Skip to main content

പരലോകത്തിന്റെ സംവിധാനം (7)

പരലോകത്തിന്റെ സംവിധാനം നീതിപൂര്‍വകമായിരിക്കും. ഒട്ടും അനിതി ആരോടും കാണിക്കാതെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് അര്‍ഹമായ രക്ഷാ ശിക്ഷകള്‍ കണിശമായി നല്‍കുന്ന വേദിയാണത്. ഓരോ മനുഷ്യനും അവനവന്‍ ചെയ്ത കര്‍മങ്ങള്‍ മാത്രം തുണയായിത്തീരുന്ന പരലോകത്ത് ബന്ധങ്ങളോ സ്വാധീനങ്ങളോ യാതൊരു ഉപകാരവും ചെയ്യുകയില്ല. അല്ലാഹു പറയുന്നു: മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും തന്റെ പിതാവിന് പ്രയോജനകാരിയാവാത്ത, ഒരുദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ (31:33).

മറ്റാരും സഹായത്തിനില്ലാത്ത പരലോക നാളില്‍ സ്വന്തം കര്‍മങ്ങള്‍ മാത്രമാണ് ഓരോരുത്തരുടെയും രക്ഷയ്ക്കുണ്ടാവുക. ആ കര്‍മങ്ങള്‍ ചീത്തയായിരുന്നാല്‍ അവന് ലഭിക്കാനിരിക്കുന്നത് നരക ശിക്ഷയായിരിക്കും. ''അതല്ല മൂസായുടെയും (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും പത്രികകളില്‍ ഉള്ളതിനെപ്പറ്റി അവന് വിവരം അറിയിക്കപ്പെട്ടില്ലേ? അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്‌നഫലം വഴിയെ അവന് കാണിച്ചുകൊടുക്കപ്പെടുകയും ചെയ്യും എന്നുമുള്ള കാര്യം. പിന്നീട് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം അവന് നല്‍കപ്പെടുന്നതാണെന്നും (53:36-41).

പ്രവാചകന്മാര്‍ മുഖേന അല്ലാഹു മനുഷ്യവര്‍ഗത്തെ പഠിപ്പിച്ച പരലോക സംവിധാനത്തെക്കുറിച്ചുള്ള ഈ യാഥാര്‍ഥ്യത്തില്‍ നിന്നും വിവിധ കാലങ്ങളില്‍ പ്രവാചകന്മാരുടെ അനുയായികള്‍ വ്യതിചലിക്കുകയുണ്ടായി. യഹൂദരും ക്രൈസ്തവരും തങ്ങള്‍ നരകത്തില്‍ പ്രവേശിക്കേണ്ടിവരികയില്ല എന്ന വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നു. ഇനി പ്രവേശിക്കേണ്ടിവന്നാല്‍ തന്നെ കുറഞ്ഞ നാളുകള്‍ മാത്രമേ അവിടെ താമസിക്കേണ്ടതുള്ളൂ എന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവരും സന്തതികളുമാണെന്നാണ് ഇതിന് അവര്‍ കാരണം പറഞ്ഞത്. മുഹമ്മദ് നബി(സ) ഇസ്‌ലാംമത വിശ്വാസാചാരങ്ങള്‍ സമൂഹത്തെ പഠിപ്പിച്ചു. ആര് നന്മ ചെയ്താലും അത് അവന്‍ കാണും. ആര് തിന്മ ചെയ്താല്‍ അതും അവന്‍ കാണും (99:7,8) എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചുതന്നു. സ്വപുത്രി ഫാത്വിമ(റ)യോട് പോലും നരകാഗ്നിയില്‍നിന്ന് നിന്നെ രക്ഷപ്പെടുത്താന്‍ തനിക്ക് കഴിയുകയില്ല എന്ന് നബി(സ) പറഞ്ഞു. സ്വന്തം പിതാവിനെയോ സത്യനിഷേധികളായ ബന്ധുക്കളെയോ നരകത്തില്‍നിന്ന് രക്ഷിക്കാന്‍ മുഹമ്മദ് നബി(സ)ക്ക് പോലും കഴിയില്ലെന്ന് പഠിപ്പിക്കപ്പെടുന്നതിലൂടെ ഓരോ വ്യക്തിയ്ക്കും അവനവന്റെ വിശ്വാസവും കര്‍മവും മാത്രമാണ് രക്ഷിതാവിങ്കല്‍ വിധി തീര്‍പ്പിന് പരിഗണിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതാണ് ഇസ്‌ലാം പഠിപ്പിച്ചു തരുന്ന പരലോക വിശ്വാസം.
 

Feedback