Skip to main content

അബ്ദുറഹ്മാന്‍ രണ്ടാമന്‍

32 വര്‍ഷം സ്‌പെയിന്‍ ഭരിച്ച അബ്ദുറഹ്മാന്‍ രണ്ടാമനാണ് ഹകമിന്റെ പിന്‍ഗാമിയായി അധികാരമേറ്റത് (ക്രി. 822 - 852). ദീര്‍ഘദൃഷ്ടിയോടെ രാജ്യം ഭരിച്ച ഇദ്ദേഹത്തിന്റെ രാജ്യതന്ത്രജ്ഞതയില്‍ സ്‌പെയിന്‍ അക്കാലത്തെ മികച്ച അറബി-മുസ്‌ലിം രാജ്യമായി മാറി.

ഫിലിപ്പ് കെ. ഹിറ്റി അബ്ദുറഹ്മാനെക്കുറിച്ച് രസകരമായ ഒരു വസ്തുത പങ്കുവെക്കു ന്നുണ്ട്. തന്റെ 'ഹിസ്റ്ററി ഓഫ് അറബ്‌സി'ല്‍.

''നാലുപേരായിരുന്നു അബ്ദുറഹ്മാന്റെ ഉപദേഷ്ടാക്കള്‍. ഒരു വനിത, ഒരു ഷണ്ഠന്‍, ഒരു മതപണ്ഡിതന്‍, ഒരുഗായകന്‍. ഭാര്യ സുല്‍ത്താന ത്വദൂബയായിരുന്നു വനിത. അംഗരക്ഷകന്‍ നസ്വ്‌റായിരുന്നു ഷണ്ഠന്‍. ഇദ്ദേഹം ബുദ്ധിമാനും സമര്‍ഥനുമായിരുന്നു. പിതാവ് ഹകമിന്റെ ബദ്ധവൈരിയായിരുന്ന യഹ്‌യബ്‌നു യഹ്‌യയായിരുന്നു മതപണ്ഡിതന്‍. ഇദ്ദേഹത്തെ അബ്ദുറഹ്മാന്‍ അനുനയിപ്പിച്ച് കൂടെ കൂട്ടിയതാണ്. പേര്‍ഷ്യന്‍ വംശജന്‍ സിര്‍യാബായിരുന്നു ഗായകന്‍. അമവികളുടെ ദര്‍ബാറിലെ ഗായകനായിരുന്ന സിര്‍യാബ് മനംമടുത്താണ് സ്‌പെയിനിലെത്തിയത്.''

ഇക്കാലത്ത് കൊര്‍ദോവ വിജ്ഞാനീയങ്ങളുടെ കേന്ദ്രമായി. പണ്ഡിതരുടെയും ശാസ്ത്രകാരന്‍മാരുടെയും അമൂല്യഗ്രന്ഥങ്ങളുടെയും പറുദീസയായ കൊര്‍ദോവ ബഗ്ദാദിനെപ്പോലും പിന്നിലാക്കി.

റോഡുകള്‍, പാലങ്ങള്‍, പട്ടണങ്ങള്‍, പള്ളികള്‍, മതപാഠശാലകള്‍, ആശുപത്രികള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പരക്കെ നിര്‍മിച്ചു.

ക്രൈസ്തവര്‍ക്ക് നല്ല പരിഗണന നല്‍കി, അവരെ ഉയര്‍ന്ന ജോലികളില്‍ നിയമിച്ചു. പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിച്ചു. ഇതു നിമിത്തം അവര്‍ മുസ്‌ലിംകളെ അതിരറ്റ് സ്‌നേഹിക്കുകയും അറബി പഠിക്കുകയും ചെയ്തു. നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ ജുലാജിസ് എന്ന പുരോഹിതന്‍ മതനിന്ദാ പ്രസ്ഥാനം ആരംഭിച്ചു. മുഹമ്മദ് നബിയെ നിന്ദിച്ച് മുസ്‌ലിം ക്രൈസ്തവ സൗഹൃദം തകര്‍ക്കലായിരുന്നു അയാളുടെ ശ്രമം. ഇതു പക്ഷേ അബ്ദുറഹ്മാന്‍ തകര്‍ത്തു. ഒടുവില്‍ ചര്‍ച്ച് തന്നെ ഈ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു.

ക്രി. 852ല്‍ (ഹി. 258) അബ്ദുറഹ്മാന്‍ അന്തരിച്ചു.

Feedback