Skip to main content

ശാസ്ത്ര സങ്കല്‍പങ്ങള്‍

 പ്രപഞ്ചോത്പത്തിയെപ്പറ്റിയുള്ള ചര്‍ച്ച ആരംഭിക്കുന്നത് 1924 ലാണ്. ഗലീലിയോയുടെ കാലത്ത് തന്നെ ഈ വിശ്വാസം ഉണ്ടായിരുന്നുവെങ്കിലും 1935 ല്‍ മരണപ്പെട്ട അമേരിക്കന്‍ ഗോള ശാസ്ത്രജ്ഞനായ എഡ് വില്‍ ഹാബിലാണ് ഇത് തെളിവ് സഹിതം സമര്‍ഥിച്ചത്. പ്രപഞ്ചത്തില്‍ നമ്മുടെ ഗാലക്‌സി മാത്രമല്ലെന്നും ഒമ്പതോളം ഗലാക്‌സികളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. 1929 ല്‍ പ്രപഞ്ചം വികസിക്കുന്നുണ്ടെന്നും അദ്ദേഹം തെളിയിച്ചു. അതിന് മുമ്പ് പ്രപഞ്ചം സ്ഥിരമായ അവസ്ഥയില്‍ നിലകൊളളുന്നു എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ശാസ്തജ്ഞനായ അലക്‌സാന്‍ഡര്‍ ഫ്രഡ്മാന്‍ ഐന്‍സ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തമനുസരിച്ച് പ്രപഞ്ച വികാസത്തിന്റെ അനുപാതം കണ്ടെത്തി. ഈ കണ്ടു പിടുത്തങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ 1927ല്‍ ബെല്‍ജിയന്‍ കത്തോലിക്ക പുരോഹിതനായ ജോര്‍ജ് ലോമിറ്റര്‍ മഹാ വിസ്‌ഫോടന സങ്കല്പം പുറത്തു വിടുകയും വികസിക്കുന്ന പ്രപഞ്ചം അങ്ങേയറ്റം താപവും സാന്ദ്രതയുമുളള ഒരു പിണ്ഡത്തില്‍ നിന്ന് അറിയപ്പെടാത്ത കാരണങ്ങളാല്‍ പെട്ടെന്ന് പൊട്ടിത്തെറിച്ച് വികസിക്കാന്‍ തുടങ്ങയതാണെന്നും വെളിപ്പെടുത്തി.

1948 ല്‍ ഫ്രഡ്മാന്റെ ശിഷ്യനായിരുന്ന ജോര്‍ജ് ഗാമോഫ് മഹാ വിസ്‌ഫോടനത്തിന് ഒരു മാതൃക വിശദീകരിച്ചു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഈ പ്രപഞ്ചത്തിന്റെ പ്രാഥമിക പദാര്‍ഥം അങ്ങേയറ്റം ചെറുതായിരുന്നു. തീവ്രമായ താപം കൊണ്ട് അത് യാദൃഛികമായി വികസിക്കാന്‍ തുടങ്ങി. പിന്നീട് ആ പ്രാഥമിക പദാര്‍ഥത്തിലെ കണികകള്‍ പരസ്പരം കൂട്ടിമുട്ടി, ഭാരം കുറഞ്ഞ ആറ്റങ്ങളായ ഹൈഡ്രജന്‍, ഹീലിയം, ലീതിയം എന്നിവ രൂപപ്പെടുകയും പിന്നീട് ഗാലക്‌സികള്‍ രൂപം കൊളളുകയും ചെയ്തു. മഹാ വിസ്‌ഫോടനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ഉയര്‍ന്ന താപം പിന്നീട് പെട്ടെന്ന് താഴ്ന്ന് പോയെന്നും അദ്ദേഹം സമര്‍ഥിക്കുകയുണ്ടായി. 

1965ല്‍ ആര്‍നോ പെന്‍സിയാസ് (Arno Penzias)þ, റോബര്‍ട്ട് വില്‍സണ്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ ഈ പ്രപഞ്ചത്തെ ആകമാനം മൂടുന്ന ഒരു ദുര്‍ബലമായ വികിരണം ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഈ കണ്ടുപിടുത്തത്തിന് അവര്‍ക്ക് നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. അതോട് കൂടി വിസ്‌ഫോടന സിദ്ധാന്തത്തിന് ശാസ്ത്ര ലോകത്ത് അംഗീകാരം ലഭിച്ചു.
 
മഹാ വിസ്‌ഫോടനത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം എന്ന സിദ്ധാന്തം (Bigbang theory) പല ശാസ്ത്രജ്ഞരും അംഗീകരിക്കുന്നില്ല. പ്രപഞ്ചം സ്ഥിരമായി നിലകൊളളുന്നു എന്ന സ്റ്റഡി സ്‌റ്റേറ്റ് വാദത്തെയാണ്   (steady state theory) അവര്‍ പിന്തുണയ്ക്കുന്നത്. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിന്താന്തം കേവലം വിസ്‌ഫോടനത്തില്‍ നിന്ന് പ്രപഞ്ചോത്പത്തി അംഗീകരിക്കുന്നില്ല എന്നാണ് അവര്‍ വാദിക്കുന്നത്. ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയില്‍ മഹാവിസ്‌ഫോടനത്തെ ശക്തമായി എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയാണ്. അദ്ദേഹം കറകളഞ്ഞ നിരീശ്വരവാദിയുമാണ്. ബി ബി സി യുമായുളള ഒരു അഭിമുഖത്തില്‍ വളരെ പരിഹാസത്തോടു കൂടിയാണ് മഹാവിസ്‌ഫോടനം എന്ന സംജ്ഞ അദ്ദേഹം പ്രയോഗിച്ചത്. ഗാലക്‌സികള്‍ അകന്ന് പോകുന്നത് വികസിക്കുന്ന പ്രപഞ്ചത്തിന്റെ ഫലമല്ല, മറിച്ച് പുതുതായി ഗാലക്‌സികള്‍ രൂപം കൊളളുന്നത് കൊണ്ടാണ് എന്നാണ് അദ്ദേഹം വാദിച്ചത്. എന്നാല്‍ പ്രപഞ്ച പശ്ചാത്തലത്തിലെ വികിരണം ഈ വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. 

1970 ല്‍ സ്റ്റീഫന്‍ ഹോക്കിന്‍സ് ബ്രിട്ടീഷ് ഊര്‍ജതന്ത്രജ്ഞനായ റോജര്‍ പെന്റോസുമായി (Roger Penrose) കൂടിച്ചേര്‍ന്ന് നടത്തിയ ഒരു ഗവേഷണത്തില്‍ തെളിവ് സഹിതം പ്രപഞ്ചത്തിന്റെ ഉത്ഭവും മഹാ വിസ്‌ഫോടനും സമര്‍ഥിച്ചു. ആപേക്ഷിക സിദ്ധാന്തം സത്യമാണെങ്കില്‍ ഈ പ്രപഞ്ചം, മഹാ വിസ്‌ഫോടത്തില്‍ നിന്ന് ആരംഭിച്ചത് തന്നെയാണ്. അത് പോലെ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യവുമുണ്ടാകും. അത് തമോഗര്‍ത്തങ്ങള്‍ ഗാലക്‌സികളെ വെട്ടി വിഴുങ്ങിക്കൊണ്ടാകും. അല്ലെങ്കില്‍ ഒരു മഹാസങ്കോചത്തിലൂടെയായിരിക്കും. പ്രപഞ്ചം വികസിച്ച് വികസിച്ച് അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍  അതിന്റെ വേഗത കുറയുകയും അപ്പോള്‍ ആകര്‍ഷണ ശക്തി വേഗതയെ അതിജയിക്കുകയും എല്ലാ ഗാലക്‌സികളും പദാര്‍ഥങ്ങളും ഊര്‍ജവും ഒരു കേന്ദ്രത്തിലേക്ക് ചുരുങ്ങുകയും ചെയ്യും. അതോടെ സ്ഥല കാലങ്ങള്‍ ഇല്ലാതാകുകയും പ്രപഞ്ചം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യും. 

പ്രപഞ്ചത്തിന്റെ ഉത്ഭവം മഹാ വിസ്‌ഫോടനത്തിലൂടെയാണെങ്കില്‍ ശാസ്ത്രജ്ഞര്‍ മറുപടി പറയേണ്ട അനേകം ചോദ്യങ്ങളുണ്ട്. 

1.    മഹാ വിസ്‌ഫോടനത്തിന് മുമ്പുളള ഘട്ടം എന്തായിരുന്നു?
2.    വിസ്‌ഫോടനത്തിന് വേണ്ട പദാര്‍ഥം എവിടെ നിന്നാണ് വന്നത്? 
3.    ഇപ്പോള്‍ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കാനുളള കാരണം എന്താണ്? 
4.    കേവലം യാദൃഛികമായാണ് വിസ്‌ഫോടനമുണ്ടായതെങ്കില്‍ പിന്നെ എങ്ങനെയാണ് വളരെ ആസൂത്രിതമായി താളപ്പൊരുത്തത്തോടെ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്? 
5.    ജീവിതത്തിന് വേണ്ട പദാര്‍ഥങ്ങളും ഊര്‍ജവും നല്കുന്നത് ആരാണ്?

ഇത്തരം ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ ആചാര്യനായ സ്റ്റീഫന്‍ ഹോക്കിങ്ങിനും ഇന്ന് നിലവിലുളള ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

പ്രപഞ്ചോത്പത്തിയെക്കുറിച്ചുളള മറ്റൊരു സങ്കല്പം ബിഗ് ബൌണ്‍സ് തിയറിയാണ്. ഇത് മഹാ വിസ്‌ഫോടനത്തിന് എതിരാണെങ്കിലും പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അത് വര്‍ധിച്ച സാന്ദ്രതയും താപവും ഉളളതാണെന്ന് സമ്മതിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ യഥാര്‍ഥ അവസ്ഥ വികാസമാണെന്നും സങ്കോചം പിന്നീടുണ്ടാകുന്നതാണെന്നുമാണ് ഈ വാദത്തിന്റെ സാരാംശം. മുകളില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇവരും ഉത്തരം നല്‍കുന്നില്ല. തന്നെയുമല്ല പ്രപഞ്ചം ചുരുങ്ങുന്നതിന് തെളിവുകളൊന്നും കാണുന്നുമില്ല. 

സമാന്തര പ്രപഞ്ച സിദ്ധാന്തം എന്നൊരു സങ്കല്പവും പ്രപഞ്ചോത്പത്തിയെക്കുറിച്ചുണ്ട്. നമ്മുടെ പ്രപഞ്ചത്തിന് സമാന്തരമായി മറ്റൊരു പ്രപഞ്ചം കൂടിയുണ്ട് എന്നാണ് ഇവരുടെ വാദം. ഈ സങ്കല്പം പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതയാണ്. പ്രപഞ്ചത്തിന്റെ 85 ശതമാനവും ഇരുളടഞ്ഞതായ  സ്ഥിതിക്ക് ഗാലക്‌സികളുടെ ചലനത്തിന് ആവശ്യമായ ആകര്‍ഷക ശക്തി എവിടെ നിന്നാണ് വരുന്നത് എന്നതിന് ഉത്തരം നല്കാന്‍ ഈ സങ്കല്പങ്ങളുടെ ഉപജ്ഞാതാക്കള്‍ക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. 

പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച് ധാരാളം സങ്കല്പങ്ങളുണ്ടെങ്കിലും അവയ്‌ക്കൊന്നും അവരുടെ സിദ്ധാന്തങ്ങളില്‍ നിന്ന് ഉള്‍ത്തിരിയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ചുളള അവരുടെ നിഗമനങ്ങളും അതു പോലെത്തന്നെയാണ്. താഴെ പറയുന്ന നിഗമനങ്ങളാണ് പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ചുളളത്. 
1.    ശിഥില സിദ്ധാന്തം: പ്രപഞ്ചം വികസിച്ച് വികസിച്ച് പിന്നീട് ശിഥിലമായി നശിച്ചു പോകുമെന്നാണ് ഇവരുടെ വീക്ഷണം.
2.    സങ്കോച സിദ്ധാന്തം: പ്രപഞ്ചം ഒരു ബലൂണ്‍ പോലെയാണെന്നും ഇപ്പോള്‍ അത് വികസിച്ച് കൊണ്ടിരിക്കുകയാണെങ്കിലും കാറ്റ് നഷ്ടപ്പെടുമ്പോള്‍ ബലൂണ്‍ ചുരുങ്ങുന്നത് പോലെ ഊര്‍ജം നഷ്ടപ്പെടുമ്പോള്‍ പ്രപഞ്ചം സങ്കോചിക്കുമെന്നാണ് ഇവരുടെ വീക്ഷണം
3.    ബിഗ് ക്രഷ് സിദ്ധാന്തം: പ്രപഞ്ചം ഒരു വലിയ തമോഗര്‍ത്തമായി മാറുകയും അവ മറ്റല്ലാ പിണ്ഡങ്ങളെയും അകത്താക്കുകയും ചെയ്യും. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് തണുപ്പ് വര്‍ധിക്കുകയും സീറോയിലെത്തുകയും ചെയ്യും. തമോഗര്‍ത്തങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് തകരുകയും അപ്രത്യക്ഷമാവുകയും ചെയ്യും.  
 

Feedback