Skip to main content

നരകത്തിലെ ശിക്ഷാമുറകള്‍

നരകത്തിലുള്ള നിത്യയാതനകളും കഷ്ടതകളും അനുഭവിക്കാനും വര്‍ധിച്ച രൂപത്തില്‍ അവ അനുഭവവേദ്യമാക്കാനും വേണ്ടി ശരീരാകൃതിയില്‍ത്തന്നെ അല്ലാഹു മാറ്റം വരുത്തുന്നു. നബി(സ) പറയുന്നു. ''നരകത്തില്‍ അവിശ്വാസിയുടെ രണ്ടു ചുമലുകള്‍ക്കിടയിലെ അകലം വേഗതകൂടിയ ഒരു യാത്രക്കാരന് മൂന്ന് ദിവസത്തെ വഴി ദൂരമാണ് (മുസ്‌ലിം). അവിശ്വാസിയുടെ തേറ്റ ഉഹ്ദ്മലപോലെയായിരിക്കുമെന്നും തൊലി നല്പത്തിരണ്ടു മുഴം കട്ടിയുണ്ടായിരിക്കുമെന്നും വേറെ ചില റിപ്പോര്‍ട്ടുകളിലും വന്നിരിക്കുന്നു. (തുര്‍മുദി)

തൊലി കരിക്കുന്നു: മനുഷ്യ ശരീരത്തില്‍ ത്വക്ക് എന്ന അവയവത്തിലൂടെയാണല്ലോ അവന്‍ ചൂടും തണുപ്പും വേദനയുമൊക്കെ അനുഭവിച്ചറിയുന്നത്. കത്തിയാളുന്ന നരകാഗ്നിയുടെ ചൂടുകൊണ്ട് തൊലി വെന്തുരുകുമ്പോഴെല്ലാം പുതിയ തൊലികള്‍ മാറ്റിക്കൊടുക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. ''തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റിക്കൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു (4:56).

അഗ്നി വസ്ത്രങ്ങളും ദണ്ഡനങ്ങളും: അല്ലാഹു പറയുന്നു: “അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ട് വസ്ത്രങ്ങള്‍ മുറിച്ചു കൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ തിളക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മങ്ങളും ഉരുക്കപ്പെടും. അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ടായിരിക്കും. അതില്‍ നിന്ന് കഠിന ക്ലേശം നിമിത്തം പുറത്തുപോകന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്. എരിച്ചു കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും (22:19-22).

തീക്കുപ്പായങ്ങളും അഗ്നികൊണ്ടു മൂടുന്ന പുതപ്പുകളും അവര്‍ക്ക് നല്‍കപ്പെടുന്നു.  അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ് (14:50). അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളുമുണ്ടായിരിക്കും (7:41).

പുതപ്പ് പുതക്കുന്നതിന്റെ സുഖമോ വസ്ത്രം ധരിക്കുന്നതിന്റെ ഗുണമോ ഒന്നും അനുഭവിക്കാനവര്‍ക്ക് ആവുന്നില്ല. ഈ തീയുടുപ്പുകള്‍ കൊണ്ട് അവരെ നിത്യമായ ശിക്ഷയുടെ ഒരിനം അല്ലാഹു ആസ്വദിപ്പി ക്കുകയാണ്. താഴെയും മേലെയും ആയി തീക്കുടകളുമുണ്ടായിരിക്കും ആ നരകവാസികള്‍ക്ക്. അല്ലാഹു പറയുന്നു. ''അവരുടെ മേല്‍ഭാഗത്ത് തീയിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്മാരേ നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍ (39:16).
മുഖം കരിക്കുന്നു: മനുഷ്യന്‍ എന്ന സൃഷ്ടി ഏറെ മോടിപിടിപ്പിച്ചും ആദരിച്ചും സൂക്ഷിച്ചു പോരുന്ന അവയവമാണ് മുഖം. നരകാഗ്‌നികളാലുള്ള ശിക്ഷക്ക് അവര്‍ വിധേയരാകുമ്പോള്‍ മുഖം എന്ന അവയവത്തെ എങ്ങനെയാണത് ബാധിക്കുന്നതെന്ന് അല്ലാഹു വ്യക്തമാക്കുന്നു.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചു കൂട്ടുന്നതാണ് (17:97). ആര്‍ തിന്മയും കൊണ്ടുവന്നുവോ അവര്‍ നരകത്തില്‍ മുഖംകുത്തി വീഴ്ത്തപ്പെടുന്നതാണ് (27:90). മുഖം അഗ്നികൊണ്ട് ആവരണം ചെയ്യും (14:50). നരകാഗ്നി അവരുടെ മുഖങ്ങളെ കരിച്ചു കളയുകയും അവരതില്‍ പല്ലിളിച്ചവരായിരിക്കുകയും ചെയ്യും (23:104). അവരുടെ മുഖങ്ങള്‍ അഗ്നിയില്‍ ഇട്ട് കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്ന ദിവസം അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ (33:66). 

എന്നാല്‍ അവരുടെ ഈ വിലാപമോ, വ്യാമോഹങ്ങളോ ഒട്ടും ഫലം ചെയ്യുകയില്ല.
 

Feedback