Skip to main content

ജഹാംഗീര്‍

അംബറിലെ രജപുത്രരാജാവ് ഹീഹാരി മല്ലിന്റെ പുത്രിയില്‍ അക്ബറിന് പിറന്ന മകനാണ് സലീം. മുഗള്‍ കൊട്ടാരത്തില്‍ രാജകുമാരനായി വളര്‍ന്നതിന്റെ ചില ദൂഷ്യങ്ങള്‍ സലീമില്‍ പ്രകടമായിരുന്നു.

എന്നാല്‍ കാര്യബോധം വന്നതോടെ ഇതിന് നിയന്ത്രണം വന്നു. പ്രത്യേകിച്ച്, നൂര്‍ജഹാന്‍ വധുവായി ജീവിതത്തിലേക്ക് കടന്നുവന്നതിന് ശേഷം.

പിതാവിന്റെ ഭരണം അനന്തമായി നീണ്ടത് സലീമില്‍ അക്ഷമയുണ്ടാക്കി. ഇത് പിന്നീട് പിതാവിനെതിരെ കൊട്ടാര വിപ്ലവമുണ്ടാക്കുന്നതിലെത്തിയെങ്കിലും അക്ബര്‍ അത് അടിച്ചൊതുക്കി. 1605ല്‍ അക്ബറിന്റെ നിര്യാണത്തോടെ സലിം ചക്രവര്‍ത്തി പദമേല്ക്കുകയും ചെയ്തു. പിന്നീട് 'ജഹാംഗീര്‍' എന്ന പേരിലാണ് സലിം അറിയപ്പെട്ടത്.

അക്ബറിനെപ്പോലെ നയതന്ത്രത്തിലും രാഷ്ട്രീയത്തിലും വിദഗ്ധനായിരുന്നില്ല ജഹാംഗീര്‍. എന്നാല്‍ ബുദ്ധിശക്തിയിലും പ്രായോഗിക വീക്ഷണത്തിലും ഒട്ടും പിന്നിലുമായിരുന്നില്ല. രാജ്യഭരണത്തില്‍ നിതാന്ത ശ്രദ്ധയും പുലര്‍ത്തി.

ഇക്കാലത്ത് സാമ്രാജ്യ വികസനം കാര്യമായി നടന്നില്ല. 1620ല്‍ ഹിമാലയത്തിലെ കാംഗ്‌റ പിടിച്ചതു മാത്രമാണ് ഏക നേട്ടം.

ജനങ്ങളുടെ ക്ഷേമത്തില്‍ തത്പരനായിരുന്ന ജഹാംഗീര്‍ ഭരണമേറ്റ ഉടനെ 12 ഇന പദ്ധതികള്‍ പ്രഖ്യാപിച്ചു. അന്യായനികുതികള്‍ പിന്‍വലിച്ചതും കര്‍ഷക ക്ഷേമപരിപാടികളും ഇതില്‍ പെടുന്നതാണ്.

ഹൈന്ദവരോട് മാന്യമായും ഉദാരമായും പെരുമാറി. എന്നാല്‍ പിതാവിന്റെ മതനയങ്ങള്‍ അംഗീകരിക്കുകയോ തൗഹീദേ ഇലാഹി സ്വീകരിക്കുകയോ ചെയ്തില്ല.

നീതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. ആഗ്ര കോട്ടയില്‍ അറുപത് ബെല്ലുകള്‍ ഘടിപ്പിച്ച ഒരു ചങ്ങല തൂക്കിയിരുന്നു ജഹാംഗീര്‍. കോടതിയില്‍ നിന്ന് നീതി കിട്ടാത്ത ആര്‍ക്കും ചങ്ങല പിടിച്ചുവലിക്കാം. അപ്പോള്‍ ചക്രവര്‍ത്തി നേരിട്ട് ഇറങ്ങിവരികയും പരാതിയില്‍ പരിഹാരം കാണുകയും ചെയ്തിരുന്നു. ചിത്രകലയിലും എഴുത്തിലും പേരെടുത്ത ജഹാംഗീറിന്റെ ആത്മകഥ 'തുസൂകെ ജഹാംഗീരി' അതിപ്രശസ്തമാണ്. 1627ല്‍ ജഹാംഗീര്‍ നിര്യാതനായി.


 

Feedback