Skip to main content

സുബ്ഹിന്റെ സുന്നത്ത് ഖളാഅ് വീട്ടല്‍

സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്ത് നഷ്ടപ്പെട്ടാല്‍ അത് സുബഹി നമസ്‌കാരാനന്തരം നമസ്‌കരിക്കാമെന്ന് ചിലര്‍ പറയുന്നു. എന്താണ് വസ്തുത?

മറുപടി : ഇവ്വിഷയകമായി നബി(സ്വ)യില്‍ നിന്ന് പല ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചിലതിന്റെ സനദ് (നിവേദക പരമ്പര) ന്യൂനതയുള്ളതാണ്. ചിലതിന്റെ സനദ് പ്രബലമാണ്. സുബ്ഹിന്റെ സമയത്ത് ഉറങ്ങിപ്പോയതിനാല്‍ സൂര്യോദയത്തിനു ശേഷം നബി(സ്വ) സുബ്ഹ് നമസ്‌കരിച്ചപ്പോള്‍ അതിന് മുമ്പ് തന്നെ രണ്ട് റക്അത്ത് സുന്നത്തും നമസ്‌കരിച്ചതായി പ്രബലമായ ഹദീസില്‍ കാണാം. ''വല്ലവനും പ്രഭാതത്തിലെ രണ്ടു റക്അത്ത് (സുന്നത്ത്) നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അവന്‍ അത് സൂര്യന്‍ ഉദിച്ച ശേഷം നമസ്‌കരിച്ചു കൊള്ളട്ടെ''എന്ന് നബി(സ്വ) പറഞ്ഞതായി അബൂഹുറയ്‌റയില്‍ നിന്ന് തിര്‍മിദീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട റിപ്പോര്‍ട്ട് ആണെന്ന് തിര്‍മിദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ഹദീസ് തന്നെ ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുകയും പ്രബലമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ''വല്ലവനും സൂര്യോദയം വരെ പ്രഭാതത്തിലെ രണ്ടു റക്അത്ത് (സുന്നത്ത്) നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അപ്പോള്‍ അവനത് നമസ്‌കരിച്ചു കൊള്ളട്ടെ''എന്നാണ് ദാറുഖുത്‌നിയുടെയും ഹാകിമിന്റെയും ബൈഹഖിയുടെയും ഹദീസുകളിലുള്ളത്. പള്ളിയിലെത്തിയപ്പോള്‍ സുബ്ഹ് ജമാഅത്ത് തുടങ്ങിയതിനാല്‍ സുന്നത്ത് നമസ്‌കരിക്കാന്‍ അവസരം ലഭിക്കാത്ത ചില സ്വഹാബികള്‍ ജമാഅത്തിന് ശേഷം (സൂര്യോദയ ത്തിന് മുമ്പു തന്നെ) സുന്നത്ത് നമസ്‌കരിച്ചപ്പോള്‍ നബി(സ്വ) അത് അംഗീകരിച്ചതായും ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ളുഹ്‌റിന്റെയും അസറിന്റെയും മുമ്പുള്ള സുന്നത്ത് നമസ്‌കാരങ്ങളും ഫര്‍ദ്വ് നമസ്‌കരിച്ച ശേഷം നബി(സ്വ) ഖളാഅ് വീട്ടിയതായി പ്രബലമായ ഹദീസുകളില്‍ കാണാം.

Feedback