Skip to main content

ഹജ്ജ്: ചില തെറ്റായ ധാരണകള്‍

സാമ്പത്തികവും  ശാരീരികവും യാത്രാ സംബന്ധിയുമായ എല്ലാ സൗകര്യങ്ങളും എത്തിയതിനു ശേഷം ഹജ്ജ് നീട്ടിവെക്കാന്‍ പാടില്ലാത്തതാണ്. ഇതിന് ധൃതികാണിക്കാന്‍ നബി(സ്വ) ആവശ്യപ്പെടുന്നുണ്ട് (അഹ്മദ് 1/214). ഏതെങ്കിലും കാലത്ത് വരാനിരിക്കുന്ന സാമ്പത്തികച്ചെലവുകളും ബാധ്യതകളും കണക്കുകൂട്ടി കാത്തിരിക്കുന്നത് ശരിയല്ല.  പിന്നീട് ചെയ്യാമെന്നു കരുതി നീട്ടിവെച്ചതിനിടയില്‍ മരണപ്പെടുകയോ ഹജ്ജ് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരികയോ ചെയ്താല്‍ കുറ്റക്കാരനായി മാറും. പുണ്യകരവും നിര്‍ബന്ധവുമായ ബാധ്യതകള്‍ ഉണ്ടായിരിക്കെ പേരും പെരുമയും കാട്ടി ഒട്ടേറെ ഹജ്ജിന് ശ്രമിക്കുന്നതും ശരിയല്ല. പ്രത്യേകിച്ചും ഹജ്ജ് ബാധ്യതയായിട്ടും തിരക്കുകാരണം അനുമതി ലഭിക്കാതെ വിശ്വാസികള്‍ കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍. ഹജ്ജിന് അനുമതി കിട്ടാനായി കുതന്ത്രങ്ങളോ അവിഹിത മാര്‍ഗങ്ങളോ ഉപയോഗിക്കുന്നതും ന്യായമല്ല.

മറ്റുള്ളവരോട് സഹായം തേടി ഹജ്ജ് ചെയ്യേണ്ടതില്ല. എന്നാല്‍ ആവശ്യപ്പെടാതെ ദാനമായോ സമ്മാനമായോ ലഭിച്ച സമ്പത്തുകൊണ്ട് ഹജ്ജ് ചെയ്താല്‍ സ്വീകാര്യമാകുമെന്നതില്‍ സംശയമില്ല. രണ്ടുപേര്‍ക്കും പ്രതിഫലം ലഭിക്കുകയും ചെയ്യും. സര്‍ക്കാരുകള്‍ നല്കുന്ന ആനുകൂല്യങ്ങളും സമ്മാനമായി ലഭിക്കുന്ന ഹജ്ജുമെല്ലാം ഈ ഗണത്തിലാണ് പരിഗണിക്കേണ്ടത്. ഹജ്ജ് ബാധ്യതപ്പെട്ടവര്‍ പക്ഷേ ശേഷിയുണ്ടായിരിക്കെ മറ്റുള്ളവരെ പണം കൊടുത്തേല്പിച്ചാല്‍ ഹജ്ജിന്റെ ബാധ്യതയില്‍ നിന്ന് മുക്തമാവുകയില്ല. ബാധ്യതയായിട്ടും നിര്‍വഹിക്കാത്ത വര്‍ക്കുവേണ്ടി, അവര്‍ ജീവിച്ചിരിക്കെ നാം താല്‍പര്യപ്പെട്ട് ഹജ്ജ് ചെയ്താലും സ്വീകരിക്കപ്പെടില്ല. ''മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല''(53:39) എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമാണ്. എന്നാല്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി ഹജ്ജുചെയ്യാമെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. 

ബാധ്യതയായിരിക്കെ ബോധപൂര്‍വം ഉപേക്ഷിച്ചവര്‍ക്കുവേണ്ടി ഹജ്ജുചെയ്യല്‍ ബന്ധുവിന് നിര്‍ബന്ധമോ ഐഛികമോ ആയ ബാധ്യതയല്ല. എന്നാല്‍ ബാധ്യതാ നിര്‍വഹണത്തില്‍ വീഴ്ച പറ്റിയ മനുഷ്യനെ ഭൗതികമായ കടക്കാരനെപ്പോലെ പരിഗണിച്ച്, അനന്തരാവകാശികള്‍ കടം വീട്ടുന്നപോലെ, ബന്ധുക്കള്‍ അയാളുടെ സ്വത്തില്‍ നിന്നോ സ്വന്തം സ്വത്തില്‍ നിന്നോ വീട്ടേണ്ടതുണ്ടെന്നും വീട്ടിയാല്‍ രണ്ടുവിഭാഗവും രക്ഷപ്പെടുമെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ, തന്റെ ഉപ്പയ്ക്കു വേണ്ടി ഹജ്ജ് ചെയ്യാമോ എന്ന് ചോദിച്ചതിനും ജുഹൈനക്കാരി തന്റെ മാതാവിനുവേണ്ടിയുള്ള ഹജ്ജിനെക്കുറിച്ചു ചോദിച്ചതിനും, 'നിന്റെ പിതാവിന് മനുഷ്യരുമായുണ്ടായ കടം നീ കൊടുത്തു വീട്ടിയാല്‍ തീരില്ലേ' എന്നു നബി(സ്വ) മറുപടി പറഞ്ഞ രണ്ടു സംഭവങ്ങള്‍ അവര്‍ ഇതിനു തെളിവാക്കുന്നു (ബുഖാരി). ഈ നബിവചനങ്ങളുടെ അടിസ്ഥാനത്തില്‍, സാമ്പത്തിക ശേഷി ഉള്ളവര്‍ ശാരീരികാരോഗ്യ മില്ലെങ്കില്‍ മറ്റൊരാളെ അയച്ച് ഹജ്ജ് ചെയ്യിക്കല്‍ നിര്‍ബന്ധമാണെന്ന് ഇമാം നവവി(റ)യും മറ്റും അഭിപ്രായപ്പെടുന്നുന്നുണ്ട് (ശര്‍ഹുമുസ്‌ലിം 5/108).

മറ്റൊരാള്‍ക്കു വേണ്ടി ഹജ്ജു ചെയ്യുന്നവര്‍ അങ്ങനെത്തന്നെ നിയ്യത്തു ചെയ്യണമെന്നും അവരുടെ സന്മനസ്സിനും അധ്വാനത്തിനും അവര്‍ക്കും പ്രതിഫലം ലഭിക്കുമെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഇവര്‍ ഹജ്ജിനാവശ്യമായ ചെലവല്ലാതെ പ്രതിഫലം വാങ്ങരുതെന്നാണ് ഇമാം അഹ്മദും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയും മറ്റും അഭിപ്രായപ്പെടുന്നത് (മജ്മൂഉല്‍ ഫതാവാ, 26: 15, 16).

ഹജ്ജിനുള്ള സമ്പത്ത് എത്രയും ശുദ്ധമായതാകാന്‍ ശ്രദ്ധിക്കേണ്ടതാണ്. തഖ്‌വയാണ് ഏറ്റവും നല്ല പാഥേയം എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു(2/197). ഏതൊരു കര്‍മവും വിശുദ്ധമായ നിയ്യത്തിലൂടെ മാത്രമേ പുണ്യകരമാകൂ. സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകള്‍ പരമാവധി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണം. പേരെടുക്കാനും ജനപ്രീതിക്കും വേണ്ടി ചെയ്യുന്ന ഹജ്ജ് പൂര്‍ണ പരാജയമായിരിക്കും. ദീര്‍ഘയാത്ര ആയതിനാല്‍ സ്ഥിരമായി ഇടപെടുന്നവരോട് യാത്രപറയുന്നതും അവര്‍ യാത്രയയപ്പ് സംഘടിപ്പിക്കുന്നതും യാത്രപോകുമ്പോള്‍ വീട്ടില്‍വരികയോ ഭക്ഷണം കഴിക്കുകയോ കൂടെ യാത്രയാക്കാന്‍ വരികയോ ചെയ്യുന്നതൊന്നും പുണ്യം കുറയ്ക്കുന്നതല്ലെങ്കിലും, ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് വീടുതോറും കയറിയിറങ്ങി ആളുകളെ ക്ഷണിക്കുകയും വലിയ സദ്യയും സദസ്സുമെല്ലാം ഒരുക്കുകയും ചെയ്യുന്നത് ഇത്തരത്തിലാകാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ ഒഴിവാക്കുന്നതാണുത്തമം. ഹജ്ജ് യാത്ര തുടങ്ങുമ്പോള്‍ സംഘം ചേര്‍ന്നോ ഒറ്റക്കോ ബാങ്ക് കൊടുക്കുന്നതോ നാട്ടിലെ പള്ളിയില്‍ നിന്ന് രണ്ടു റക്അത് സുന്നത്ത് നമസ്‌കരിക്കുന്നതോ നബി ചര്യയിലില്ല. 

ഹജ്ജിലെ കര്‍മങ്ങള്‍ നബി(സ്വ) പഠിപ്പിച്ചതേ ചെയ്യാവൂ. മിനായില്‍ താമസിക്കുന്ന ദുല്‍ഹിജ്ജ 8, 10, 11, 12, 13 ദിവസങ്ങളില്‍ ഓരോ നമസ്‌കാരവും അതാതിന്റെ നേരത്ത് ഖസ്‌റാക്കിയാണ് നബി(സ്വ) നിര്‍വഹിച്ചത്. അവിടങ്ങളില്‍ നബി(സ്വ) റവാതിബ് സുന്നത്തുകള്‍ നമസ്‌കരിച്ചിട്ടില്ല. നബി(സ്വ)യുടെ ഖബര്‍ സന്ദര്‍ശനം ഉള്‍പ്പെടെ ഹിറാഗുഹ, മസ്ജിദുസ്സഹാബ, ഉഹ്ദ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഹജ്ജിന്റെ ഭാഗമല്ല. ഇവിടെയൊന്നും പ്രത്യേക നമസ്‌കാരമോ പ്രാര്‍ഥനയോ ഇല്ല. മദീനയില്‍ നബി(സ്വ)യുടെ പള്ളിയും ഖബറും സന്ദര്‍ശിക്കുന്നത് സുന്നതാണ്. ഹജ്ജ് യാത്രയ്ക്കിടയില്‍ മദീനയില്‍ അധികദിനം താമസിക്കുന്നത് മസ്ജിദുല്‍ ഹറമിലെ നമസ്‌കാരത്തിന്റെ പുണ്യം നഷ്ടപ്പെടുത്തും, കാരണം അത് മസ്ജിദുന്നവിയിലേതിനേക്കാള്‍ പത്തിരട്ടി കൂലിയുള്ളതാണ്. 

ഇസ്‌ലാമിലെ എല്ലാ ആരാധനകളെയുംപോലെ ഹജ്ജും ആത്മീയ ഉന്നതിക്കുള്ളതാകുമ്പോള്‍ തന്നെ അത് ഭൗതിക നന്മക്ക് ഉപകാരപ്പെടുമെങ്കില്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഹജ്ജില്‍ കച്ചവടം പാടില്ലെന്നു കരുതിയ ജാഹിലിയ്യത്തിനെ ഖുര്‍ആന്‍ തിരുത്തി. ''ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സദ്പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക'' (2:197). കച്ചവടം പ്രധാനമായി കരുതാതെ, എന്നാല്‍ ആ യാത്രയില്‍ ആ കാര്യവും നടക്കണമെന്ന് കുരുതിയാല്‍ അത് ഹജ്ജിനു കുറവു വരുത്തുകയില്ല. പക്ഷേ ഇതെല്ലാം അതാതു നാടുകളിലെ സര്‍ക്കാറുകളുടെയും മറ്റും നിയമങ്ങള്‍കൂടി അനുവദിക്കുന്നതാകണം, അപ്പോഴേ അത് ഇസ്‌ലാമില്‍ അനവദനീയമാകൂ.

Feedback
  • Sunday May 19, 2024
  • Dhu al-Qada 11 1445