൂടെ സൂചിപ്പിക്കുന്നതായി കാണാം. അല്ലാഹു പറയുന്നു. 'ആകാശങ്ങളിലുളളതും ഭൂമിയിലുളളതുമെല്ലാം തന്റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്' (ജാഥിയ 13). 
 

Feedback