Skip to main content

നരകത്തിലെ അന്നപാനീയങ്ങള്‍

ജീവിതമോ മരണമോ ഇല്ലാതെ അഗ്നിയില്‍ത്തന്നെ യാതനാ ജീവിതം തള്ളിനീക്കുന്ന കുറ്റവാളികള്‍ക്ക് തിന്നാനും കുടിക്കാനുമുള്ള അന്നപാനീയങ്ങളൊക്കെ തീയില്‍ നിന്നുള്ളതാണ്. ദാഹവും വിശപ്പും ശമിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ നടത്തുമെങ്കിലും അവിടെനിന്ന് കിട്ടുന്ന ഭക്ഷണമോ, പാനീയമോ അവരുടെ വിശപ്പിന് ശമനമോ, ദാഹത്തിന് പരിഹാരമോ ആവുകയില്ല. ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്ക് കുടിപ്പിക്കപ്പെടുന്നതാണ്. ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല (88:5,6,7).

ആമാശയവും കുടല്‍മാലകളും ഉരുക്കിക്കളയുന്ന വിധമുള്ളതായിരിക്കും അവ. എന്നാലും കടുത്ത ദാഹം നിമിത്തം ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നത്‌പോലെ അവര്‍ കുടിക്കും (56:55). കൊടും ചൂടുവെള്ളവും കൊടും തണുപ്പുവെള്ളവുമല്ലാതെ കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല (78:24-25).

''കൊടുംചൂടുള്ള പാനീയം വലിച്ചുകുടിക്കുന്നത് കാരണം അവരുടെ കുടല്‍മാലകള്‍ ഛിന്നഭിന്നമായിത്തീരും (47:15).

നരകവാസികള്‍ കുടിക്കുന്ന പാനീയത്തെ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും പല പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

അല്‍ഹമീം (തിളച്ചുപൊള്ളുന്ന ചൂടുവെള്ളം): ഇതിനെക്കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ''അതിന്നും നരകം തിളച്ചു പൊള്ളുന്ന ചൂടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ് (55:44).

കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ (78:25).

അല്‍ഗസ്സാഖ് (കൊടും തണുപ്പുള്ള വെള്ളം): അസഹ്യമായ തണുപ്പുള്ള വെള്ളവും ശിക്ഷയുടെ ഭാഗമായി ഇവര്‍ക്ക് നല്‍കും അല്ലാഹു പറയുന്നു: നരകമത്രെ അത്. അവര്‍ അതില്‍ കത്തിയെരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം. ഇതാണവര്‍ക്കുള്ളത്. ആകയാല്‍ അവര്‍ അത് ആസ്വദിച്ചുകൊള്ളട്ടെ. കൊടും ചൂടുള്ളവെള്ളവും കൊടും തണുപ്പുള്ള വെള്ളവും (38:56, 57).

അസ്സ്വദീദ്: നരക ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെ ചോരയും ചലവും നീരുമെല്ലാം കലര്‍ന്നതാണിത്. അല്ലാഹു പറയുന്നു: ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അതവന്‍ കീഴ്‌പ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്നിറക്കാന്‍ അവന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്തുനിന്നും മരണം അവന്റെ നേര്‍ക്കു വരും. എന്നാല്‍ മരണപ്പെടുകയില്ലതാനും (14:16, 17).

ത്വീനത്തുല്‍ഖബാല്‍: നബി(സ) പറഞ്ഞു, ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവനെ ത്വീനത്തുല്‍ഖബാല്‍ കുടിപ്പിക്കുകയെന്നത് അല്ലാഹുവിന്റെ കരാറാണ്. അപ്പോള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്താണ് ത്വീനത്തുല്‍ഖബാല്‍? അവിടുന്ന് പറഞ്ഞു, നരകാഗ്നിയുടെ വിയര്‍പ്പും അവരുടെ നീരുമാണ് (മുസ്‌ലിം).

അല്‍മുഹ്ല്‍ (ഉരുക്കിയലോഹം പോലുള്ള വെള്ളം): അവര്‍ വെള്ളത്തിന് അപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്. അത് മുഖങ്ങളെ എരിച്ചുകളയും. വളരെ ദുഷിച്ച പാനീയം തന്നെ എന്ന് ഖുര്‍ആന്‍ പറയുന്നു (18:29).

നരകവാസികള്‍ കുടിക്കുന്ന വെള്ളം ദാഹത്തിന് അവര്‍ക്ക് പരിഹാരമാവാത്തത് പോലെ കഴിക്കുന്ന ഭക്ഷണം വിശപ്പിനും ശമനം നല്‍കുകയില്ല, പോഷണം നല്‍കുകയുമില്ല. വിശപ്പിന്റെ കാഠിന്യത്താല്‍ കിട്ടുന്നത് തിന്നുനോക്കാന്‍ അവര്‍ തിടുക്കംകൂട്ടും. അവര്‍ക്കുള്ള ഒരാഹാരമാണ്, സഖൂം വൃക്ഷം. ഗിസ്‌ലീന്‍ എന്ന ഭക്ഷണത്തെ കുറിച്ച് 69:36ല്‍ പരാമര്‍ശമുണ്ട്. 

സഖൂംവൃക്ഷം. നരകത്തിന്റെ അടിത്തട്ടില്‍ നിന്ന് മുളച്ചു പൊന്തിവരുന്ന ഈ വൃക്ഷത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും സഖൂം വൃക്ഷമാകുന്നു (നരകത്തില്‍) പാപിയുടെ ആഹാരം. ഉരുക്കിയ ലോഹം പോലിരിക്കും (അതിന്റെ കനി). ചൂടുവെള്ളം തിളക്കുന്നത് പോലെ അത് വയറുകളില്‍ തിളക്കും (44:43-46). 

''നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രേ അത് (സഖൂം). അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍നിന്ന് തിന്ന് വയറു നിറക്കുന്നവരായിരിക്കും. പിന്നീട് അവര്‍ക്ക് അതിന്ന്മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട് (37:64-67). തീയില്‍ മരം കിളിര്‍ക്കുന്നത് സത്യനിഷേധികള്‍ക്ക് വിശ്വസിക്കാവുന്ന കാര്യമല്ല. അതിനാല്‍ സര്‍വശക്തനായ സ്രഷ്ടാവ് ഇതിലൂടെ അതിനെ സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണവുമാക്കിയിരിക്കുന്നു. ''തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു (37:63). നബി (സ) പറയുന്നു: സഖൂം വൃക്ഷത്തില്‍നിന്ന് ഒരുതുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമിവാസികളുടെ ജീവിതംതന്നെ കുഴപ്പമാകുമായിരുന്നു. അപ്പോള്‍ പിന്നെ അതല്ലാതെ മറ്റ് ആഹാരമൊന്നുമില്ലാത്തവരുടെ സ്ഥിതിയെന്തായിരിക്കും (ഇബ്‌നുമാജ).

വിശപ്പിന്റെ കാഠിന്യത്താല്‍ നരകവാസികള്‍ സഖൂം വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചുകൊണ്ട് വയറ് നിറക്കുന്നു. അല്ലാഹു പറയുന്നു. ''എന്നിട്ട് ഹേ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ, തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍നിന്ന് അതായത് സഖൂമില്‍നിന്ന് ഭക്ഷിക്കുന്നവരാകുന്നു. അങ്ങനെ അതില്‍നിന്ന് വയറുനിറക്കുന്നവരും. അതിന്റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു (56:51-54). ഇതേ വൃക്ഷത്തെക്കുറിച്ച്തന്നെ അല്ലാഹു 'ശപിക്കപ്പെട്ട വൃക്ഷം' എന്ന് പ്രയോഗിച്ചിരിക്കുന്നു.

''ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തെയും (നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു) നാം അവരെ ഭയപ്പെടുത്തുന്നു. (17:60). വയറ്റിലെത്താതെ തൊണ്ടയില്‍ കുടുങ്ങുന്ന ഭക്ഷണത്തെപ്പറ്റിയും അല്ലാഹു അറിയിച്ചുതരുന്നു. ''തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയുമുണ്ട്. തൊണ്ടയില്‍ അടഞ്ഞു നില്ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. (73:12 13).
 

Feedback