Skip to main content

ഖുര്‍ആന്‍വചനങ്ങള്‍

 പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണ് എന്നാണ് മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത്. നൈസര്‍ഗിക പ്രേരണയും ബുദ്ധിയും ദൈവിക വെളിപാടുകളുമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഇവയെല്ലാം തമസ്‌ക്കരിച്ചു കൊണ്ടാണ് നിരീശ്വരവാദികള്‍ പ്രപഞ്ചം താനെ ഉണ്ടായതാണെന്നും അനാദി കാലം മുതല്‍ നില നില്ക്കുന്നതാണെന്നും വാദിക്കുന്നത്. പ്രപഞ്ച ഘടനയും പ്രകൃതിയും പഠിക്കുന്ന ആര്‍ക്കും ഇത് താനെ ഉണ്ടായതാണെന്ന് പറയാന്‍ കഴിയില്ല. അറിവും കഴിവുമുളള ഒരു സ്രഷ്ടാവ് ഇതിന് പിന്നിലുണ്ടെന്ന് അവന് ബോധ്യപ്പെടും. ദൈവ വിശ്വാസികളായ ശാസ്ത്രജ്ഞരല്ലാം ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വികാസത്തെക്കുറിച്ചും അന്ത്യത്തെക്കുറിച്ചും തൃപ്തികരമായ വിശദീകരണം നല്കാന്‍ ശാസ്ത്രത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍ ധാരാളം വചനങ്ങളിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മറ്റ് വേദങ്ങളിലൊന്നും ഇത്രയും വ്യക്തമായ പരാമര്‍ശങ്ങള്‍ കണ്ടെത്താന്‍ കഴിയുകയില്ല. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയും ഖുര്‍ആന്‍ ദൈവ വചനവുമാണ്. ഇവ തമ്മില്‍ ഒരിക്കലും വൈരുധ്യമുണ്ടാകുകയില്ല. 

ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം ബൈബിളിലും നമുക്ക് കാണാവുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: 'ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അര്‍ശ് (സിംഹാസനം) വെളളത്തിന്‍ മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ് എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല' (ഹൂദ്:7). ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ജലമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. പ്രപഞ്ചോത്പത്തിയെ ക്കുറിച്ചുളള മറ്റൊരു വചനം ഇപ്രകാരമാണ്. 'ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യ നിഷേധികള്‍ കണ്ടില്ലേ. വെളളത്തില്‍ നിന്ന് എല്ലാ ജീവ വസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ' (അന്‍ബിയാഅ്: 30).

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ്, ആകാശത്തിലെ നക്ഷത്രങ്ങള്‍, ഭൂമിയിലെ പര്‍വതങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയെ ക്കുറിച്ച് ഖുര്‍ആനില്‍ ധാരാളം വചനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. അവയില്‍ ഒന്ന് ഇപ്രകാരമാണ്.

'നീ പറയുക രണ്ട് ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്. അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. ഭൂമിയില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാല് ദിവസങ്ങളിലായിട്ടാണ് അവനത് ചെയ്തത്. ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. അതിന് പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു. ഞങ്ങളിതാ അനുസരണയുളളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ട് ദിവസങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുളള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്' (ഫുസ്സിലത്: 9-12). ഈ വിഷയകമായി ഇനിയും ധാരാളം നമുക്ക് കാണാവുന്നതാണ്. ഒരു പക്ഷേ ഖുര്‍ആനില്‍ ആരാധനാ കര്‍മങ്ങളെക്കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ വചനങ്ങള്‍ പ്രപഞ്ച വസ്തുതകളെക്കുറിച്ച് പറയുന്നതായിരിക്കും.
 
മഹാ വിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം ഇന്ന് ശാസ്ത്രം അംഗീകരിച്ചതാണ്. ഇക്കാര്യവും ഖുര്‍ആന്‍ സൂചിപ്പിക്കുന്നതായി കാണാം. 'ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു'(ദാരിയാത്: 47). 

bigbang
 
വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്  ഒരു അന്ത്യമുണ്ടാകുമെന്നും ശാസത്രം അംഗീകരിക്കുന്നുണ്ട്. അതിന്റെ രൂപത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണുളളത്. എന്നാല്‍ ഖുര്‍ആന്‍ അക്കാര്യം സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. 'പുസ്തകത്താളുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം. ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്' (അംബിയാഅ്: 104). പുരാതന കാലത്ത് ഗ്രന്ഥം എന്നത് തുകല്‍ ഷീറ്റ് ആയിരുന്നു. വായനയ്ക്ക് ശേഷം അത് ചുരുട്ടി വെച്ചായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ ഒരു പശ്ചാത്തലം മനസിലാക്കിയാലേ  ഈ വചനത്തിന്റെ ആശയം ശരിക്കും മനസിലാകുകയുളളൂ. മറ്റൊരു വചനത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 'അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതു കൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയായിരിക്കും അവനത്രെ പരിശുദ്ധന്‍. അവര്‍ പങ്കു ചേര്‍ക്കുന്നതിനെല്ലാം അവര്‍ അതീതനായിരിക്കുന്നു' (സുമര്‍: 67).

പ്രപഞ്ചത്തിന്റെ അന്ത്യത്തോടു കൂടി ആകാശങ്ങളും ഭൂമിയും മറ്റൊന്നായി മാറ്റപ്പെടുമെന്നും എല്ലാവരും അല്ലാഹിവിലേക്ക് പുറപ്പെടുകയും ചെയ്യുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. 'ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരികയും ചെയ്യുന്ന ദിവസം' (ഇബ്രാഹീം: 48). അല്ലാഹു വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗം നിലവിലെ പ്രപഞ്ചത്തേക്കാള്‍ പ്രവിശാലമായിരിക്കുമെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുളള പാപമോചനവും ആകാശങ്ങളുടെയും ഭൂമിയുടെയും അത്രയും വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മ നിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത് (ആലു ഇംറാന്‍: 133).
 

Feedback