Skip to main content

ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍

അമുസ്‌ലിംകള്‍ വിഗ്രഹത്തെ ചുംബിക്കുന്നതും ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുന്നതും ശിര്‍ക്ക്. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതും കഅ്ബയെ ത്വവാഫ് ചെയ്യുന്നതും തൗഹീദ്. ഈ വ്യത്യാസം എന്തുകൊണ്ട്? ഇലാഹാക്കിയാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നതിന്ന് ചിലര്‍ഇതു തെളിവാക്കുന്നത് ശരിയാണോ?

മറുപടി: മുസ്‌ലിമായുള്ള ഒരാള്‍ വിഗ്രഹത്തെ ഇലാഹാക്കാതെ നന്‍മയും തിന്‍മയും മാത്രം പ്രതീക്ഷിച്ചു കൊണ്ട് ചുംബിച്ചാല്‍ അത് ശിര്‍ക്കാവുകയില്ലെന്നും ക്ഷേത്രത്തെ ഈ ഉദ്ദേശ്യത്തോടെ കൂടി പ്രദക്ഷിണം ചെയ്താല്‍ അതും ശിര്‍ക്കാവുകയില്ലെന്നും പറയാന്‍ കഴിയില്ല. മേല്‍പറഞ്ഞ വാദപ്രകാരം ഈ ചുംബനവും പ്രദക്ഷിണവും ശിര്‍ക്കാവുകയില്ല. പൊതുജനങ്ങള്‍ ഇപ്പോള്‍തന്നെ ഏകദേശം ഇപ്രകാരമെല്ലാം ചെയ്യുന്നുമുണ്ട്. മുസ്‌ലിംകള്‍ തുലാഭാരം നടത്തിയതും മറ്റും നാം പത്രത്തിലൂടെ വായിച്ചതാണ്. ക്ഷേത്രത്തിലെ വരുമാനത്തില്‍ ഇത്തരക്കാരുടെ പങ്കുമുണ്ട്.

അമുസ്‌ലിംകള്‍ വിഗ്രഹത്തെ ചുംബിക്കുമ്പോള്‍ അതിനെ പ്രതിനിധാനം ചെയ്യുന്ന മഹാന്‍മാരില്‍ നിന്നും വ്യക്തികളില്‍ നിന്നും നന്‍മ പ്രതീക്ഷിക്കുന്നു. തിന്‍മയെ പ്രതിരോധിക്കുവാന്‍ ആഗ്രഹിക്കുന്നു. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ ആ കല്ലില്‍ നിന്ന് അദൃശ്യമാര്‍ഗത്തിലൂടെ നന്‍മയും തിന്‍മയും പ്രതീക്ഷിക്കുന്നില്ല. അപ്രകാരം പ്രതീക്ഷിച്ചാല്‍ അതു ശിര്‍ക്കും കുഫ്‌റും തന്നെയാണ്. ഇതാണ് ഖലീഫ ഉമര്‍(റ) വ്യക്തമാക്കിയത് (ബുഖാരി). 

അല്ലാഹു കൊടുത്ത കഴിവിന്റെ അടിസ്ഥാനത്തില്‍ ഹജറുല്‍ അസ്‌വദ് നന്‍മ ചെയ്തു തരികയും തിന്‍മയെ തടുക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചാലും അത് ശിര്‍ക്കു തന്നെയാണ്. മക്കയിലെ മുശ്‌രിക്കുകള്‍ വിഗ്രഹങ്ങള്‍ക്ക് സ്വയം കഴിവുണ്ടെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നിട്ടും അവരില്‍ ശിര്‍ക്ക് വന്നു. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്ന സന്ദര്‍ഭത്തില്‍ അവയുമായി ബന്ധമുള്ള ഇബ്‌റാഹീം നബി(അ)യില്‍ നിന്നോ ഇസ്മാഈല്‍ നബി(അ)യില്‍ നിന്നോ നന്‍മ പ്രതീക്ഷിക്കുകയോ തിന്‍മയെ തടുക്കുവാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ അവ സഹായിക്കുമെന്ന വിശ്വാസത്തോടെയോ അല്ല. കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അതു പുതുക്കി പണിത ഇബ്‌റാഹീം നബിയില്‍ നിന്നോ ഇസ്മാഈല്‍ നബി(അ)യില്‍ നിന്നോ നന്‍മയും തിന്‍മയും പ്രതീക്ഷീക്കുന്നില്ല. വല്ലവരും അപ്രകാരം പ്രതീക്ഷിച്ചാല്‍ അവന്‍ ചെയ്യുന്നതും ശിര്‍ക്കു തന്നെ.

ഇലാഹാക്കുക എന്ന ഉദ്ദേശ്യം ഉണ്ടായാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നത് ധാരണപ്പിശകാണ്. പരിശുദ്ധ ഖുര്‍ആനും നബിചര്യയും ഇതിനെ ശക്തിയായി എതിര്‍ക്കുന്നു. അല്ലാഹുവിനു മാത്രം അവകാശപ്പെട്ട സംഗതികളും അവന്റെ മാത്രം സ്വഭാവഗുണങ്ങളും മറ്റുള്ളവര്‍ക്ക് അര്‍പ്പിച്ചാല്‍ ഇലാഹാക്കുക എന്ന ഉദ്ദ്യേശ്യമില്ലെങ്കിലും ഇലാഹാക്കലും ശിര്‍ക്കും അവിടെ സംഭവിക്കുന്നു. പലിശ ലാഭമാണെന്ന് വിചാരിച്ച് ഭക്ഷിച്ചാലും അതു പലിശയും കുറ്റവുമാണ്. കള്ള് ബിസ്മി ചൊല്ലിയും തേന്‍കുടിക്കുകയാണെന്ന് വിചാരിച്ചും കുടിച്ചാലും നിഷിദ്ധം തന്നെയാണ്. ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ താന്‍ ബന്ധപ്പെടുന്നത് തന്റെ ഭാര്യയുമായിട്ടല്ല അന്യസ്ത്രീയുമായിട്ടാണ് എന്ന അറിവ് അയാള്‍ക്ക് ഉണ്ടായാല്‍ തന്നെ അത് വ്യഭിചാരമാണ്. വ്യഭിചരിക്കുകയാണ് എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും ശരി. ഇതു പോലെ മരണപ്പെട്ടുപോയ മഹാന്‍മാരെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ താന്‍അല്ലാഹുവിനെയല്ല വിളിച്ച് സഹായം തേടുന്നത് (ഇസ്തിഗാസ ചെയ്യുന്നത്) പ്രത്യുത അവന്നു പുറമെയുള്ള മഹാന്‍മാരെയും മഹതിയെയുമാണെന്ന അറിവ് ഉണ്ടായാല്‍ തന്നെ ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാകുന്നതാണ്. ഇലാഹാക്കുകയാണ് എന്ന വിചാരമോ താന്‍ വിളിച്ചു തേടുന്നത് ശിര്‍ക്കാണെന്ന അറിവോ ഉണ്ടാവണമെന്നില്ല. ഇത്തരക്കാര്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ പ്രബോധനം അവന്ന് എത്തിയിരിക്കണം. അല്ലെങ്കില്‍ പ്രബോധനം ലഭിക്കുവാനുള്ള സാഹചര്യവും ചുറ്റുപാടും ഉണ്ടായിരിക്കണം.

Feedback