Skip to main content

മൂന്നാം കുരിശു യുദ്ധം

സ്വലാഹുദ്ദീന്‍ ഹിത്വീന്‍ ജയിച്ചടക്കിയതിനു പിന്നാലെ തുടര്‍ച്ചയായി നേടിയ വിജയങ്ങള്‍ക്കൊടുവില്‍ മുമ്പ് നഷ്ടപ്പെട്ട ഖുദ്‌സ്, സുല്‍ത്താന്റെ തന്നെ കൈകളാല്‍ മുസ്‌ലിംകള്‍ തിരിച്ചു പിടിച്ചു. ക്രി.വ 1187ല്‍ അഥവാ ഹിജ്‌റ 583 റജബ് 27നായിരുന്നു ആ ചരിത്ര വിജയം. ശഅ്ബാന്‍ 4ന് മസ്ജിദുല്‍ അഖ്‌സായില്‍ സ്വലാഹുദ്ദീനും സൈന്യവും ജുമുഅ നമസ്‌കരിക്കുകയും ചെയ്തു.

ജറൂസലമിന്റെ നഷ്ടം യൂറോപ്പിനെ അങ്കലാപ്പിലാക്കി.  അപമാനിതരായ ക്രൈസ്തവര്‍ ഇളകി മറിഞ്ഞു. അവര്‍ മുസ്‌ലിംകളെയും സ്വലാഹുദ്ദീനെയും ശപിച്ചുകൊണ്ട് തെരുവുകളിലിറങ്ങി അലമുറയിട്ടു കരഞ്ഞു.

അന്നത്തെ പോപ്പ് അര്‍ബന്‍ മൂന്നാമനെ, ജറൂസലം നഷ്ടപ്പെട്ട വിവരമറിയിച്ചപ്പോള്‍, അദ്ദേഹത്തിനത് താങ്ങാനായില്ല. രോഗിയായിരുന്ന അദ്ദേഹം 1187 ഒക്ടോബറില്‍  മരിച്ചു. ഗ്രിഗറി എട്ടാമനാണ് തുടര്‍ന്ന് പോപ്പായത്. അദ്ദേഹത്തിന്റെ ആഹ്വാനമനുസരിച്ച്, ജര്‍മനിയിലെ ഫ്രെഡറിക് ബര്‍ബറോസ ഒന്നാമന്‍, ഫ്രാന്‍സിലെ ഫിലിപ്പ് അഗസ്റ്റസ് രണ്ടാമന്‍, ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് ഒന്നാമന്‍ (ദി ലയണ്‍) എന്നിവര്‍ സംയുക്തമായി മൂന്നാം കുരിശു യുദ്ധം 1189ല്‍ പ്രഖ്യാപിച്ചു.

1189 മെയ് 11ന് യാത്രയാരംഭിച്ച് ഏഷ്യാമൈനറിലെത്തിയ ജര്‍മന്‍ പട സിലിക്ക നദി മുറിച്ചു കടക്കവെ, നായകന്‍ ഫ്രെഡറിക് ബാര്‍ബറോസ മുങ്ങി മരിച്ചു. ഇതോടെ നല്ലൊരു വിഭാഗം സൈനികര്‍ പിന്തിരിഞ്ഞു. ലക്ഷ്യത്തിലെത്തും മുമ്പേ പിണഞ്ഞ വലിയൊരു പരാജയമായി കുരുശുപടക്കിത്.

മൂന്നു സൈന്യങ്ങളും ചേര്‍ന്ന് ഫലസ്തീനിലെ, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അക്ക കോട്ട ഉപരോധിച്ചു. റിച്ചാര്‍ഡിന്റെ വന്‍ നാവികപ്പടയുടെ നേതൃത്വത്തിലുള്ള ഈ ഉപരോധം സുല്‍ത്താനെ വട്ടം കറക്കി. ഇതിനെ പ്രതിരോധിക്കാവുന്ന ഒരു നാവികപ്പട മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല.

1189 ആഗസ്റ്റില്‍ (585 റജബ് 10) തുടങ്ങിയ ഉപരോധം രണ്ടു വര്‍ഷം നീണ്ടുനിന്നു. ജീവന്‍ കൊടുത്തും പ്രതിരോധം തീര്‍ത്ത പടയാളികളെ പരാജയപ്പെടുത്തിയ കുരിശുപട 1191 ജൂലൈ 11 (587 ജുമാദല്‍ ഉഖ്റാ 16)ന് കോട്ടയില്‍ പ്രവേശിച്ചു.സ്വലാഹുദ്ദീന്‍ സന്ധിക്കു തയ്യാറായി.  എന്നാല്‍ ജറൂസലം വേണമെന്ന റിച്ചാര്‍ഡിന്റെ ആവശ്യം സുല്‍ത്താന്‍ തള്ളി.  മറ്റുള്ളവ അംഗീകരിച്ചു.  സന്ധി പൊളിഞ്ഞു.

ഒടുവില്‍ കുരിശുപട അക്ക കോട്ട കീഴടക്കി.  കോട്ടക്കകത്തുണ്ടായിരുന്ന 3000 ഓളം മുസ്‌ലിം ഭടന്‍മാരെ അവര്‍ കൊന്നൊടുക്കി. കീഴടങ്ങിയ ഭടന്‍മാരെ പുറത്തു കൊണ്ടു വന്ന്   ബന്ധുക്കളുടെ മുന്നില്‍ വെച്ച് വധിച്ചു.  റിച്ചാര്‍ഡ് എന്ന ശിലാഹൃദയന്‍.

അക്കയില്‍ നിന്നും ജറൂസലമിലേക്കു നീങ്ങിയ കുരിശുപടയെ മുസലിം സൈന്യം തടഞ്ഞു.  ഖുദ്‌സിന്റെ സംരക്ഷണത്തിന് ജീവത്യാഗം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത സുല്‍ത്താന്റെയും സൈന്യത്തിന്റെയും മുന്നില്‍ റിച്ചാര്‍ഡും സൈന്യവും വെള്ളം കുടിച്ചു. ഒടുവില്‍ യൂറോ സേന്ക്ക് യുദ്ധം മടുത്തു.  റിച്ചാര്‍ഡ് സന്ധിക്ക് തയ്യാറായി.

സിറിയയിലെ ചില തീര പ്രദേശങ്ങളും ജാഫയും, ക്രൈസ്തവ തീര്‍ഥാടകര്‍ക്ക് ജറൂസലം സന്ദര്‍ശിക്കാനുള്ള അനുവാദവും സുല്‍ത്താന്‍ നല്‍കി.  സന്ധിയെ തുടര്‍ന്ന് 1192 ആഗസ്ത് 27ന് മൂന്നാം കുരിശുയുദ്ധവും അവസാനിച്ചു.
 


 

Feedback