Skip to main content

ജനാസ നമസ്‌കാരത്തില്‍ ഇമാം നില്‍ക്കേണ്ടത്

ജനാസ നമസ്‌കരിക്കുമ്പോള്‍ ഇമാം എവിടെ നില്ക്കണമെന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. സ്ത്രീ പുരുഷ ഭേദമനുസരിച്ച് മയ്യിത്തിന്റെ തല, നെഞ്ച്, മധ്യഭാഗം എന്നിവക്ക് നേരെയാണ് നില്‍ക്കേണ്ടതെന്നാണ് ചിലരുടെ പക്ഷം. പ്രവാചകന്റെ പ്രത്യേക നിര്‍ദേശമില്ലാത്തതിനാല്‍ എവിടെയുമാകാം എന്നാണ് ചിലരുടെ വീക്ഷണം. എന്നാല്‍ പുരുഷനാണെങ്കില്‍ തലയുടെ ഭാഗത്തും സ്ത്രീയാണെങ്കില്‍ മധ്യഭാഗത്തും നില്ക്കണമെന്നാണ് ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നത്. ഇതാണ് ശാഫിഈയുടെ അഭിപ്രായവും.

 

സമുറത്തുബ്‌നു ജുന്‍ദുബില്‍നിന്ന് ബുഖാരി നിവേദനം ചെയ്യുന്നു: ''പ്രസവത്തോടനുബന്ധിച്ച് മരണമടഞ്ഞ ഒരു സ്ത്രീക്ക്‌വേണ്ടി നബിയുടെ പിന്നില്‍നിന്ന് ഞാന്‍ നമസ്‌കരിച്ചു. അപ്പോള്‍ ജനാസയുടെ മധ്യഭാഗത്താണ് നബി(സ്വ) നിന്നത്.'' അബൂഗാലിബില്‍ ബയ്യാത്തില്‍ നിന്ന് തിര്‍മിദിയും അബൂദാവൂദും നിവേദനം ചെയ്യുന്നു: ''ഞാന്‍ അനസിന്റെകൂടെ ഒരു ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തു. അദ്ദേഹം പുരുഷനുവേണ്ടി നമസ്‌കരിച്ചപ്പോള്‍ തലയുടെനേരെ നിന്നു. അത്‌കൊണ്ടുപോയശേഷം ഒരു സ്ത്രീയുടെ മയ്യിത്ത് കൊണ്ടുവന്നു. അതിന് നമസ്‌കരിച്ചപ്പോള്‍ അദ്ദേഹം മധ്യഭാഗത്ത് നിന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അലാഉബ്‌നു സിയാദില്‍ അലവി ചോദിച്ചു: ''അബൂഹംസേ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുംവേണ്ടി താങ്കള്‍ സ്ഥാനവ്യത്യാസം വരുത്തി നിന്നത് പോലെയാണോ നബി(സ്വ) നിന്നിരുന്നത്?'' അദ്ദേഹം പറഞ്ഞു: ''അതെ.'' ഈ ഹദീസ് തിര്‍മിദി ഹസനാണെന്ന് പറയുകയും ശൗകാനി ഇതിന്റെ പരമ്പര വിശ്വസ്തരുടേതാണെന്ന്  പറയുകയും ചെയ്തിരിക്കുന്നു (നൈലുല്‍ ഔതാര്‍ 4-109).

 

 

Feedback
  • Sunday Apr 28, 2024
  • Shawwal 19 1445