Skip to main content

ഹകമുബ്‌നു ഹിശാം

ഹിശാമിന്റെ മരണശേഷം പുത്രന്‍ ഹകം ആണ് കിരീടം ചൂടിയത്. ഹകം പക്ഷേ, പിതാവിനെ പ്പോലെ പ്രാഗല്‍ഭ്യം കാണിച്ചില്ല. ധീരനും പ്രതിഭാധനനുമായിരുന്നു. എന്നാല്‍ ആഢംബരവും അമിതമായ സാഹിത്യോപാസനയും ശീലമാക്കി. ഇതു നിമിത്തം കൊട്ടാരത്തില്‍ ഗായികമാരും സാഹിത്യകാരന്‍മാരും നിറഞ്ഞു. എന്നാല്‍ മതപണ്ഡിതന്‍മാരെ തഴയുകയും ചെയ്തു. അവര്‍ മതകാര്യം നോക്കിയാല്‍ മതി എന്നായിരുന്നു ഹകമിന്റെ നയം.

അറബികള്‍, ക്രൈസ്തവര്‍, നവമുസ്‌ലിംകളായ സ്‌പെയിന്‍കാര്‍, അറബികള്‍ക്ക് സ്‌പെയിന്‍ സ്ത്രീകളില്‍ ജനിച്ചവര്‍ എന്നിവരാണ് സ്പാനിഷ് ജനതയിലുണ്ടായിരുന്നത്.

പണ്ഡിതര്‍ക്കെതിരായ ഹകമിന്റെ നയത്തിനെതിരെയും അറബികളുടെ അഹങ്കാര ഭാവത്തിനെതിരെയും മേല്‍പറഞ്ഞവരിലെ മൂന്നും നാലും വിഭാഗങ്ങള്‍ കലാപത്തിനിറങ്ങി. ക്രൈസ്തവരും അവസരം മുതലെടുത്തു. പിതൃവ്യരായ സുലൈമാനും അബ്ദുല്ലയും ഫ്രാന്‍സ് ചക്രവര്‍ത്തി ചാര്‍ലിമിന്റെ സഹായത്തോടെ ഹകമിനെതിരെ പടനയിച്ചു.

രാജ്യത്ത് മൊത്തം കലാപമായി. ബാര്‍സലോണ സുലൈമാനും ടോലഡോ അബ്ദുല്ലയും പിടിച്ചു. എന്നാല്‍ ധീരനായ ഹകം കലാപകാരികള്‍ക്കും ഫ്രാന്‍സിനുമെതിരെ ഒറ്റക്കു പൊരുതി. ഒടുവില്‍ വിജയം ഹകമിനു തന്നെയായി.

കലാപകാരികളെ നാടുകടത്തി. ബാര്‍സലോണയും ടൊലഡോയും തിരിച്ചു പിടിച്ചു. ഇതിനിടെ യഹ്‌യബ്‌നു യഹ്‌യ എന്ന പണ്ഡിതന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഹകമിനെ സ്ഥാന ഭ്രഷ്ടനാക്കാനും വധിക്കാനും ശ്രമം നടത്തി. ഇവരെയും അടിച്ചമര്‍ത്തി. മൊറോക്ക, അലക്‌സാണ്ട്രിയ എന്നിവിടങ്ങളിലേക്ക് 20,000ത്തിലധികം കുടുംബങ്ങള്‍ ഇതുകാരണം പലായനം ചെയ്തു.

27 വര്‍ഷം സ്‌പെയിന്‍ വാണ ഹകം ക്രി. 822ല്‍ (ഹി. 205) നിര്യാതനായി.
 

Feedback
  • Monday Dec 15, 2025
  • Jumada ath-Thaniya 24 1447