Skip to main content

ഈമാന്‍ അര്‍ഥവും ആശയവും

വിശ്വാസം എന്നാണ് ഈമാന്‍ എന്നതിന് സാമാന്യമായി അര്‍ഥം പറയാറുള്ളത്. അംന് എന്ന ശബ്ദധാതുവില്‍ നിന്നാണ് വിശ്വാസം എന്നര്‍ഥമുള്ള ഈമാന്‍ നിഷ്പന്നമായിരിക്കുന്നത്. നിര്‍ഭയത്വം, സുരക്ഷിതത്വം, വിശ്വസ്തത എന്നീ അര്‍ഥങ്ങളാണ് അംന് എന്ന പദധാതുവിനുള്ളത്. സര്‍വജ്ഞനും സര്‍വശക്തനും പരമകാരുണികനുമായ പ്രപഞ്ചനാഥന്‍റെ തെറ്റുപറ്റാത്ത വ്യവസ്ഥക്ക് വിധേയമാണ് താനടക്കമുള്ള സര്‍വചരാചരങ്ങളും എന്ന് വിശ്വസിക്കുന്ന വ്യക്തി തികഞ്ഞ നിര്‍ഭയത്വവും സുരക്ഷാബോധവും അനുഭവിക്കുന്നു. ജീവിതത്തിന്‍റെ സര്‍വതോമുഖമായ നന്മക്കും വിജയത്തിനും വേണ്ടി പരമകാരുണികനായ പ്രപഞ്ചനാഥന്‍ നല്‍കിയ മാര്‍ഗദര്‍ശനം പിന്തുടരുന്ന ഒരാള്‍ സകലവിധ ഭയാശങ്കകളില്‍ നിന്നും മുക്തനായി അവാച്യമായ സമാധാനത്തോടെ ജീവിക്കുന്നു. 

ആകാശ ഗോളങ്ങളും ഭൂമിയും അതിലുള്ള സസ്യജന്തു ജീവജാലങ്ങളും പര്‍വ്വതങ്ങളും പാരാവാരങ്ങളും കാറ്റും കാടും മണ്ണും മഴയും തുടങ്ങി പ്രകൃതി പ്രതിഭാസങ്ങളും സര്‍വജ്ഞനായ സ്രഷ്ടാവ് ലക്ഷ്യത്തോടും വ്യവസ്ഥയോടും കൂടി സംവിധാനിച്ചതാണെന്ന് മനസ്സിലാക്കുന്ന മനുഷ്യന്‍, സ്രഷ്ടാവിനോടും സൃഷ്ടിയായ പ്രപഞ്ചത്തോടും വിശ്വസ്തത പുലര്‍ത്തുന്നു. സൃഷ്ടിപ്പിന്‍റെ അത്ഭുതങ്ങളെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്നതിലൂടെ അത്യുന്നതനായ സ്രഷ്ടാവിന്‍റെ അതുല്യമായ സൃഷ്ടിവൈഭവത്തെ അടുത്തറിയാന്‍ വിശുദ്ധ ഖുര്‍ആന്‍ പ്രോത്സാഹനം നല്‍കുന്നു. ഈ പ്രപഞ്ചത്തിന്‍റെയും അതിലുള്ള സര്‍വചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസം നിര്‍ഭയത്വവും സുരക്ഷിതത്വ ബോധവും വിശ്വസ്തതയും ഉറപ്പ് നല്‍കുന്നു. 

മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെക്കുറിച്ചും ഈ വിശാല പ്രപഞ്ചത്തിലെ അനേകം പ്രതിഭാസങ്ങളെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നതിലൂടെ അവയുള്‍ക്കൊള്ളുന്ന ചിന്തനീയ ദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്താല്‍ സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടവരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 

Feedback