Skip to main content

പ്രവാചകദൗത്യത്തിന്റെ സാര്‍വത്രികത

ലോകത്ത് മനുഷ്യജീവിതം ആരംഭിച്ചത് മുതല്‍തന്നെ പ്രവാചകന്മാര്‍ മുഖേന ലോകര്‍ക്ക് ദിവ്യസന്ദേശം എത്തിക്കുക എന്ന നടപടിക്രമം അല്ലാഹു ആരംഭിച്ചിട്ടുണ്ട്. നബി(സ)യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു. തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്മാരിലെ പല കക്ഷികളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട് (15:10).

അല്ലാഹു ദൂതന്മാരായി പ്രവാചകന്മാരെ തുടരെത്തുടരെ വ്യത്യസ്ത സമുദായങ്ങളിലേക്ക് അയക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത് ജനങ്ങളെ നന്മ ഉദ്‌ബോധിപ്പിക്കുകയും അവര്‍ക്ക് തിന്മയെ കുറിച്ച് താക്കീത് നല്‍കുകയും ചെയ്യുക എന്നതാണ്. അല്ലാഹു പറയുന്നു: ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീരുമാനമെടുക്കപ്പെടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല (10:47).

ഉപരിസൂചിത ഖുര്‍ആന്‍ സൂക്തത്തിന് രണ്ട് വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. (ഒന്ന്) ഓരോസമൂഹവും പരലോകത്ത് ഹാജരാക്കപ്പെടുമ്പോള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍ വന്ന് താന്‍ നിര്‍വ്വഹിച്ച പ്രബോധന ദൗത്യത്തിന് സാക്ഷ്യംവഹിക്കും. അതിനെ തുടര്‍ന്ന് അവരിലെ വിശ്വാസികളുടേയും അവിശ്വാസികളുടേയും കാര്യത്തില്‍ അല്ലാഹു നീതിപൂര്‍വ്വം തീരുമാനമെടുക്കും. (രണ്ട്) ഒരുദൂതനെ അയച്ച് സത്യം വ്യക്തമാക്കിക്കൊടുത്തതിന് ശേഷമല്ലാതെ ഒരുസമൂഹത്തേയും അല്ലാഹു ശിക്ഷിക്കുകയില്ല. പ്രവാചകന്മാരുടെ നിയോഗത്തിന് ശേഷം സത്യം അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ വിശ്വാസികളെ വിജയികളാക്കിക്കൊണ്ടും നിഷേധികളെ പരാജിതരാക്കിക്കൊണ്ടുമുള്ള അല്ലാഹുവിന്റെ നീതിപൂര്‍വകമായ തീരുമാനമുണ്ടാവും.

''ഓരോ ജനതക്കും ദൈവികസന്ദേശം വ്യക്തമാക്കികൊടുക്കാന്‍ ആ ജനതയുടെ ഭാഷയില്‍ദൗത്യം നിര്‍വ്വഹിക്കുന്ന പ്രവാചകന്മാരെയാണ് അല്ലാഹു അയച്ചിട്ടുള്ളത്''(14:4). ''ഇങ്ങനെ പ്രവാചകനിലൂടെ ദിവ്യസന്ദേശം ലഭിക്കാത്ത     ഒരുസമുഹവും ഭൂമുഖത്ത് കടന്നുപോയിട്ടില്ല''(35:24). എന്നാല്‍ ഈ പ്രവാചകന്മാരില്‍ ചിലരുടെ ചരിത്രം മാത്രമേ നമുക്ക് വിവരിച്ച് തന്നിട്ടുള്ളൂ. അല്ലാഹു പറയുന്നു ''നിനക്ക് മുമ്പ് പല ദൂതന്മാരെയും നാം അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ച് തന്നിട്ടില്ല'' (40:78).

ലോകര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ടാണ് അല്ലാഹു അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിയോഗിച്ചിരിക്കുന്നത്. നബി(സ) സമൂഹത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ട് അവതീര്‍ണമായ സൂക്തത്തില്‍ കാലദേശഭേദ മന്യേ മുഴുവന്‍ ജനതയിലേക്കുമാണ് നബി(സ)യുടെ നിയോഗമെന്ന് വ്യക്തമാവുന്നു. 

“അക്ഷരം അറിയാത്തവര്‍ക്കിടയില്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന്തന്നെയുള്ള    ഒരുദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ (അല്ലാഹു). തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. അവരില്‍പ്പെട്ട, ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കുംകൂടി (അദ്ദേഹത്തെ) നിയോഗിച്ചിരിക്കുന്നു. അവനാകുന്നു പ്രതാപിയും യുക്തിമാനും” (62:3).

അല്ലാഹു പ്രവാചകന്‍ മുഹമ്മദ് നബി(സ)യോട് തന്നെ പ്രഖ്യാപിക്കാനായി ആവശ്യപ്പെടുന്നത് ഇപ്രകാരമാണ്: “പറയുക മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടേയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം.”

മുന്‍വേദഗ്രന്ഥങ്ങളിലൊക്കെ നബി(സ)യുടെ ആഗമനത്തെക്കുറിച്ച് സുവാര്‍ത്ത അറിയിച്ചിട്ടുണ്ട്. വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരൊക്കെയും നബി(സ)യെ പിന്‍പറ്റാന്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു ''തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന, അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബി) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം നാം രേഖപ്പെടുത്തുന്നതാണ്) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുള്ള വിലക്കുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍ (7:157).
 

Feedback