Skip to main content

ഹുമയൂണ്‍

മുഗള്‍ ഭരണ സ്ഥാപകന്‍ ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ പിതാവിന്റെ മരണാനന്തരം 1530ല്‍ ഭരണമേറ്റെടുത്തു. 23 വയസ്സായിരന്നു അന്ന്. രണവീരനായിരുന്ന ഹുമയൂണ്‍ പിതാവിനോടൊപ്പം യുദ്ധക്കളങ്ങളില്‍ നിറഞ്ഞുനിന്നു. 1526ല്‍ പിതാവ് ഡല്‍ഹി പിടിച്ചപ്പോള്‍ ആഗ്ര അതിലേക്ക് ചേര്‍ത്തത് ഈ മകനായിരുന്നു.

ഭരണത്തിലേറിയ ആദ്യവര്‍ഷങ്ങളില്‍ യുദ്ധവിജയങ്ങളുടെ പരമ്പര തീര്‍ത്ത ഹുമയൂണ്‍ അഫ്ഗാനികളില്‍ നിന്ന് ലഖ്‌നോയും 1535ല്‍ ബഹദൂര്‍ഷായെ തോല്പിച്ച് മള്‍വയും ഗുജറാത്തും രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ബീഹാറും ബംഗാളും കൂടി തന്റെ അധികാരത്തിനു കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തിനിടെ പക്ഷെ ഹുമയൂണിന് അടിതെറ്റി.

ബംഗാളിലെ ഷേര്‍ഖാന്‍ ആദ്യം ഹുമയൂണിനോട് സന്ധിക്കപേക്ഷിച്ചു. പിന്നീട് ശക്തി സംഭരിക്കുകയും തുടര്‍ച്ചയായി അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ബംഗാളിലും ബീഹാറിലും കനൂജിലും ഷേര്‍ഖാന്‍ വിജയക്കൊടി നാട്ടി. ഇതിനു പുറമെ മള്‍വയും ഗുജറാത്തും ബഹദൂര്‍ഷ ഹുമയൂണില്‍ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. നിലനില്പ് അവതാളത്തിലായപ്പോള്‍ ഹുമയൂണ്‍ ആഗ്ര വിട്ട് ലാഹോറില്‍ അഭയം തേടി.

അങ്ങനെ 15 വര്‍ഷത്തോളം ഇടക്കാലത്ത് മുഗളര്‍ക്ക് ഭരണം നഷ്ടപ്പെട്ടു. ഇതില്‍ 1540 മുതല്‍ 1545 വരെ ഷേര്‍ഷാ എന്ന പേരില്‍ ഷേര്‍ഖാനാണ് സാരഥ്യം വഹിച്ചത്. അക്കാലത്തെ പേര്‍ഷ്യന്‍ രാജാവ് ഷാ തെഹ്മസ്പിന്റെ പിന്തുണയോടെ 1555ലാണ് പിന്നീട് ഹുമയൂണ്‍ ഭരണം തിരിച്ചുപിടിച്ചത്. അടുത്ത വര്‍ഷം തന്നെ അദ്ദേഹം നിര്യാതനാവുകയും ചെയ്തു.

'ഭാഗ്യം കടാക്ഷിച്ചവന്‍' എന്നാണ് പേരിന്റെ അര്‍ഥമെങ്കിലും അതിന് വിരുദ്ധമായിരുന്നു കാര്യങ്ങള്‍. മഹാമനസ്‌കനും ലളിത ഹൃദയനുമായിരുന്നു. എന്നാല്‍ സുഖലോലുപതയിലും ആഡംബരത്തിലും ഒരു കുറവുമുണ്ടായിരുന്നില്ല. ധീരനും യുദ്ധപടുവുമായിരുന്നു പക്ഷെ, അലസത സന്തതസഹചാരിയായിരുന്നു. സഹോദരങ്ങള്‍ മിക്കപ്പോഴും ഭരണത്തില്‍ അലോസരങ്ങളുണ്ടാക്കി.

ഭരണം ഇടക്കുവച്ച് കൈമോശം വരാന്‍ ഇക്കാരണങ്ങള്‍ തന്നെ അധികമായിരുന്നു.
 

Feedback