Skip to main content

സകാത്ത് അമുസ്‌ലിംകള്‍ക്ക്

സകാത്തിലെ ധനം അമുസ്‌ലിംകള്‍ക്ക് നല്കാമോ?
 
മറുപടി: അള്ളാഹു സകാത്തിലെ അവകാശികളില്‍ ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഹൃദയം ഇണക്കപ്പെട്ടവര്‍ (വല്‍ മുഅല്ലഫതി ഖുലൂബുഹും) ഈ ആയത്തിന് നല്കുന്ന വ്യാഖ്യാനം താഴെ ഉദ്ധരിക്കാം.

ഹൃദയം ഇണക്കപ്പെട്ടവര്‍. ഈ വകുപ്പില്‍ ഒന്നിലധികം തരക്കാര്‍ ഉള്‍പ്പെടുന്നു. 

ഒരു തരക്കാര്‍: ഇസ്‌ലാമിനെ അംഗീകരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നവരാകുന്നു. ഹുനെനിലെ ഗനീമത്ത് സ്വത്തുകളില്‍ നിന്ന് സ്വഫ്‌വാനുബ്‌നു ഉമയ്യ(റ)ക്ക് നബി(സ്വ) ഒരു വലിയ തുക നല്കുകയുണ്ടായ സംഭവം ഇതിനൊരുദാഹരണമാണ്. മക്കാ വിജയത്തെ തുടര്‍ന്ന് അനേകമാളുകള്‍ വന്ന് ഇസ്‌ലാമില്‍ പ്രവേശിച്ചപ്പോള്‍ സ്വന്തം കാര്യത്തില്‍ ആലോചിക്കുവാന്‍ തനിക്ക് അല്പകാലം ഒഴിവു നല്കണമെന്ന് നബി(സ്വ)യോട് പറഞ്ഞ് ഒഴിവായ ഒരു ഖുറൈശി പ്രമാണിയായിരുന്നു സ്വഫ്‌വാന്‍. മുശ്‌രിക്കായി കൊണ്ടായിരുന്നു അദ്ദേഹം മുസ്‌ലിംകളോടൊപ്പം ഹുനൈനില്‍ സംബന്ധിച്ചിരുന്നതും. അദ്ദേഹം തന്നെ പറയുകയാണ്. ഹുനൈനിലെ ദിവസം എനിക്കു റസൂല്‍(സ്വ) തരുവാന്‍ തുടങ്ങുമ്പോള്‍ അവിടുന്ന് എനിക്ക് ജനങ്ങളില്‍ വെച്ച് ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങനെ തന്നുതന്ന് മനുഷ്യരില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളായിത്തീര്‍ന്നു. സ്വഫ്‌വാന്‍ പിന്നീട് ഇസ്‌ലാമിനെ അംഗീകരിച്ചു നല്ല നിലയിലായി തീരുകയും ചെയ്തു. 

മറ്റൊരു തരക്കാര്‍: ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം അടിയുറച്ചു കഴിഞ്ഞിട്ടില്ലാത്തവരാണ്. ഇവര്‍ക്ക് വിശ്വാസത്തില്‍ ദൃഢതയും സ്ഥിരതയും ലഭിക്കുവാന്‍ ഇത് സഹായകമായിരിക്കും. മക്കാവിജയത്തില്‍ പുതുതായി വിശ്വസിച്ച പലര്‍ക്കും ഹുനൈനില്‍ വെച്ച് വലിയ തുകകള്‍ നബി(സ്വ) നല്കുകയുണ്ടായി.  

മൂന്നാമതൊരു തരക്കാര്‍: ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായിത്തീരുമെന്നോ അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരെ വല്ലവരില്‍ നിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടയുവാന്‍ ഉപകരിക്കുമെന്നോ കാണപ്പെടുന്നവര്‍. ഇവരും ഈ കൂട്ടരില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ഇസ്‌ലാമിനു വിജയം കൈവന്നു കഴിഞ്ഞതിനുശേഷം മേല്‍വിവരിച്ച എല്ലാ തരക്കാര്‍ക്കും സകാത്തില്‍ നിന്നു  നല്‍കപ്പെടാമോ, എന്നതില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയിലുണ്ട്. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അധികാരസ്ഥന്‍മാര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായ അഭിപ്രായം. (വിശുദ്ധ ഖുര്‍ആന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി. വാ 2 പേ 1320-1321). 

മുഹിയുദ്ദീന്‍ ശെഖ്(റ) എഴുതുന്നു: ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അമുസ്‌ലിംകളില്‍ പെട്ട ചിലരാണ്. അവര്‍ക്ക് ധനം നല്‍കിയവര്‍ മുസ്‌ലിമാകാന്‍ സാധ്യതയുണ്ട്. മുസ്‌ലിംകളെ ഉപദ്രവിക്കുന്നതില്‍ നിന്നും അവര്‍ പിന്തിരിയും (ഗുന്‍യാത്ത് 15). മുസ്‌ലിംകളുമായി ശത്രുതയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത അമുസ്‌ലിംകള്‍ക്കും സാമ്പത്തിക സഹായം നല്കിയാല്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന അമുസ്‌ലിംകള്‍ക്കും സകാത്തിന്റെ ധനത്തില്‍ നിന്ന് നല്കാമെന്ന് വ്യക്തമായി.  
 

Feedback