Skip to main content

ഇബ്‌നുല്‍ ബന്ന

ഗണിത ജ്യോതിശാസ്ത്ര പണ്ഡിതന്‍, ശരിയായ പേര് അബുല്‍ അബ്ബാസ് അഹ്മദുബ്‌നു മുഹമ്മദിബ്‌നി ഉസ്മാനല്‍ അസ്ദി. നിര്‍മാണ ജോലിക്കാരനായിരുന്ന (ബന്നാഅ്) പിതാവിനോട് ബന്ധപ്പെടുത്തിയാണ് ഇബ്‌നുല്‍ ബന്നാഅ് എന്ന് വിളിക്കപ്പെട്ടത്. 654/1256 ല്‍ ജനിച്ചു. സ്വദേശമായ മര്‍റാകുശില്‍ നിന്ന് വിദ്യാഭ്യാസം നേടി. പാരമ്പര്യ വിജ്ഞാനീയങ്ങളായ അറബിഭാഷ, വ്യാകരണം, ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയ്ക്ക് പുറമേ ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും അവഗാഹം നേടി. ഗണിതശാസ്ത്രജ്ഞനെന്ന നിലയിലാണ് കൂടുതല്‍ ഖ്യാതി നേടിയത്.

ഫാസ്, മര്‍റാകുശ് എന്നിവിടങ്ങളില്‍ ഇബ്‌നുല്‍ ബന്നാഇന് നിരവധി ശിഷ്യഗണങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യം കേട്ടറിഞ്ഞ് വിദൂര ദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ഥികളെത്തിയിരുന്നു. ഗണിതശാസ്ത്രത്തില്‍ നിരന്തരം ഗവേഷണത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം തദ്വിഷയകമായി പുതിയ പല കണ്ടെത്തലുകളും നടത്തുകയുണ്ടായി. ഭിന്നങ്ങളും സ്‌ക്വയര്‍ റൂട്ടുകളുമുള്‍പ്പെടുന്ന സംഖ്യകളുടെ സങ്കലനത്തിന് ഉചിതമായ ലഘു സൂത്രങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു. വിവധ വിഷയങ്ങളിലായി 70 ല്‍ പരം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 721/1321 ല്‍ മര്‍റാകുശില്‍ അന്തരിച്ചു.

കിതാബു തല്‍ഖീസ്വി അഅ്മാലില്‍ ഹിസാബ് ആണ് വിഖ്യാത ഗ്രന്ഥം. 16ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പാശ്ചാത്യ രാജ്യങ്ങളില്‍ ഗണിതശാസ്ത്ര ഗവേഷണത്തിന് പ്രധാന അവലംബങ്ങളിലൊന്നായി പ്രസ്തുത ഗ്രന്ഥം ഉപയോഗിച്ചിരുന്നു. 19, 20 നൂറ്റാണ്ടുകളിലും ഗണിതശാസ്ത്രജ്ഞര്‍ക്കിടയില്‍ കിതാബു തല്‍ഖീസ്വി അഅ്മാലില്‍ ഹിസാബിന് അമൂല്യ സ്ഥാനമുണ്ടായിരുന്നു. ഇതിന് നിരവധി വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നുല്‍ ബന്നാഇന്റെ ശിഷ്യന്‍ അബ്ദുല്‍ അസീസ് അലിയ്യുബ്‌നു ദാവൂദല്‍ ഹവാസി, അഹ്മദുബ്‌നുല്‍ മജ്ദി, ഇബ്‌നുസകരിയ്യാ മുഹമ്മദുല്‍ ഇശ്ബീലി എന്നിവരുടെ വ്യാഖ്യാനങ്ങളാണ് വിശ്രുതമായത്. 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അരിസ്റ്റിഡ്മാര്‍ ഇത് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്തു.

മിന്‍ഹാജുത്ത്വാലിബ് ലി തഅ്ദീലില്‍ കവാകിബ്, ഉന്‍വാനുദ്ദലീല്‍ മിന്‍ മന്‍സൂമി ഖത്വ്ത്വിത്തന്‍സീല്‍, അല്ലാവാസിമുല്‍ അഖ്‌ലിയ്യ ഫീ മദാരികില്‍ ഉലൂം, അര്‍റൗദുല്‍ മരീഅ് ഫീ സ്വിനാഅത്തില്‍ ബദീഅ്, മസാഇലു ഫില്‍അദദിത്താമ്മി വന്നാഖിസ്വ് എന്നിവയാണ് ഇതര വിശ്രുത കൃതികള്‍.

Feedback
  • Saturday Apr 20, 2024
  • Shawwal 11 1445