Skip to main content

നമസ്‌കാരത്തിനിടെ മൊബൈല്‍ ശബ്ദിച്ചാല്‍

നമസ്‌കാരത്തിനിടയില്‍ ഫോണ്‍ ശബ്ദിച്ചാല്‍ അത് എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്യുന്നത് നമസ്‌കാരം അസാധുവാക്കുമോ?  

മറുപടി : നമസ്‌കാരത്തിനിടയില്‍ ശ്രദ്ധ തിരിച്ചുകളയുന്ന വസ്തുക്കളും പ്രവൃത്തികളും ഒഴിവാക്കേണ്ടത് ഭക്തിക്കും മനഃസാന്നിധ്യത്തിനും അനുപേക്ഷ്യമാകുന്നു. ഭക്തിയോടെ നമസ്‌കരിക്കണമെന്നും ആലസ്യം ഒഴിവാക്കണമെന്നും 2:238, 4:142 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഭക്തിക്ക് വിഘ്‌നമുണ്ടാക്കുന്ന ഒരു കാര്യം അബദ്ധവശാല്‍ സംഭവിച്ചാല്‍ അത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നതും ഈ ആയത്തുകളുടെ താത്പര്യമാകുന്നു. മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു കൊണ്ടിരിക്കുന്നത് നമസ്‌കാരത്തിലെ മനഃസാന്നിധ്യം നഷ്ടപ്പെടുമെന്നതിനാല്‍ അത് കഴിയും വേഗം ഓഫാക്കുകയാണ് വേണ്ടത്. നമസ്‌കാരത്തിനിടയില്‍ നബി(സ്വ) ചെറിയ കുട്ടിയെ എടുക്കുകയും താഴെ വെയ്ക്കുകയും ചെയ്തതായി പ്രബലമായ ഹദീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഫോണ്‍ കൈയിലെടുത്ത് ഓഫാക്കുന്നത് നമസ്‌കാരത്തിന്റെ സാധുതയെ ബാധിക്കില്ലെന്ന് മനസ്സിലാക്കാം. മറവി നിമിത്തമോ അബദ്ധവശാലോ സംഭവിക്കുന്ന വീഴ്ചകളുടെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രമാണികമായ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത്.

Feedback