Skip to main content

ഉമര്‍ മുഖ്താര്‍

കോളനിവത്കരണത്തിന്റെ ഭാഗമായി ലിബിയയിലെത്തിയ ഇറ്റാലിയന്‍ ഭരണകൂടത്തെ രണ്ടു ദശാബ്ദത്തിലേറെ കാലം വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ട വീര്യത്തിന്റെ പേരാണ് ഉമര്‍ മുഖ്താര്‍. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇറ്റലിക്കെതിരെ ഉമര്‍ മുഖ്താറിന്റെ   നേതൃത്വത്തില്‍ സൈന്യം നടത്തിയത് 74 വന്‍പോരാട്ടങ്ങളും 270 സായുധ സംഘട്ടനങ്ങളുമായിരുന്നു. അതിശക്തനായ ഭരണാധികാരിയായി ചരിത്രം വാഴ്ത്തുന്ന ജനറല്‍ മുസ്സോളിനിക്ക് ലിബിയയിലെ ജനറല്‍മാരെ മാറ്റേണ്ടി വന്നത് അഞ്ചു തവണയാണ്. ലിബിയയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം സമരം നയിച്ച ധീരസേനാനിയായിരുന്നു ഉമര്‍ മുഖ്താര്‍. 

ലിബിയയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അല്‍ബത്വ്‌നാനിനടുത്ത ദഫ്‌നയില്‍ 1857ലാണ് ഉമര്‍ മുഖ്താറിന്റെ ജനനം. പിതാവ് മുഖ്ത്വാറുബ്‌നു ഉമര്‍. മാതാവ് ആഇശ. അഞ്ച് വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും മുഖ്താറിനെ പാഠശാലയിലേക്കയച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ജഗ്ബൂബില്‍ സനൂസി പ്രസ്ഥാനക്കാര്‍ നടത്തുന്ന പാഠശാലയിലേക്കാണ് മുഖ്താറിനെ പറഞ്ഞയച്ചത്. ഇസ്‌ലാമിക നവോത്ഥാന സംരംഭത്തില്‍ ഏര്‍പ്പെട്ടിരുന്ന സനൂസി പ്രസ്ഥാനക്കാര്‍ക്ക് ലിബിയയില്‍ ധാരാളം സ്ഥാപനങ്ങളുണ്ടായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, അതിഥികള്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക മുറികളുണ്ടായിരിക്കും. അവര്‍ പരസ്പരം ഇഖ്‌വാന്‍ (സഹോദരങ്ങള്‍) എന്നു മാത്രമേ അഭിസംബോധന ചെയ്യുകയുള്ളൂ. ഓരോ വിദ്യാലയത്തോടനുബന്ധിച്ചും കൃഷിയിടങ്ങളുണ്ടായിരിക്കും. അന്തേവാസികള്‍ തന്നെയാണ് എല്ലാ ജോലികളും ചെയ്യുക. ചെറിയ വ്യവസായ സ്ഥാപനങ്ങളും നടത്താറുണ്ട്. ഇതുമൂലം സാമ്പത്തിക പര്യാപ്തത നേടുന്നതിനു പുറമെ ഗ്രാമീണരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താനും കഴിയുന്നു. മിക്കവാറും സ്ഥാപനങ്ങളില്‍ കായിക പരിശീലന കേന്ദ്രങ്ങളുമുണ്ടായിരുന്നു. ഇസ്‌ലാമിനെ സമഗ്രമായി ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഈ രീതി വളരെ ഫലവത്തായിരുന്നു. 

എട്ടു കൊല്ലം ജഗബൂബ് സാവിയയില്‍ പഠിച്ച അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ സനൂസി ഗുരുക്കന്‍മാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ അല്‍ജബലുല്‍ അഖ്ദറിലെ ഖസൂരില്‍ അവര്‍ നടത്തുന്ന വിദ്യാലയത്തിന്റെ ചുമതല അദ്ദേഹത്തെ ഏല്പിച്ചു. നിയമത്തെ അനുസരിക്കാന്‍ പഠിച്ചിട്ടില്ലാത്ത ഒരു തരം പ്രാകൃതരായിരുന്നു അന്നാട്ടുകാര്‍. ഗ്രാമീണരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ആദരവു നേടിയെടുക്കാനുള്ള മുഖ്താറിന്റെ കഴിവ് അനിതര സാധാരണമായിരുന്നു.

1911ലാണ് കൊളോണിയല്‍ സ്വപ്‌നങ്ങളുമായി ഇറ്റലി ലിബിയയിലേക്ക് കടന്നുവരുന്നത്. പൊതുവെ ദുര്‍ബലമായിക്കഴിഞ്ഞ തുര്‍ക്കിക്ക് വന്‍ ശക്തിയായി മാറിക്കഴിഞ്ഞ ഇറ്റലിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. 1912ല്‍ തുര്‍ക്കികള്‍ ലിബിയ വിട്ടുപോയി. ശക്തമായ ചെറുത്തു നില്പുമായി സനൂസികള്‍ രംഗത്തുവന്നു. 1911-12 കാലഘട്ടത്തില്‍ നാമമാത്രമായി സമരരംഗത്ത് തുര്‍ക്കി സൈന്യമുണ്ടായിരുന്നെങ്കിലും 1912ല്‍ തുര്‍ക്കി പിന്‍മാറിയതോടെ ചെറുത്തുനില്പ് സമരം പൂര്‍ണമായും സനൂസികള്‍ ഏറ്റെടുത്തു. ഉമര്‍ മുഖ്താറായിരുന്നു ആദ്യം മുതലേ സൈന്യത്തെ നയിച്ചിരുന്നത്. ഗറില്ലാ യുദ്ധമായിരുന്നു മുഖ്താര്‍ ആവിഷ്‌കരിച്ചിരുന്നത്. യുദ്ധം തുടങ്ങുന്നതിനു മുമ്പെ ഒരു കപ്പല്‍ നിറയെ ആയുധം തുര്‍ക്കി അയച്ചിരുന്നതുകൊണ്ട് എല്ലാവരും സായുധരായിരുന്നു. 1912ല്‍ ഇറ്റലിയുമായി സന്ധി ചെയ്തു തുര്‍ക്കി പിന്‍മാറുമ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും സനൂസികള്‍ക്ക് കൈമാറിയിരുന്നു. അങ്ങനെ പലവിധേന ധാരാളം ആയുധം അവരുടെ പക്കലുണ്ടായിരുന്നു.

പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ നിര്‍ലോഭമായ സഹകരണവും പിന്തുണയും ഉമര്‍ മുഖ്താറിന്റെ പോരാട്ടത്തിന് ശക്തി പകര്‍ന്നു. സകാത്തും (നിര്‍ബന്ധ ദാനം) സദഖ(ദാനം)യും കൃത്യമായി നല്കിയും ഓരോ ഗോത്രവും അവരുടെ ജനസംഖ്യക്ക് ആനുപാതികമായി പോരാളികളെ നല്കിയും മറ്റുമാണ് സമരത്തെ സഹായിച്ചത്. പലപ്പോഴും പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഇറ്റലി, യോദ്ധാക്കളെ ഭിന്നിപ്പിക്കുവാനും വശീകരിക്കുവാനും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. തന്ത്രശാലിയായി മാറിക്കഴിഞ്ഞിരുന്ന ഉമര്‍ മുഖ്താറിനെ വധിക്കാന്‍ കരയിലും കടലിലും പാത്തും പതുങ്ങിയും ഇറ്റാലിയന്‍ സൈന്യം കാത്തുനിന്നു.

ലിബിയയില്‍ നിരന്തരമായി പരാജയം ഏറ്റുവാങ്ങിയ ഇറ്റലിയുടെ ഏകാധിപതി ജനറല്‍ മുസ്സോളിനി 1920ല്‍ ജനറല്‍ ബറ്റോലിയയെ പുതിയ ഭരണാധികാരിയായി നിയമിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ സൈനിക വ്യക്തിത്വമായിരുന്നു മാര്‍ഷല്‍ ബറ്റോലിയോ. ലിബിയയിലെത്തിയ അദ്ദേഹം ചെയ്തത് മുജാഹിദുകളോട് സമാധാനം പാലിക്കാന്‍ ആഹ്വാനം നടത്തുകയും അല്ലെങ്കില്‍ അവരെ ഉന്‍മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇറ്റാലിയന്‍ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടാണ് മുജാഹിദുകള്‍ ഇതിനോട് പ്രതികരിച്ചത്. നില്ക്കക്കള്ളിയില്ലാതെ 1929 ഫെബ്രുവരി 13ന് മാര്‍ഷലും ഉമര്‍ മുഖ്താറും സന്ധിസംഭാഷണം ആരംഭിച്ചു. തന്ത്രപരമായി ഉമര്‍ മുഖ്താറിനെ വരുതിയിലാക്കുകയെന്ന ലക്ഷ്യമല്ലാതെ സ്വാതന്ത്ര്യം നല്കുന്നതിനെക്കുറിച്ച് അവര്‍ ഒരക്ഷരം ഉരിയാടിയില്ല. അതോടെ സംഭാഷണം പരാജയപ്പെട്ടു.

ചര്‍ച്ച അലസിപ്പിരിയുകയും ഇറ്റലിയുടെ നിബന്ധനകള്‍ മുജാഹിദുകള്‍ നിരസിക്കുകയും ചെയ്തപ്പോള്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് ജനറല്‍ ഗാസിയാനിയെ ലിബിയയിലേക്കു നിയമിച്ചു. ആസൂത്രിത നീക്കത്തിലൂടെ മുഖ്താറിനെയും അനുയായികളെയും വധിക്കുകയായിരുന്നു ലക്ഷ്യം. അതിനുള്ള പരിപാടികള്‍ ഒന്നൊന്നായി നടപ്പിലാക്കി. ജനങ്ങളില്‍ നിന്ന് മുഴുവന്‍ ആയുധങ്ങളും പിടിച്ചെടുത്ത് അവരെ ഇറ്റാലിയന്‍ സൈനിക കേമ്പിനു സമീപം താമസിപ്പിച്ചു. ആയുധവും ആഹാരവും ലഭിക്കുന്ന എല്ലാ മാര്‍ഗവും കൊട്ടിയടച്ചു. മുജാഹിദുകളുമായി ബന്ധപ്പെടുന്നുവെന്ന് കരുതുന്നുവരെ വിചാരണപ്രഹസനം നടത്തി വധിച്ചു. എങ്കിലും അവരുടെ അഹന്തയെ തോല്പിക്കുമാറുള്ള മിന്നലാക്രമണങ്ങള്‍ നടത്തി മുജാഹിദുകള്‍ തിരിച്ചടിച്ചു. അതിര്‍ത്തിയില്‍ വൈദ്യുതി കമ്പിവേലി പണിത് ഈജിപ്തുമായുള്ള മുജാഹിദുകളുടെ സര്‍വ ബന്ധങ്ങളും വിലക്കി.

ലിബിയന്‍ ജനതയുടെ ദുരിതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറം ലോകം അറിഞ്ഞു. അറബ് പത്രങ്ങള്‍ ഇറ്റലിയുടെ ക്രൂരകൃത്യങ്ങള്‍ പ്രസിദ്ധീകരിച്ചു. അറബ് ജനത ലിബയയോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രശ്‌നം ആഗോളമാനം സ്വീകരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഭയന്ന് ഇറ്റാലിയന്‍ വിദേശ മന്ത്രാലയം പ്രശ്‌നപരിഹാരത്തിന് സൈനികേതര മാര്‍ഗങ്ങള്‍ ആരായാന്‍ തുടങ്ങി. പക്ഷേ, ശ്രമം വിജയം കണ്ടെത്തും മുമ്പ് ഒരു പോരാട്ടത്തില്‍ കുതിരപ്പുറത്തുനിന്ന് തെറിച്ചുവീണ ഉമര്‍ മുഖ്താര്‍ ശത്രുക്കളുടെ പിടിയലകപ്പെട്ടു. 1931 സപ്തംബര്‍ 11നായിരുന്നു അത്. ബന്ധനത്തിലായ മുഖ്താറിനെ സുശക്തമായ പട്ടാളക്കാവലില്‍ യുദ്ധവിമാനത്തില്‍ തലസ്ഥാനമായ ബന്‍ഗാസിയിലേക്കു കൊണ്ടുപോയി ജയിലിലടച്ചു.

സപ്തംബര്‍ 15നു ഔദ്യോഗിക വിചാരണ ആരംഭിക്കുന്നതിനു മുമ്പ് ചങ്ങലയില്‍ ബന്ധിക്കപ്പെട്ട മുഖ്താറിനെ ഗാസിയാനിയുടെ ഓഫീസില്‍ ഹാജരാക്കി. സമരയോദ്ധാക്കളോട് ആയുധം വെച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടാല്‍ നിരുപാധികം വിട്ടയക്കാമെന്ന വാഗ്ദാനം അദ്ദേഹം തള്ളി. അന്യായമായ വിചാരണക്കുശേഷം 1931 സപ്തംബര്‍ 16 ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ഇരുപതിനായിരത്തോളം പേരുടെ സാന്നിധ്യത്തില്‍ സലൂഖ് എന്ന സ്ഥലത്ത് വെച്ച് ധീര പോരാളി ഉമര്‍ മുഖ്താറിനെ അവര്‍ തൂക്കിലേറ്റി. ലിബിയന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയും ഇസ്‌ലാമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും അവസാനം വരെ പൊരുതിയ നേതാവാണ് ഉമര്‍ മുഖ്താര്‍. 

Feedback
  • Friday May 3, 2024
  • Shawwal 24 1445