Skip to main content

ആറാം കുരിശു യുദ്ധം

ആറാം കുരിശു യുദ്ധം യഥാര്‍ഥത്തില്‍ യുദ്ധം എന്ന നിലക്ക് ഉണ്ടായിട്ടില്ല.  ജറൂസലം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം മാത്രമാണ് നടന്നത്. അതേസമയം ഒരു കരാറിലൂടെ ക്രൈസ്തവര്‍ക്ക് ഈ വിശുദ്ധ നഗരം ലഭിക്കുകയും ചെയ്തു.

ജര്‍മന്‍ ചക്രവര്‍ത്തിയായിരുന്നു ഫ്രെഡറിക് രണ്ടാമന്‍.  അഞ്ചാം കുരിശു യുദ്ധം പരാജയപ്പെട്ടതില്‍ രോഷം പൂണ്ട പോപ്പ് ഹോണറസ് മൂന്നാമന്‍ ആറാം കുരിശു യുദ്ധത്തിന് ആഹ്വാനം ചെയ്തു. എന്നാല്‍ ഫെഡറിക് ഈ ആഹ്വാനം തള്ളി. ഇതിനെ തുടര്‍ന്ന് ഫ്രെഡറിക്കിനെ സഭയില്‍ നിന്നും പോപ്പ് പുറത്താക്കി.

എന്നാല്‍ ഫ്രെഡറിക് ചെയ്തത് മറ്റൊന്നായിരുന്നു. ജറൂസലം രാജ്യത്തിന്റെ രാജകുമാരിയായി കുരിശു യോദ്ധാക്കള്‍ അവരോധിച്ചിരുന്ന ഇസ്‌ബെല്ലയെ അദ്ദേഹം വധുവായി സ്വീകരിച്ചു.  താന്‍ ജറുസലമിലെ രാജാവാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ സൈന്യസമേതം 1227ല്‍ വിശുദ്ധനഗരത്തിലെത്തിയ ഫ്രെഡറിക്കിനെ ക്രൈസ്തവര്‍ അവഗണിക്കുകയാണ് ചെയ്തത്.  കാരണം അദ്ദേഹം സഭക്ക് പുറത്താക്കപ്പെട്ടിരുന്നല്ലോ.

എന്നാല്‍ താന്‍ പോപ്പിന്റെ പ്രതിനിധിയല്ലെന്നും ഇസബെല്ലയെ വിവാഹം കഴിച്ചതുവഴി തന്റെ അവകാശമായ ജറൂസലം ഏറ്റെടുക്കാനാണ് താന്‍ വന്നതെന്നുമായിരുന്നു ഫ്രെഡറിക്കിന്റെ നിലപാട്.

മറുവശത്ത് ഫ്രെഡറിക്കിനെ നേരിടാനുള്ള കരുത്ത് അയ്യൂബി സുല്‍ത്താന്‍ കാമിലിനുണ്ടായിരുന്നില്ല. മാത്രമല്ല അയ്യൂബി സഹോദരന്‍മാര്‍ക്കിടയില്‍ അധികാരത്തര്‍ക്കവും നിലനിന്നിരുന്നു.  ഇതോടെ സ്വന്തം അധികാരം ഉറപ്പിക്കാന്‍ അല്‍കാമില്‍ ഫ്രെഡറിക്കിന്റെ സഹായം തേടുകയാണ് ചെയ്തത്. അവര്‍ തമ്മില്‍ സന്ധി ചെയ്തു.

നസ്‌റത്ത്, ജഫ, ബതല്‌ഹേം, തുടങ്ങിയ ജറുസലമിന്റെ മിക്ക ഭാഗങ്ങളും പത്തു വര്‍ഷത്തേക്ക് ക്രൈസ്തവര്‍ക്ക് സന്ധിപ്രകാരം ലഭിച്ചു. ഖുബ്ബത്തുസ്സഖ്‌റയും മസ്ജിദുല്‍ അഖ്‌സായും  മുസ്ലിംകള്‍ നിലനിര്‍ത്തി. ഈജിപ്തിനെ ആക്രമിക്കുകയില്ലെന്നും വ്യവസ്ഥ ചെയ്തു.

എന്നാല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നേടിയെടുത്തത് ക്രൈസ്തവര്‍ക്ക് തിരിച്ചു കൊടുത്ത കരാറിനെ മുസ്്‌ലിം ലോകവും ഈജിപ്ത് ലഭിക്കാത്ത ഉടമ്പടിയെ ക്രൈസ്തവ ലോകവും അംഗീകരിച്ചില്ല. ബൈത്തുല്‍ മുഖദ്ദസിന്റെ രാജാവായ ഫ്രെഡറിക് രണ്ടാമന്‍ കിരീട ധാരണം കഴിഞ്ഞതിനു പിന്നാലെ, 1229 ജൂണില്‍ (626 റജബ്) മുമ്പൊരു സംഘവും കൊണ്ടുപോയിട്ടില്ലാത്ത അത്ര സമ്പത്താണ് യൂറോപ്പിലേക്ക് കൊണ്ടുപോയത്.

Feedback