Skip to main content

സുലൈമാന്‍ ഒന്നാമന്‍

ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് ആണ്. ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു.  1520 മുതല്‍ 1566 വരെ ഒട്ടോമാന്‍ തുര്‍ക്കിയുടെ ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ സുലൈമാന്‍ (സുലൈമാന്‍ ഒന്നാമന്‍). ഒട്ടോമാന്‍ സാമ്രാജ്യത്തിലെ പത്താമത്തേതും, ഏറ്റവുമധികം നാള്‍ ഭരണം നടത്തിയതുമായ സുല്‍ത്താനാണ് ഇദ്ദേഹം. 
സുല്‍ത്താന്‍ സലീമിന്റെ ഏക മകനായി 1494 നവംബര്‍ ആറിന് ട്രാബ്‌സണ്‍ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ആയിശ ഹഫ്‌സാ സുല്‍ത്താനാണ് മാതാവ്. 17ാം വയസ്സില്‍ കാഫയിലെ (തിയോഡോസിയ) ഗവര്‍ണറായി നിയമിക്കപ്പെട്ടു. പിതാവ് സലിം ഖലീഫയുടെ മരണത്തിന് ശേഷം 26ാമെത്ത വയസ്സില്‍ തുര്‍ക്കിയുടെ പത്താമത്തെ ഖലീഫയായി സുല്‍ത്താന്‍ അധികാരമേറ്റു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് സുല്‍ത്താന്‍ സുലൈമാനെ ചില ചരിത്രകാരന്‍മാര്‍ ഉപമിക്കുന്നുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. ഖാനൂനി സുല്‍ത്താന്‍ സുലൈമാന്‍ എന്നും അറിയപ്പെട്ടിരുന്നു.

 
സുലൈമാന്റെ ഭരണകാലത്ത് ഒട്ടോമാന്‍ സാമ്രാജ്യം യുറോപ്പിലേക്ക് വ്യാപിച്ചു. ഹംഗറി കീഴടക്കുകയും ഓസ്ട്രിയ ആക്രമിക്കുകയും ചെയ്തു. ഇതിനു പുറമേ ബഗ്ദാദും ഇറാഖും സാമ്രാജ്യത്തിന്റെ ഭാഗമാക്കി. മൊറോക്കോ വരെയുള്ള ഉത്തരാഫ്രിക്കയുടെ മിക്ക ഭാഗങ്ങളും ഒട്ടോമാന്‍ മേല്‍ക്കോയ്മ അംഗീകരിച്ചു. സുലൈമാന്റെ കാലത്ത് നിരവധി നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന തന്റെ സാമ്രാജ്യത്തിലെ ഭരണനടപടികളെ ഏകരൂപത്തിലാക്കുന്നതിനാണ് ഈ നിയമങ്ങള്‍ നടപ്പിലാക്കിയത്. പ്രത്യേകിച്ചും കൃഷിക്കാരെ നിര്‍ബന്ധിത തൊഴിലില്‍ നിന്നും അസാധാരണ നികുതികളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഈ നിയമങ്ങള്‍ ഉപകരിച്ചു. 

പ്രശസ്തനായ സ്വര്‍ണപ്പണിക്കാരനും കവിയുമായിരുന്നു സുലൈമാന്‍. തുര്‍ക്കി ഭരണത്തിലെ സുവര്‍ണ കാലഘട്ടമെന്നാണ് സുല്‍ത്താന്‍ ഒന്നാമന്റെ ഭരണകാലഘട്ടം അറിയപ്പെട്ടിരുന്നത്. സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം ഏറെ മുന്നിട്ടുനിന്നിരുന്നു. ക്രിസ്തു മതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്ന റുക്‌സാനയാണ് അദ്ദേഹത്തിന്റെ ഭാര്യ. സലിം രണ്ടാമനാണ് സുലൈമാന്റെ മകന്‍. സുലൈമാന്റെ മരണത്തിന് ശേഷം സലിം രണ്ടാമനായിരുന്നു അധികാരം കൈയാളിയിരുന്നത്. 

1566 സ്‌പെ്തംബര്‍ ഏഴിന് ഹംഗറിയിലെ സിഗത്‌വറില്‍ വെച്ച് അന്തരിച്ചു. ഇസ്താംബൂളിലെ സുലൈമാനിയ പള്ളിയിലാണ് മൃതദേഹം ഖബറക്കിയത്.


 

Feedback