Skip to main content

സംഘടിതമായി ഫിത്വ്‌ർ സകാത്ത് നല്കല്‍

ഫിത്വ്‌ർ  സകാത്തിന്റെ വിതരണം സംഘടിതമായി നടത്താമോ?

മറുപടി: സംഘടിതമായിട്ടാണ് സകാത്ത് വിതരണം നടക്കേണ്ടത്. അബൂഹുറയ്‌റ(റ) പറയുന്നു: റമദാനിലെ സകാത്ത് സൂക്ഷിക്കുവാന്‍ വേണ്ടി നബി(സ്വ) എന്നെ അധികാരപ്പെടുത്തി (ബുഖാരി). ഇബ്‌നു ഹജര്‍(റ) എഴുതുന്നു. പെരുന്നാളിന്റെ രാത്രിക്കു മുമ്പുതന്നെ ഫിത്വ്‌ർ സകാത്തു ശേഖരിക്കാമെന്നും ചിലരെ അതു സൂക്ഷിക്കുവാനും വിതരണം ചെയ്യുവാനും ഏല്പിക്കാമെന്നു ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാം. (ഫത്ഹുല്‍ബാരി 4450). ഇബ്‌നു ഉമര്‍(റ) ഫിത്വ്‌ർ  സകാത്തു അതു പിരിച്ചെടുക്കുവാന്‍ വരുന്നവര്‍ക്കാണ് നല്കാറുണ്ടായിരുന്നത്. ഞാന്‍ ദരിദ്രനാണ് എനിക്ക് ഫിത്വ്‌ർ  സകാത്തു തരണമെന്നു പറഞ്ഞു വരുന്നവര്‍ക്ക് നല്കാറില്ല (ബുഖാരി). സകാത്ത് വിതരണം ചെയ്യുന്ന വകുപ്പിലേക്കെല്ലാം തന്നെ ഫിത്വ്‌ർ  സകാത്തും വിതരണം ചെയ്യണമെന്ന് ഇമാം ശാഫിഈ(റ) പറയുന്നു (അല്‍ ഉമ്മ് 259). അപ്പോള്‍ ഫിത്വ്‌ർ  സകാത്തിനും അതു ശേഖരിക്കുന്നവരും അവകാശിക്ക് എത്തിച്ചുകൊടുക്കുന്നവരും ഉണ്ടാകുമെന്ന് ഇമാം ശാഫിഈ(റ) വ്യക്തമാക്കി. ഉംദയില്‍ എഴുതുന്നു. ഒരു സംഘം ആളുകള്‍ അവരുടെ ഫിത്വ്‌ർ സകാത്തിനെ ശേഖരിക്കുകയും കൂട്ടിക്കലര്‍ത്തുകയും മറ്റുള്ളവരുടെ അനുവാദപ്രകാരം എല്ലാവരും കൂടിയോ അവരില്‍ ഒരു വ്യക്തിയോ വിതരണം നടത്തുകയും ചെയ്യുന്നപക്ഷം അത് അനുവദനീയമാകുന്നു (ഉംദ പേ.57).

Feedback