Skip to main content

നാലാം കുരിശുയുദ്ധം

നാലാം കുരിശുയുദ്ധം ക്രൈസ്തവര്‍ക്കും യൂറോപ്പിനും ക്രൂരമായ ഒരു ഫലിതമായിട്ടാണ് പരിണമിച്ചത്.  മൂന്നാം കുരിശുയുദ്ധത്തില്‍ (1189-1192) സുല്‍ത്താന്‍ സ്വലാഹുദ്ദീനും റിച്ചാര്‍ഡ് ഹാര്‍ട്ടഡും തമ്മില്‍ ഒപ്പിട്ട യുദ്ധമില്ലാകരാറിനെ കാറ്റില്‍ പറത്തിയാണ് പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ നാലാം കുരിശു യുദ്ധത്തിന് ആഹ്വാനം നല്‍കിയത്.

സിറിയയിലെ തങ്ങളുടെ നിലനില്‍പ് സുരക്ഷിത്മാക്കാനും, സ്വലാഹുദ്ദീന്‍ മോചിപ്പിച്ചെടുത്ത ബൈതുല്‍ മുഖദ്ദസും, ബൈതുല്‍ മുഖദ്ദസ് സാമ്രാജ്യവും തിരിച്ചുപിടിക്കാനും ഈജിപ്ത് സ്വാധീനവലയത്തിലാക്കല്‍ അനിവാര്യമാണെന്ന് പോപ്പു കുരിശുപടയാളികളും യൂറോപ്പും മനസ്സിലാക്കി. ഈ പശ്ചാത്തലത്തിലാണ് പോപ്പ് ഈജിപ്തിനെ ലക്ഷ്യമാക്കികൊണ്ട് നാലാം കുരിശു യുദ്ധത്തിനാഹ്വാനം നടത്തുന്നത്.

ബൈത്തുല്‍ മുഖദ്ദസ് പിടിക്കാന്‍ സിറിയന്‍ തീരത്തേക്ക് പുറപ്പെട്ട കുരിശുപട ഒടുവില്‍ എത്തിപ്പെട്ടത് യൂറോപ്പിലെ അവരുടെ തന്നെ കേന്ദ്രമായ കോണ്‍സ്റ്റാന്‍ഡിനോപ്പി ളിലായിരുന്നു.  1203 ജൂണ്‍ 23 (599 ശവ്വാല്‍ 11)ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ തീരത്തെത്തിയ അവര്‍, പന്ത്രണ്ട് ദിവസത്തിനകം സൈനിക നീക്കം തുടങ്ങി. കൊള്ളയും കൊലയും ചുട്ടെരിക്കലും ദേവാലയ ധ്വംസനങ്ങളും നടത്തി അവര്‍ ആ നഗരത്തെ നശിപ്പിച്ചു.  കോണ്‍സ്റ്റാന്റിനോപ്പിളിലെ ഗ്രീക്കു ഭരണത്തിന് അന്ത്യം കുറിച്ച് തല്‍സ്ഥാനത്ത് ലാറ്റിന്‍ ഭരണം സ്ഥാപിച്ചു എന്നതാണ് നാലാം കുരിശു യുദ്ധത്തിന്റെ അനന്തരഫലം. 1204 ഏപ്രില്‍ 13 (600 ശഅ്്ബാന്‍ 10)നാണ് അവര്‍ നഗരം തങ്ങളുടെ വരുതിയിലാക്കിയത്.

അയ്യൂബി സുല്‍ത്താന്‍ മലിക് ആദില്‍ വെനീസിലെ ക്രൈസ്തവ വ്യാപാരികള്‍ക്ക് സിറിയന്‍ തുറമുഖങ്ങളില്‍ പാണ്ടിക ശാലകള്‍ തുറക്കാന്‍ അനുവാദം നല്‍കിയിരുന്നു.  വെനീസ് റിപ്പബ്ലിക് അധിപന്‍ ഡ്യൂക്ക് ഡാന്‍ഡുലോയുടേതായിരുന്നു ഇവയിലധികവും.

ഇതു മുതലെടുത്ത് കുരിശുപടയെ സിറിയന്‍ തീരങ്ങളില്‍ കപ്പല്‍ വഴി എത്തിക്കേണ്ട ചുമതല പോപ്പ് ഡ്യൂക്കിനെ ഏല്പിച്ചു. യുദ്ധമുതലില്‍ നിന്നുള്ള പങ്ക് പ്രതിഫലമായി വാഗ്്ദാനവും ചെയ്തു.

അക്കാലത്തെ വെനീസിന്റെ രണ്ട് വ്യാപാര എതിരാളികളായിരുന്നു അഡ്രാറ്റിക്കിലെ സാറാ തുറമുഖവും കോണ്‍സ്റ്റാന്റിനോപ്പിളും.  ഇത് രണ്ടും ക്രൈസ്തവരുടെ അധീനതയിലാണ്.  അതേ സമയം ഈജിപ്തും സിറിയയും വെനീസിന്റെ വ്യാപാര കേന്ദ്രങ്ങളുമായിരുന്നു.

ഡ്യൂക്ക് ഡാന്‍ഡുലോ തന്ത്രപരമായി കുരിശു പടയെ ആദ്യം സാറ തുറമുഖത്തേക്കും അവിടുന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും തിരിച്ചുവിട്ടു. സാറയെ അക്രമിച്ചത് സമ്പത്തിനായിരുന്നു. കോണ്‍സ്റ്റാന്‍ഡിനോപ്പിളാകട്ടെ പോപ്പിനു പകരം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ പിതാവ് പാത്രിയാര്‍ക്കീസിനെയായിരുന്നു അംഗീകരിച്ചിരുന്നത്.

ഈജിപ്ത് കീഴടക്കുക എന്ന തങ്ങളുടെ മുഖ്യലക്ഷ്യം വിസ്മരിച്ചുകൊണ്ട് കോണ്‍സ്റ്റാന്റി നോപ്പിളില്‍ മാത്രം ശ്രദ്ധയുടക്കി, നാലാം കുരിശുപടയും അവസാനിപ്പിച്ചു. നാലാം കുരിശു യുദ്ധം യൂറോപ്യര്‍ക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കിക്കൊടുത്തില്ല.
 

Feedback