Skip to main content

മൗലാനാ ശൗക്കത്തലി

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അവസാനത്തെ പ്രസിഡണ്ടും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മുഹമ്മദലി ജിന്നയുടെയും അടുത്ത സുഹൃത്തുമായിരുന്ന  മൗലാനാ മുഹമ്മദലി ജൗഹറിന്റെ ജ്യേഷ്ഠ സഹോദരനായിരുന്ന മൗലാന ശൗക്കത്തലി.  അനുജന്റെ പോരാട്ടങ്ങളുടെ കൂടെ നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. മുഹമ്മദലി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പത്രം സ്വന്തമായി പുറത്തിറക്കിക്കൊണ്ട് ശൗക്കത്തലി സ്വാതന്ത്ര്യ സമരത്തെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

1873ല്‍ ഉത്തര്‍ പ്രദേശിലെ റാംപൂരില്‍ അബ്ദുല്‍ അലിഖാന്റെയും അബാദി ബീഗത്തിന്റെയും മകനായി ജനിച്ചു. അലിഗർ മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം.  പഠനത്തോടൊപ്പം കളിയിലും മികവ് പുലര്‍ത്തിയിരുന്ന ശൗക്കത്തലി അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 1896 മുതല്‍ 1913 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണ പ്രദേശമായ 'ഔധിലും' 'ആഗ്ര'യിലും സിവില്‍ സര്‍വീസ് ഓഫീസറായി 17 വര്‍ഷം ജോലി ചെയ്തു.

ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ തന്റെ അനുജന്‍ മുഹമ്മദലി ജൗഹറിന്റെ കൂടെ ചേര്‍ന്ന് സ്വരാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി. മുഹമ്മദലി ജൗഹര്‍ പുറത്തിറക്കിയിരുന്ന ഉര്‍ദു ആഴ്ചപ്പതിപ്പായിരുന്ന 'ഹംദര്‍ദി'നെയും ഇംഗ്ലീഷ് ആഴ്ചപ്പതിപ്പാ യിരുന്ന 'കോമ്രേഡി' നെയും സഹായിച്ചെന്ന പേരില്‍ മൗലാന ശൗക്കത്തലിയെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയ്ക്കുകയും ചെയ്തു.  വിവിധ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന അദ്ദേഹത്തെ 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഗാന്ധിജിയുടെ കൂടെ നിസ്സഹകരണ പ്രസ്ഥാനത്തിലും പങ്കെടുത്തതിന്റെ പേരില്‍ 1921 മുതല്‍ 1923 വരെ രാജ് കോട്ട് ജയിലിടച്ചു. അദ്ദേഹത്തിന്റെ ധീരതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും കണ്ട അനുയായികള്‍, അദ്ദേഹത്തിന് 'മൗലാനാ' എന്ന പേരും നല്‍കി.  മൗലാനാ ശൗക്കത്തലി എന്ന് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അഭിസംബോധന ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവ പങ്കു വഹിച്ചു. നെഹ്‌റുവിന്റെ ചില നിലപാടുകളോട് എതിര്‍പ്പുണ്ടായിരുന്ന മൗലാനാ ശൗക്കത്തലി 'റവല്യുഷണറി ഇന്‍ഡിപ്പെന്‍ഡന്‍സ് മൂവ്മന്റി'നെ അതിന്റെ അവസാനം വരെ ശക്തമായി പിന്തുണച്ചു.  എത്രത്തോളമെന്നാല്‍ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന 'സചീന്ദ്രനാഥ് സത്യ'ക്ക് തോക്കുകള്‍ എത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

1930ലും 31ലും നടന്ന ഒന്നും രണ്ടും വട്ടമേശ സമ്മേളനങ്ങളില്‍ മൗലാന പങ്കെടുത്തു.  ഒന്നാം സമ്മേളനത്തിനു ശേഷം സഹോദരന്‍ മുഹമ്മദലി ജൗഹര്‍ അന്തരിച്ചെങ്കിലും അദ്ദേഹം തുടരുകയും അനുജന്റെ ഖബറിടം സ്ഥിതിചെയ്യുന്ന ജറുസലേമില്‍ വെച്ച് ലോക മുസ്‌ലിം സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു.  ഇന്ത്യന്‍ മുസ്്‌ലിംകളെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി മിഡില്‍ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും അദ്ദേഹം യാത്ര ചെയ്തു.  സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താന്‍ അഹോരാത്രം പരിശ്രമിച്ച ആ മഹാവ്യക്തിത്വം, 1938 നവംബര്‍ 26ന് തന്റെ 65ാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങി.

Feedback