Skip to main content

തത്ത്വശാസ്ത്രം

ഫിലോസഫി അഥവാ തത്ത്വശാസ്ത്രം അറബികളിലേക്കും മുസ്‌ലിംകളിലേക്കും കടന്നുവരുന്നത് ഗ്രീക്ക് തത്ത്വശാസ്ത്ര ചിന്തകളില്‍ കൂടിയാണ്. ഗ്രീക്ക് വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യം നേടിയ തത്ത്വശാസ്ത്രകാരന്‍മാര്‍ 'ഹുകമാഅ്' എന്നറിയപ്പെട്ടു. തത്ത്വശാസ്ത്രത്തില്‍ താത്പര്യം ജനിച്ചവരില്‍ ചിലര്‍ അതിനനുസരിച്ച് ഇസ്‌ലാമിക സിദ്ധാന്തങ്ങളും വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് ധൈഷണിക സംവാദങ്ങള്‍ക്കിടയാക്കി. അതേസമയം ധൈഷണികമായ ഉണര്‍വും ഉത്തേജനവും തത്ത്വശാസ്ത്ര ചര്‍ച്ചയിലൂടെ ഉണ്ടായി. പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും ചിന്തകളും ദര്‍ശനങ്ങളും ഗ്രീക്ക് രചനകളില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെയാണ് ഗ്രീക്ക് ഫിലോസഫി മുസ്‌ലിം ചിന്തകരിലെത്തിച്ചേരുന്നത്. 


കൂഫയില്‍ ജനിച്ച അബൂയുസുഫ് ഇസ്ഹാഖ് അല്‍ കിന്‍ദി (കി.801-871) യാണ് അറിയപ്പെട്ട ആദ്യത്തെ മുസ്‌ലിം തത്ത്വചിന്തകന്‍. പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും നിഗമനങ്ങളിലെ വൈരുധ്യങ്ങളെ സമന്വയിപ്പിക്കാന്‍ അല്‍ കിന്‍ദി ശ്രമിച്ചു. തുര്‍ക്കി വംശജനായ അല്‍ ഫാറാബി (മരണം ക്രി.950)യാണ് മറ്റൊരു ദാര്‍ശനികന്‍. പ്ലാറ്റോയുടെ 'ദ റിപ്പബ്ലിക്', അരിസ്‌റ്റോട്ടിലിന്റെ 'പൊളിറ്റിക്‌സ്' എന്നിവ യോജിപ്പിച്ച് ഫാറാബി രചിച്ച 'നിസായ അല്‍ മദനിയ്യ'യില്‍ ഒരു മാതൃകാ ഭരണം വിഭാവന ചെയ്യുന്നുണ്ട്. പ്രസിദ്ധ ഭിഷഗ്വരനായ ഇബ്‌നുസീനയും അറിയപ്പെട്ട ദാര്‍ശനികനാണ്. 


അറബി ഭാഷയില്‍ വിരചിതമായ തത്ത്വചിന്താ രചനകള്‍ മധ്യനൂറ്റാണ്ടുകളില്‍ ലാറ്റിന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ ഇതര ശാസ്ത്ര ശാഖകളെപ്പോലെത്തന്നെ ഫിലോസഫിയും ഗ്രീക്കില്‍ നിന്ന് അറബിയിലൂടെ യൂറോപ്പിലും അമേരിക്കയിലും എത്തിച്ചേര്‍ന്നു. യവന തത്ത്വചിന്തയനുസരിച്ച് പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം പത്ത് ബുദ്ധി (Intellect)കളില്‍ നിന്നാണ്. പത്താമത്തെ ബുദ്ധിയാണത്രെ ഭൂമിയും അതിലെ ചരാചരങ്ങളും. ഇതിനൊന്നും ഒരടിത്തറയുമില്ല. ഇമാം ഗസ്സാലി ഇത്തരം ചിന്തകളെ നിരാകരിച്ച് രചന നടത്തി. 


സ്പാനിഷ് തത്ത്വചിന്തയ്ക്ക് ജീവന്‍ നല്‍കിയ ഇബ്‌നു തുഫൈലിന്റെ 'ഹയ്യുബ്‌നു യഖ്ദ്വാന്‍' എന്ന ഭാവനാ സുരഭിലമായ അറബി കാല്പനിക കഥ വിശ്വപ്രസിദ്ധമാണ്. ഏകദൈവ വിശ്വാസത്തിലേക്ക് ചിന്തയെ കൊണ്ടുവരുന്ന ഈ കൃതി 1671ല്‍ ലാറ്റിനിലേക്കും പിന്നീട് ഡച്ചിലേക്കും 1920ല്‍ റഷ്യനിലേക്കും 1934ല്‍ സ്പാനിഷിലേക്കും 1935ല്‍ ഫ്രഞ്ചിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇബ്‌നു തുഫൈലിന്റെ പിന്‍ഗാമിയാണ് ഇബ്‌നു റുശ്ദ്. ഇബ്‌നു റുശ്ദ് ഭിഷഗ്വരനും തത്ത്വചിന്തകനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു. വിവിധ വിഷയങ്ങളില്‍ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച 'ബിദായത്തുല്‍ മുജ്തഹിദ്' ന്റെ കര്‍ത്താവ് ഇബ്‌നു റുശ്ദ് ആണ്. ഇമാം ഗസ്സാലി തത്ത്വചിന്തകര്‍ക്കെതിരെ രചിച്ച 'തഹാഫുത്തുല്‍ ഫലാസിഫ'യ്ക്ക് ഇബ്‌നു റുശ്ദ് എഴുതിയ ഖണ്ഡനമാണ് 'തഹാഫുത്തുത്തഹാഫുത്'. അദ്വൈത വാദവും സൂഫിസവുമായി ബന്ധിപ്പിച്ച് അദ്വൈത വാദത്തിന് ഇസ്‌ലാമിക മാനം നല്‍കിയ ദാര്‍ശനികനാണ് ഇബ്‌നു അറബി. ഈ ചിന്തയെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. നവ പ്ലാറ്റോണിസവും ഭാരതീയ ദര്‍ശനവും ശീആ തീവ്രവാദവും സൂഫിസത്തില്‍ പ്രതിഫലിക്കാന്‍ കാരണം ഇബ്‌നുഅറബിയുടെ ചിന്തകളാണ്.


 

Feedback
  • Saturday Apr 27, 2024
  • Shawwal 18 1445