Skip to main content

അല്‍ ജസരി

ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ എന്‍ജിനീയറിംഗ് മേഖലയിലുണ്ടായ വികാസത്തിന്റെ നിദര്‍ശനമാണ് അറബി ഗണിതശാസ്ത്രജ്ഞനും നിര്‍മാണ കലാവിദഗ്ധനുമായ അല്‍ജസരിയുടെ കണ്ടുപിടിത്തങ്ങള്‍. ബദീഉസ്സമാന്‍ അബുല്‍ ഇസ്സിബ്‌നു ഇസ്മാഈലബ്‌നി റസ്സാസില്‍ ജസരി എന്നാണ് പൂര്‍ണ നാമം. 1136 ല്‍ ഇറാഖിലെ യുഫ്രട്ടീസിന്റെയും ടൈഗ്രിസിന്റെയും ഇടക്കുള്ള അല്‍ജസീറ (മെസൊപ്പൊട്ടേമിയ)യിലാണ് ജനനം. അതുകൊണ്ടാണ് അല്‍ജസരി എന്നറിയപ്പെട്ടത്.

അദ്ദേഹം മുന്‍ഗാമികളുടെയും സമകാലികരുടെയും ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് നിര്‍മാണകല, ജലയന്ത്രങ്ങള്‍, ചലിക്കുന്ന യന്ത്രങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയവരുടെ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു. 1172 ല്‍ (ഹി:567) അദ്ദേഹം ദിയാര്‍ ബക്‌റിലേക്ക് പോയി. അവിടത്തെ രാജാവ് നാസ്വിറുദ്ദീന്‍ അബുല്‍ ഫതഹ് അദ്ദേഹത്തെ സ്വീകരിച്ചു. ഇക്കാലത്താണ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഹൈഡ്രോളിക് എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളില്‍ പല യന്ത്രങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തത്. കൊട്ടാരങ്ങള്‍ക്ക് ജലധാരാ യന്ത്രങ്ങള്‍ അദ്ദേഹം രൂപകല്‍പന ചെയ്തു. കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനും നനക്കാനുമുള്ള യന്ത്രങ്ങള്‍ കണ്ടുപിടിച്ചു. കൊട്ടാരത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളും മേത്തരം പാത്രങ്ങളും നിര്‍മിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും മികച്ചത് ജലഘടികാരങ്ങള്‍ ആയിരുന്നു. അക്കങ്ങള്‍ ഉപയോഗിച്ചുള്ള പൂട്ടുകളും അദ്ദേഹം നിര്‍മിച്ചിരുന്നു. 

അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവന 'കിതാബുല്‍ ഹൈഅതി വല്‍ അശ്കാല്‍' (രൂപങ്ങളും ചിത്രങ്ങളും) എന്ന ഗ്രന്ഥമാണ്. തലമുറകളുടെ നിര്‍മിതിയില്‍ ശാസ്ത്രത്തെയും ഉപകാരപ്രദമായ പ്രവൃത്തിയേയും സംയോജിപ്പിക്കുന്ന ഗ്രന്ഥം എന്നത് പ്രശംസിക്കപ്പെട്ടു.

മരണം എഡി 1205ല്‍ (ഹി:602).


 

Feedback