Skip to main content

നരകാവകാശികളുടെ എണ്ണം

മനുഷ്യവര്‍ഗത്തില്‍ നിന്നും ജിന്നു വര്‍ഗത്തില്‍ നിന്നുമായി ധാരാളം ആളുകള്‍ നരകാവകാശികളായിട്ട് ഉണ്ടാവുമെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. അവര്‍ നരകാവകാശികളാകാനുള്ള കാരണവും അല്ലാഹു വെളിപ്പെടുത്തുന്നു. ''ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും വളരെ ആളുകളെ ജഹന്നമി(നരകത്തി)ന് വേണ്ടി നാം സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അവ കൊണ്ട് അവര്‍ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അവ കൊണ്ട് അവര്‍ കാണുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവ കൊണ്ട് അവര്‍ കേട്ടറിയുകയില്ല. അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു എന്നല്ല, (അവയേക്കാള്‍) അധികം പിഴച്ചവരാകുന്നു. അക്കൂട്ടര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (7:179).

ദേഹേഛകളെ പിന്‍പറ്റി അല്ലാഹുവിന്റെ കല്പനകളെ ധിക്കരിച്ച് ജീവിക്കുന്നവര്‍ക്ക് ശിക്ഷയായി നരകം അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നുവെന്ന് അനേകം സൂക്തങ്ങളില്‍ കൂടി വ്യക്തമാക്കുന്നു. നരകം സൃഷ്ടിച്ച ശേഷം ജിബ്‌രീലിനോട് അത് ചെന്ന് കാണാന്‍ അല്ലാഹു പറഞ്ഞു. നിന്റെ പ്രതാപത്തെ ഞാന്‍ വാഴ്ത്തുന്നു. അതിനെക്കുറിച്ച് കേള്‍ക്കുന്നവരാരും തന്നെ അതില്‍ പ്രവേശിക്കുകയില്ല (അത്രമേല്‍ ഭീകരമാണെന്ന് സാരം) എന്ന് ജിബ്‌രീല്‍ പ്രതിവചിച്ചു. വീണ്ടും  ചെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. ചെന്നു നോക്കി, തിരിച്ചുവന്ന് ജിബ്‌രില്‍ പറഞ്ഞു. നിന്റെ പ്രതാപത്തെ ഞാന്‍ വാഴ്ത്തുന്നു. അതില്‍ പ്രവേശിക്കാതെ ആരെയും അവശേഷിപ്പിക്കുകയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു (തിര്‍മിദി, അബ്ദുര്‍റസാഖ്)
 

Feedback