Skip to main content

ഖുര്‍ആനിന്റെ പദവിന്യാസം, പ്രതിപാദനരീതി

പദവിന്യാസം

ഖുര്‍ആനിലുപയോഗിച്ചിരിക്കുന്ന അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ശബ്ദങ്ങളും അവയുള്‍ക്കൊള്ളുന്ന ആശയങ്ങളും തമ്മിലുള്ള പരിപൂര്‍ണമായ പൊരുത്തവും താളവും അത്ഭുതകരമാണ്. ഒരു വചനത്തിലെ ഒരു വാക്കു വിട്ടുകളഞ്ഞാല്‍ അതിലുണ്ടാവുന്ന പൊരുത്തക്കേടുകള്‍ അറബി ഭാഷയറിയുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. ഖുര്‍ആനിലെ പദവിന്യാസത്തിലെ അത്ഭുതം ഖുര്‍ആന്‍ മനുഷ്യനിര്‍മിതമല്ലെന്ന് വിളിച്ചറിയിക്കുന്നതാകുന്നു. ഉദാഹരണത്തിന് ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം മാത്രമേ കരയുള്ളൂ. ബാക്കി രണ്ടുഭാഗവും കടലാകുന്നു. ഖുര്‍ആന്‍ ബര്‍റ് (കര) എന്ന വാക്കും ബഹ്ര്‍ (കടല്‍) എന്ന വാക്കും ഉപയോഗിച്ചപ്പോള്‍ ഈ അനുപാതം കൃത്യമായി സ്വീകരിച്ചതായി കാണാം. ഖുര്‍ആന്‍ അവതരണ കാലത്ത് കടലിന്റെയും കരയുടെയും അനുപാതം മനുഷ്യര്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു എന്ന സത്യം നാം ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.

'മധ്യമ സമൂഹം' എന്നതിന് ഖുര്‍ആന്‍ ഉപയോഗിച്ച ഉമ്മതന്‍ വസത്വന്‍ എന്ന വാക്ക് രണ്ടാം അധ്യായമായ സൂറത്തുല്‍ ബഖറയിലെ മധ്യഭാഗത്താണുള്ളത്. സൂറത്തുല്‍ ബഖറയില്‍ 286 വചനങ്ങളാണുള്ളത്. അതില്‍ 143ാം വചനത്തിലാണ് പ്രസ്തുത പ്രയോഗം. ഇത് യാദൃഛികമാണെന്ന് കരുതാന്‍ കഴിയുകയില്ല. കാരണം ഇതുപോലെ ഒട്ടനേകം ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ നമുക്ക് കാണാന്‍ കഴിയും. ആധുനിക ഇലക്‌ട്രോണിക് യുഗത്തില്‍ പോലും ഖുര്‍ആനിലെ പദവിന്യാസത്തിലെ ഗണിത രഹസ്യങ്ങള്‍ അതിന്റെ അപ്രമാദിത്വത്തെ സ്ഥിരീകരിക്കുന്നുണ്ട്.

പ്രതിപാദനരീതി

ഖുര്‍ആന്‍ ഒരു സാധാരണ ഗ്രന്ഥമല്ല, വിവിധ സമയങ്ങളിലും സന്ദര്‍ഭങ്ങളിലും മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹുവില്‍ നിന്ന് ലഭിച്ച വെളിപാടുകളുടെ (വഹ്‌യ്) സമാഹാരമാണ്. വ്യത്യസ്ത വിഷയങ്ങള്‍ വിവിധ അധ്യായങ്ങളിലും ഉപാധ്യായങ്ങളിലുമായി പ്രതിപാദിക്കുന്ന മനുഷ്യരുടെ രചനാരീതിയല്ല ഖുര്‍ആനിന്റേത്. ഒരേ സ്ഥലത്തു തന്നെ വിവിധ വിഷയങ്ങളും പ്രമേയങ്ങളും ഇടകലര്‍ത്തി പറയുന്നത് കാണാം. അതില്‍ ശാസ്ത്രവും ചരിത്രവും രാഷ്ട്രമീമാംസയും ധനതത്ത്വശാസ്ത്രവും സാഹിത്യവും മതവിധികളും എല്ലാം ഉണ്ടായിരിക്കും. ഒരേ വിഷയം വിവിധ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവ തമ്മില്‍ വൈരുധ്യമില്ലതാനും. ഖുര്‍ആനിന്റെ ഈ പ്രതിപാദന രീതി തന്നെ അത് അല്ലാഹുവിന്റെ വചനമാണെന്നും മനുഷ്യനിര്‍മിതമല്ലെന്നും വിളിച്ചു പറയുന്നുണ്ട്.

 

Feedback