Skip to main content

നരകത്തിലെ ശിക്ഷാ സാമഗ്രികള്‍

ഇരുമ്പുദണ്ഡുകള്‍: കടുത്ത നരകശിക്ഷ സഹിക്കാനാവാതെ എങ്ങനെയെങ്കിലും അതില്‍നിന്നും പുറത്തു കടക്കാന്‍ നരകവാസികള്‍ ശ്രമിക്കവെ അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നു. വെന്തുകരിയുന്ന ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍ എന്നു പറഞ്ഞുകൊണ്ടായിരിക്കും അവരെ അതിലേക്ക്തന്നെ വീണ്ടും തള്ളിവിടുന്നത്. ഇരുമ്പു ദണ്ഡുകള്‍കൊണ്ടുള്ള ദണ്ഡനവും അവര്‍ ഏല്‍ക്കേണ്ടിവരുമെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ''അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്'' (22:21).

ചങ്ങലകള്‍: നരകവാസികളെ പരസ്പരം ബന്ധിക്കാനോ നരകവാസികളുടെ അവയവങ്ങള്‍ തമ്മില്‍ കൂട്ടി ബന്ധിക്കുവാനോ ചങ്ങലകള്‍ ഉപയോഗിക്കുന്നു. അല്ലാഹു പറയുന്നു, അന്നത്തെ ദിവസം, കുറ്റവാളികളെ, ചങ്ങലകളില്‍ കൂട്ടിബന്ധിക്കപ്പെട്ടവരായി നിനക്ക് കാണാവുന്നതാണ് (14:49).

എഴുപത് മുഴമുള്ള ചങ്ങല: ഇടത് കൈയില്‍ ഗ്രന്ഥം വാങ്ങിയവരും പ്രയാസകരമായ വിചാരണ ഏറ്റ്‌വാങ്ങി നരകശിക്ഷക്ക് വിധിക്കപ്പെട്ടവുമായ മനുഷ്യരെ ബന്ധിച്ച് ആമം വെക്കാന്‍ അല്ലാഹു കല്പിക്കുന്നു. പിന്നെ അവനെ ജ്വലിക്കുന്ന നരകത്തില്‍ കടത്തുവിന്‍. പിന്നെ ഏഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ അവനെ പ്രവേശിപ്പിക്കുവിന്‍ (69:30-32).

ഏഴ് വാതിലുകള്‍: കുറ്റവാളികളെ ശിക്ഷയുടെ വിവിധ പടികളിലേക്ക് തള്ളിവിടാന്‍ പറ്റിയവിധം ഏഴ് വാതിലുകള്‍ നരകത്തില്‍ ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 'അതിന് ഏഴ് വാതിലുകളാണ് ഉള്ളത്. ഓരോവാതിലിനും അവരില്‍നിന്ന് (പ്രത്യേകം) വീതിക്കപ്പെട്ട ഓരോ വിഭാഗം ആളുകളുണ്ട് (15:44).

ഭിത്തികള്‍: നരകത്തിന് ശക്തിമത്തായ ഭിത്തികളുണ്ട്. ആ ഭിത്തികളാല്‍ നരകവാസികള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ''തീര്‍ച്ചയായും നാം അക്രമികള്‍ക്ക് ഒരുഅഗ്നി (നരകം) ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ പുറംമൂടി അവരെ വലയം ചെയ്യുന്നതാണ്'' (18:29).

മൂടി: സകലരേയും ഉള്ളിലാക്കിയതിന് ശേഷം നരകത്തിന്മേല്‍ കനത്ത മൂടിയിട്ട് അടക്കപ്പെടും. നിശ്ചയമായും അത് അവരുടെമേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട (വമ്പിച്ച) സ്തംഭങ്ങളിലായിട്ട് (104:8,9)

നരകത്തിന്റെ കാവല്‍ക്കാരായി കഠിനഹൃദയരും പരുഷപ്രകൃതക്കാരുമായ 19 മലക്കുകളെ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ് (74:30). അതില്‍ പ്രവേശിക്കാന്‍ കൂട്ടാക്കാതെ കുറ്റവാളികള്‍ നില്‍ക്കുമ്പോള്‍ അവരെ അതിലേക്ക് ഊക്കോടെ ഒരു പിടിച്ചുതള്ളല്‍ നടത്തപ്പെടുന്ന ദിവസം (52:13). ഇത് നിങ്ങള്‍  നിഷേധിച്ചു തള്ളിയിരുന്നതുമായ നരകമത്രെ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും (52:14).
 

Feedback