Skip to main content

നരകത്തിന്റെ ഭീകരത

അത്യധികം ആഴവും വ്യാപ്തിയും ഭയങ്കരതയും പൂണ്ടതാണ് നരകം. അതിലെ തീജ്വാലകള്‍ മലകള്‍ കണക്കെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും. സ്വര്‍ഗത്തിന്റെ വിസ്തൃതിയെക്കുറിച്ചും പരാമര്‍ശങ്ങളും വര്‍ണനകളും ഖുര്‍ആനില്‍ ഏറെ വന്നിട്ടുണ്ട്. മേല്‍പോട്ടുയരുന്നതിനനുസരിച്ച് സ്വര്‍ഗത്തിലെ പദവികളും കൂടുകയാണ്. എന്നാല്‍ നരകത്തിന്റെ അടിത്തട്ടിലേക്ക് വരുന്നതിനനുസരിച്ച് വേദനകളും കഷ്ടപ്പാടുകളും കൂടുതല്‍ കൂടുതല്‍ കഠിനതരമാവുകയാണ്. കടുത്ത ശിക്ഷക്ക് വിധേയരാവുന്ന കപട വിശ്വാസികളെക്കുറിച്ച,് അവര്‍ നരകത്തിന്റെ അടിത്തട്ടിലാണെന്ന പരാമര്‍ശം ഇവിടെ സ്മരണീയമാണ് (4:145). അത്യഗാധമായ അഗ്നി കുണ്ഡാരമായതിനാലാണ് നരകത്തിന് ഹാവിയ (അഗാധനരകം) എന്ന് പേര് പറയപ്പെട്ടിരിക്കുന്നത്. (101:9). അബൂഹറയ്‌റ(റ) പറഞ്ഞു. ഞങ്ങളൊരിക്കല്‍ തിരുമേനിയോടൊപ്പമുള്ളപ്പോള്‍ ഒരു സാധനം വീഴുന്ന ശബ്ദം കേട്ടു. തിരുമേനി ചോദിച്ചു, എന്താണെന്നറിയാമോ. ഞങ്ങള്‍ പറഞ്ഞു. ഇല്ല. തിരുമേനി പറഞ്ഞു എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരകത്തില്‍ എറിയപ്പെട്ട ഒരു കല്ലാണ് അത്. ഇതുവരെ അത് താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴത് താഴെതട്ടിയ ശബ്ദമാണാ കേട്ടത്. (മുസ്‌ലിം).

ഭയാനകമായ ഗര്‍ജനത്തോടെ അത് തിളച്ചുമറിയുകയും കടുത്ത 'കോപം' കാരണം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകുകയുംചെയ്യും. അല്ലാഹു പറയുന്നു. ''അവര്‍ അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഗര്‍ജ്ജനം കേള്‍ക്കുന്നതാണ്. അത് തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും (67:7,8). പാപികളെ കാണുന്നതോടെ അത് ക്ഷോഭിച്ച് ഇളകി രൗദ്രഭാവം പൂണ്ട് ഗര്‍ജിക്കുന്നു (25:12). അത്യധികം ഭീകര രൂപിയായ നരകത്തെ കടിഞ്ഞാണുകളില്‍ ബന്ധിച്ചാണ് മലക്കുകള്‍ കൊണ്ടുവരുന്നത്. നബി(സ) പറയുന്നു. ''നരകം ആ നാളില്‍ കൊണ്ടുവരപ്പെടും. അതിന് എഴുപതിനായിരം കടിഞ്ഞാണുകളുണ്ടായിരിക്കും. ഓരോ കടിഞ്ഞാണിന്റേയും കൂടെ എഴുപതിനായിരം മലക്കുകളുണ്ടായിരിക്കും (മുസ്‌ലിം). പുനരുത്ഥാനത്തെ നിഷേധിക്കുകയും ഐഹിക സുഖത്തില്‍ മുഴുകി കുറ്റകൃത്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നവരുടെ അവസ്ഥ വിശദീകരിച്ചിടത്ത് നരകത്തിന്റെ ഭീകരത അല്ലാഹു വ്യക്തമാക്കുന്നു.

''ഇടതു പക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! തുളച്ചുകയറുന്ന ഉഷ്ണക്കാറ്റ്, ചുട്ടു തിളക്കുന്ന വെള്ളം, തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത കരിമ്പുകയുടെ തണല്‍ എന്നീ ദുരിതങ്ങിളിലായിരിക്കും അവര്‍ (56:41-44). കുറ്റവാളികളോട്  പറയപ്പെടുന്ന വാക്കുകളില്‍ നരകത്തിന്റെ ഭയാനകത ഓര്‍മിപ്പിക്കുന്നു. ''മൂന്ന് ശാഖകളുള്ള ഒരുതരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക. അത് തണല്‍ നല്‍കുന്നതല്ല. തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചുകൊണ്ടിരിക്കും. അത് (തീപ്പൊരി) മഞ്ഞ നിറമുള്ള ഒട്ടക കൂട്ടങ്ങളെ പോലെയായിരിക്കും (77:30-33).

നരകകാഗ്നിയെക്കുറിച്ചുള്ള ഖുര്‍ആനിന്റെ വര്‍ണനകള്‍ നമ്മെ ഉള്‍ക്കിടിലം കൊള്ളിക്കുന്നു. അസാധാരണമായ ചൂടുള്ളതാണ് നരകത്തീ.(9:81). നരകാഗ്നിയെ കുറിച്ചു ഖുര്‍ആനില്‍ വന്ന ചില പ്രയോഗങ്ങള്‍ തന്നെ അതിന്റെ കാഠിന്യത്തെയും തീക്ഷ്ണതയേയും സൂചിപ്പിക്കുന്നു. ആളിക്കത്തുന്ന തീ (92:14), നന്നായി കത്തിക്കപ്പെട്ട തീ (104:6), ഹൃദയത്തിലേക്ക് കയറിപ്പിടിക്കുന്ന തീ (104:7), തീര്‍ച്ചയായും അത് നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും (104:8,9) തുടങ്ങിയ വചനങ്ങള്‍ ഇതിന് ഉദാഹരണമാണ്. 

തിരുമേനി പറഞ്ഞു. 'മനുഷ്യര്‍ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരക താപത്തിന്റെ എഴുപതിലൊരംശം മാത്രമാണ്. അനുചരന്മാര്‍ പറഞ്ഞു. അല്ലാഹുവാണ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ. നബി അരുളി: നരകം ഇതിനേക്കാള്‍ 69 ഇരട്ടി ചൂടുള്ളതായിരിക്കും ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ് (മുസ്‌ലിം). കടുത്ത ചൂടും വേവും അനുഭവപ്പെടുന്ന  നരകത്തിലെ ഇന്ധനമെന്തായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ''മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചു കൊള്ളുക (2:24). പരുഷ സ്വഭാവികളും കഠിനഹൃദയരുമായ മലക്കുകളാണ് നരകത്തിന് കാവല്‍ നില്‍ക്കുന്നത് (66:6).

നരകാഗ്നിയുടെ കാഠിന്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു. ''വഴിയെ ഞാന്‍ അവനെ സഖ്‌റില്‍ ഇട്ട് എരിക്കുന്നതാണ്. സഖ്ര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ് (74:26-29).
 

Feedback