Skip to main content

സയ്യിദ് സുലൈമാന്‍ നദ്‌വി

ബീഹാറിലെ പട്‌ന ജില്ലയില്‍ ദസ്‌ന ഗ്രാമത്തില്‍ ഹിജ്‌റ 1302 സ്വഫര്‍ 22ാം തിയ്യതി (ക്രി.1884 നവംബര്‍ 22) ഹുസൈനി കുടുംബ പരമ്പരയില്‍ ജനനം. പിതാവ് അബുല്‍ ഹസന്‍ വിദഗ്ധനായ ഒരു ഡോക്ടറും ജീവിത വിശുദ്ധിയുടെ ഉത്തമോദാഹരണവുമായിരുന്നു. മാതാവ് സയ്യിദ് ഖുതുബുന്നിസ.

സയ്യിദ് സുലൈമാന്‍ നദ്‌വി പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമത്തിലെ പ്രാഥമിക പാഠശാലയില്‍ നിന്ന് പേര്‍ഷ്യനും അറബി ഭാഷാവ്യാകരണങ്ങളും പഠിച്ചു. 1898ല്‍ ഫുല്‍വാരിയിലും 1899ല്‍ ദര്‍ഭംഗയിലും വിദ്യാര്‍ഥി എന്ന നിലയില്‍ താമസിച്ചു പഠനം തുടര്‍ന്നു. 14ാം വയസ്സില്‍ വിദ്യാര്‍ഥി സമാജത്തില്‍ 'സ്ത്രീ വിദ്യാഭ്യാസം' സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധം പട്‌നയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'അഖ്ബാറുല്‍ ബന്‍ജീനി'ല്‍ അച്ചടിച്ചുവന്നു. പതിനോഴാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ഥം ദാറുല്‍ഉലൂം നദ്‌വതുല്‍ ഉലമായില്‍ ചേര്‍ന്നു. 1907ല്‍ ബിരുദം നേടി പുറത്തിറങ്ങി. 

ശിബ്‌ലി നുഅ്മാനിക്കും സീറത്തുന്നബവിക്കുമൊപ്പം

1903ല്‍ 'കാലം' എന്ന തലക്കെട്ടില്‍ പ്രശസ്തമായ 'മഖ്‌സന്‍' മാസികയില്‍ ആദ്യ ലേഖനമെഴുതി. 'ഇസ്‌ലാമും ശാസ്ത്രവും' എന്ന പേരില്‍ എഴുതിയ ലേഖനം വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് എഴുത്തുകളുടെ ഒരു പ്രവാഹമായിരുന്നു. നദ്‌വിയുടെ മുഖപ്രതമായി സ്ഥാപിച്ച 'അന്നദ്‌വ' മാസികയുടെ മേല്‍നോട്ടം ശിബ്‌ലി നുഅ്മാനി നദ്‌വിയെഏല്‍പ്പിച്ചു. 1908ല്‍ ദാറുല്‍ ഉലൂമിലെ അധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. ഇതേസമയം 'ദുറൂസുല്‍ അദബ്' എന്ന പേരില്‍ രണ്ടു ഭാഗങ്ങളുള്ള ഒരു ഗ്രന്ഥം രചിച്ചു. 

1913ല്‍ മൗലാന അബുല്‍ കലാം ആസാദിന്റെ ക്ഷണ്രപകാരം അദ്ദേഹം, കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചിരുന്ന 'അല്‍ ഹിലാല്‍' മാസികയില്‍ ചേര്‍ന്നു. അതേവര്‍ഷം ബോംബെ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പൂന ഡക്കാന്‍ കോളജില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. മൂന്ന് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. 1912ല്‍ സയ്യിദ് റശീദ് രിദായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ 'അല്ലുഗതുല്‍ ജദീദ' എന്ന പേരിലുള്ള ആധുനിക അറബി സാങ്കേതിക പദങ്ങളുടെയും പ്രയോഗങ്ങളുടെയും നിഘണ്ടു പ്രകാശനം ചെയ്യപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം നദ്‌വിക്കായിരുന്നു. രണ്ടു ഭാഗങ്ങളായി ഇറക്കിയ 'അര്‍ദുല്‍ ഖുര്‍ആന്‍' മറ്റൊരു പ്രധാന കൃതിയാണ്.

'സീറതുന്നബവി'യുടെ രചന പാതിവഴിക്ക് വച്ച് ഗുരു നുഅ്മാനി 1914ല്‍ മരണപ്പെട്ടപ്പോള്‍ പൂര്‍ത്തീകരിക്കുവാനുള്ള ഉത്തരവാദിത്വം ശിഷ്യനെ ഏല്‍പിച്ചിരുന്നു. പൂനെയിലെ ഉദ്യോഗം രാജിവെച്ച് നദ്‌വി അഅ്‌സംഗഡിലെത്തി 'ദാറുല്‍ മുസന്നിഫീന്‍' (എഴുത്തുകാരുടെ യോഗം) എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. ബഗ്ദാദിലെ 'ദാറുല്‍ ഹിക്മ'യുടെ ഭാരതീയ പതിപ്പായിരുന്ന ഈ സ്ഥാപനം ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തിനു നല്‍കിയ സംഭാവന അതുല്യമാണ്.

1918ല്‍ 'സീറത്തുന്നബവി' ക്രോഡീകരിച്ച് ഒന്നാം ഭാഗവും അടുത്തവര്‍ഷം രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു. മറ്റു ഭാഗങ്ങള്‍ എഴുതി പൂര്‍ത്തീകരിച്ചത് സയ്യിദ് നദ്‌വിയാണ്. മറ്റു പ്രധാന കൃതികളായ ഹ്രസത്ത് ആഇശ, വീരാംഗനകള്‍ (ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്) അറബികളുടെ കപ്പലോട്ടം, ഇന്തോ അറബ് ബന്ധങ്ങള്‍ (വിചാരം ബുക്‌സ്) എന്നിവ മൊഴി മാറ്റം നടത്തി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സീറ: മാലക്, ഖയാം, നുകൂശ സുലൈമാനി, ഹയാതെ ശിബ്‌ലി തുടങ്ങിയവയാണ് മറ്റു കൃതികള്‍.

ഖിലാഫത്തിനും കോണ്‍ഗ്രസിനുമൊപ്പം

പ്രത്രപവര്‍ത്തന രംഗങ്ങളില്‍ തന്റെ കഴിവു തെളിയിച്ച സയ്യിദ് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ തന്റെ സജീവ സാന്നിധ്യം വ്യാപിപ്പിച്ചു. 1915-16 വര്‍ഷങ്ങളില്‍ അബ്ദുല്‍ ബാരി ഫറങ്കി മഹലിയോടൊപ്പം സജീവ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടു. 1915ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആദ്യയോഗം ലഖ്‌നൗവില്‍ സമ്മേളിച്ചപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പണ്ഡിതരുടെയും ഇടയിലെ കണ്ണിയായി അദ്ദേഹം. 1920ല്‍ മൗലാന മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലേക്ക് പോയ മൂന്നംഗ ഖിലാഫത്ത് പ്രതിനിധിസംഘത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. സയ്യിദ് ഹുസൈനുല്‍ ബീഹാരിയായിരുന്നു മറ്റൊരാള്‍. 

1920ല്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി മറ്റു നേതാക്കളോടൊത്ത് ഇന്ത്യ മുഴുവന്‍ പര്യടനം നടത്തി. 1921ല്‍ അഹ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
1924ല്‍ അബ്ദുല്‍ അസീസ് ആലു സുഊദിന് ഹിജാസിന്റെ അധികാരം ലഭിച്ചപ്പോള്‍ ശരീഫ് ഹുസൈനും അദ്ദേഹവും തമ്മിലുള്ള ഒരു യുദ്ധത്തിന്റെ സാധ്യത കണ്ടറിഞ്ഞ ഇന്ത്യന്‍ മുസ്‌ലിം നേതാക്കള്‍ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ നേതൃത്വത്തില്‍ ഒരു നിവേദക സംഘത്തെ ഹിജാസിലേക്ക് അയച്ചു. തന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതിന് വേണ്ടി ഇബ്‌നു സുഊദ് 1926ല്‍ ലോക മുസ്‌ലിം പണ്ഡിതന്‍മാരെയും നേതാക്കളെയും ക്ഷണിച്ചു കൊണ്ട് അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സ് നടത്തിയപ്പോള്‍ ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്വമുണ്ടായിരുന്ന സുലൈമാന്‍ നദ്‌വിയെ അതിന്റെ സഹാധ്യക്ഷനുമാക്കി. മറ്റൊരു ഇന്ത്യന്‍ പണ്ഡിതനും ലഭിക്കാത്ത പദവിയായിരുന്നു അത്. 

ഖുത്തുബാത്തെ മദ്രാസ് 

1925ല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ സീറത്തുന്നബി (പ്രവാചക ചര്യ) എന്ന വിഷയത്തെ ആസ്പദമാക്കി ബാംഗ്ലൂരില്‍ നടത്തിയ വിജ്ഞേയങ്ങളായ എട്ടു പ്രഭാഷണങ്ങളാണ് 'ഖുത്ബാതെ മ്രദാസ്.' കെ കെ മുഹമ്മദ് അബ്ദുല്‍ കരീം പരിഭാഷപ്പെടുത്തി 'ഇസ്‌ലാമിന്റെ സന്ദേശം' എന്ന പേരില്‍ മലയാളത്തില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാചകചര്യ ഇത്ര സമഗ്രമായി പ്രതിപാദിക്കുന്ന പ്രസംഗങ്ങള്‍ വളരെ കുറവാണെന്നാണ് പണ്ഡിതപക്ഷം. 

ദേശീയ ഭാഷാപ്രശ്‌നത്തില്‍ കൂടിയാലോചനയ്ക്കായി 1944ല്‍ മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ അദ്ദേഹത്തിന് കത്തയച്ചു. ഹിന്ദു മുസ്‌ലിം മൈ്രതിക്കുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി 1943ല്‍ അദ്ദേത്തിന് ഹോണററി  ഡോക്ടറേറ് ബിരുദം നല്‍കി ആദരിച്ചു.

മൂന്ന് ഹജ്ജ് നിര്‍ഹിച്ച അദ്ദേഹം നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് ഓറിയന്റലിസ്റ്റ് പണ്ഡിതന്‍മാരുമായി സംഭാഷണങ്ങളും സംവാദങ്ങളും നടത്തിയിട്ടുണ്ട്. 1946ല്‍ ഭോപാല്‍ നവാബ് ഹമീദുല്ലാഖാന്റെ ക്ഷണം അനുസരിച്ച് ഭോപാലിലെ ചീഫ് ജസ്റ്റിസ് പദവിയും അഹ്മദിയ്യ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ പദവിയും ഏറ്റെടുത്തു. 1946 മുതല്‍ മൂന്ന് വര്‍ഷം പദവിയില്‍ തുടര്‍ന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ഭോപാല്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കപ്പെടുകയും ചെയ്തതോടെ പദവിയില്‍ നിന്ന്  വിരമിച്ചു. 

പാകിസ്താന്‍ ഭരണകൂടത്തിലെ നേതാക്കളുടെയും പണ്ഡിതരുടെയും നിരന്തര ക്ഷണം മാനിച്ച് 1950 മുതല്‍ ജീവിതം പാകിസ്താനിലേക്ക് മാറ്റി. ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാമി പാകിസ്താനിയുടെ അധ്യക്ഷന്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റി കമ്മീഷന്‍ അംഗം, അറബി വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, ലോ കമ്മീഷന്‍ മെമ്പര്‍, കറാച്ചി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പാകിസ്താന്‍ ഹിസ്റ്ററിക്കല്‍ കോണ്‍ഫ്രന്‍സ് അംഗം തുടങ്ങിയ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചു. പാകിസ്താന്‍ ഭരണഘടനക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു.

1953 നവംബര്‍ 23ന് തന്റെ 69ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

സയ്യിദിന്റെ രചനകളായ (പ്രഭാഷണശേഖരം) അറബികളുടെ കപ്പലോട്ടം (കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം), സീറതു ആഇശ (എം പി എം അബ്ദുറഹ്മാന്‍ കുരിക്കള്‍), ഇന്തോ അറബ് ബന്ധങ്ങള്‍, വീരാംഗനകള്‍ (സിദ്ദീഖ് നദ്‌വി) എന്നിവ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

Feedback