Skip to main content

അബ്ദുറഹ്മാന്‍ മൂന്നാമന്‍

അബ്ദുറഹ്മാന്‍ രണ്ടാമന്റെ നിര്യാണശേഷം പുത്രന്‍ മുഹമ്മദ് ഒന്നാമന്‍ ഭരണമേറ്റു. ശേഷം മുഹമ്മദിന്റെ പുത്രന്‍ മുന്‍ദിറും പിന്നീട് മുന്‍ദിറിന്റെ സഹോദരന്‍ അബ്ദുല്ലയും സാരഥ്യം വഹിച്ചു. 72 സംവത്സരങ്ങള്‍ നീണ്ടുനിന്ന ഈ മൂവരുടെയും ഭരണകാലത്തിന് ചരിത്രപരമായ പ്രാധാന്യങ്ങളൊന്നുമുണ്ടായില്ല.

അബ്ദുല്ലയുടെ പൗത്രന്‍ അബ്ദുറഹ്മാന്‍ നാസിര്‍ (അബ്ദുറഹ്മാന്‍ മൂന്നാമന്‍) ആണ് പിന്നീട് കിരീടമണിഞ്ഞത്. ക്രി.വ. 912ലാണിത് (ഹി.300). 22കാരനായ ഈ അമീറാണ് മുസ്‌ലിം സ്‌പെയിനിന് നവോന്മേഷം പകര്‍ന്നത്.

മുഹമ്മദിന്റെ മകനായി ക്രി.891ല്‍ പിറന്ന അബ്ദുറഹ്മാന് ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ടു. പിതാമഹനില്‍ നിന്നാണ് ഭരണപാഠങ്ങള്‍ പഠിച്ചത്.

കഴിഞ്ഞ 70 വര്‍ഷത്തെ ഭരണം സ്‌പെയിനിനെ കനത്ത ആഭ്യന്തര സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടിരുന്നു. എല്‍വിറ, ജായിന്‍ എന്നിവിടങ്ങളിലെ കലാപകാരികളെ അദ്ദേഹം നേരിട്ടു. മലമ്പ്രദേശങ്ങളില്‍ വാസമുറപ്പിച്ച കൊള്ളക്കാരെ കീഴ്‌പ്പെടുത്തി. കലാപത്തിന് ശ്രമിച്ച ക്രൈസ്തവ തീവ്രവാദികളെ ഒതുക്കി. ടോളിഡോ, ലിയോണ്‍, നാഫാര്‍ എന്നിവിടങ്ങളിലെ കൈയേറ്റക്കാരെ തുരത്തിയോടിച്ചു.

ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സ്‌പെയിന്‍ അതിന്റെ പൂര്‍വ പ്രതാപം വീണ്ടെടുത്തു. എത്ര വലിയ കുറ്റവാളിക്കും മാപ്പ് നല്‍കുന്നതായിരുന്നു അബ്ദുറഹ്മാന്റെ പ്രകൃതം. അത് അദ്ദേഹത്തെ മഹാനാക്കി മാറ്റി. 

ഇതിനിടെ ആഫ്രിക്കയിലെ ഫാത്വിമികളും സ്‌പെയിന്‍ അക്രമിച്ചു. ക്രൈസ്തവരുടെ സഹകരണത്തോടെയായിരുന്നു ഇത്. എന്നാല്‍ അക്കാലത്തെ അബ്ദുറഹ്മാന്റെ കിടയറ്റ നാവികസേനക്കു മുമ്പില്‍ ഫാത്വിമി സേന നിലംപരിശായി.

അബ്ബാസികള്‍ ഖുവൈഹികളുടെ കളിപ്പാവകളായി മാറിയതോടെ അബ്ദുറഹ്മാന് അമീര്‍ എന്ന പദവി ഉപേക്ഷിച്ച് ഖലീഫ (അമീറുല്‍ മുഅ്മിനീന്‍) എന്ന് സ്വയം പ്രഖ്യാപിച്ചു. 929 ലാണ് (ഹി.317) പ്രഖ്യാപനമുണ്ടായത്.

ഇക്കാലത്ത് കൊര്‍ദോവ കൂടുതല്‍ പ്രതാപിയായി. 400 മുറികളുള്ള ഒരു വെണ്ണക്കല്‍ കൊട്ടാരം അറബ് വാസ്തുശില്പത്തിന്റെ മകുടോദാഹരണമായി. അര നൂറ്റാണ്ടുകാലം ഭരിച്ച്, സ്‌പെയിനിനെ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലാക്കി മാറ്റി. ക്രി. 961ല്‍ അദ്ദേഹം നിര്യാതനായി.

Feedback