Skip to main content

നിരര്‍ഥകമായ ശഫാഅത്ത്

അല്ലാഹുവിന് പുറമെ മറ്റു പലരെയും ആരാധ്യന്മാരായി സ്വീകരിക്കുന്നവരുടെ വിശ്വാസം അവര്‍ക്ക് (ആരാധ്യന്മാര്‍ക്ക്) അല്ലാഹൂവിന്റെ അടുക്കല്‍ വലിയ സ്വാധീനശക്തിയുണ്ടെന്നും അതുപയോഗപ്പെടുത്തി തങ്ങളുദ്ദേശിക്കുന്ന ഏത് കാര്യവും ചെയ്യിക്കാമെന്നുമാണ്. ഔലിയാക്കളെന്നോ മഹാന്മാക്കളെന്നോ കരുതി അവരോട് പ്രാര്‍ഥിക്കുന്നതിലൂടെ അവര്‍ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും പരലോകത്ത് അവര്‍ തങ്ങളുടെ ശുപാര്‍ശകന്മാരായി വന്ന് സഹായിക്കുമെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത്തരം ശിപാര്‍ശ വിശ്വാസം നിഷ്ഫലമാണെന്നും അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണെന്നും ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

''അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്ക്‌ചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു'' (10:18).

മുസ്‌ലിം സമൂഹത്തില്‍തന്നെ ചിലര്‍ ഇതിനോട് സമാനമായ വിശ്വാസം വെച്ചുപുലര്‍ത്തുന്നു. നബി(സ)യോട് ഇവര്‍ നടത്തുന്ന പ്രാര്‍ഥന തന്നെ ശിപാര്‍ശക്ക് വേണ്ടിയുള്ളതാണ്. ഇത് ശിര്‍ക്ക് (ബഹു ദൈവവിശ്വാസം) ആണെന്ന കാര്യത്തില്‍ സംശയമില്ല. ' അല്ലയോ നബിമാരില്‍ ശ്രേഷ്ഠനായ എന്റെ നേതാവേ, അനുകമ്പയാല്‍ ഞങ്ങള്‍ക്ക് അന്ത്യനാളില്‍ താങ്കള്‍ ശിപാര്‍ശ നല്‍കേണമേ, അതെങ്ങാനും, നഷ്ടപ്പെട്ടാല്‍ ഞങ്ങളുടെ നാശംതന്നെ' (മന്‍ഖൂസ് മൗലിദ്)

അല്ലാഹൂവിന് മാത്രം നിര്‍വഹിക്കപ്പെടേണ്ടതാണ് പ്രാര്‍ഥന. നബി(സ)ക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് ചെയ്യാവുന്ന ഒന്നല്ല ശഫാഅത്ത്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു വേണ്ടി മാത്രമേ നബി(സ)ക്ക് ശിപാര്‍ശ നടത്താന്‍ അനുവാദമുണ്ടാകുകയൂള്ളൂ. നബി(സ)യോട് തന്നെ പ്രാര്‍ഥന നടത്തി ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് ശിപാര്‍ശക്ക് ഒരിക്കലും അര്‍ഹതയുണ്ടായിരിക്കില്ല എന്ന് ഉറപ്പാണ്. 

അബൂഹുറയ്‌റ(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ചോദിച്ചു. പ്രവാചകരേ, പുനരുത്ഥാന നാളില്‍ അങ്ങയുടെ ശിപാര്‍ശ ലഭിക്കുന്ന ഭാഗ്യവാന്മാര്‍ ആരായിരിക്കും? ആപ്പോള്‍ അദ്ദേഹം പറഞ്ഞു. അബൂഹുറയ്‌റ, ഇക്കാര്യത്തെക്കുറിച്ച് നിനക്ക് മുമ്പ് ഒരാളും എന്നോട് ചോദിക്കുകയില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. കാരണം, ഹദീസ് ഗ്രഹിക്കുന്ന വിഷയത്തില്‍ നിന്റെ ആര്‍ത്തി ഞാന്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. മനസ്സറിഞ്ഞ് ആത്മാര്‍ഥമായി ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല) എന്ന് പറഞ്ഞവനാണ് പുനരുത്ഥാന നാളില്‍ എന്റെ ശിപാര്‍ശമൂലം ധന്യനാവുക. (ബൂഖാരി, അഹ്മദ്).

അല്ലാഹു അല്ലാത്ത മറ്റു പലരെയും ആരാധ്യരായി പ്രതിഷ്ഠിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും അവര്‍ പരലോകത്ത് ശിപാര്‍ശകന്മാരായി തങ്ങള്‍ക്ക് രക്ഷക്കെത്തുമെന്ന് വിചാരിക്കുകയും ചെയ്യുന്നത് മൗഢ്യമാണെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു. അവര്‍ക്കുണ്ടാകുന്ന ദയനീയ പരിണതി അല്ലാഹു വ്യക്തമാക്കിത്തരുന്നു.

''നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്പിച്ചിരുന്ന നിങ്ങളുടെ ആ ശിപാര്‍ശക്കാരെ നിങ്ങളോടൊപ്പം കാണുന്നില്ലല്ലോ.  നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോവുകയും നിങ്ങള്‍ ജല്പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു. (6:94).

ഉല്‍കൃഷ്ടനായ നബിക്കോ ദൈവ സാന്നിദ്ധ്യം സിദ്ധിച്ച മലക്കുകള്‍ക്ക് പോലുമോ അല്ലാഹുവിന്റെ സന്നിധിയില്‍ അവന്റെ അനുമതി കൂടാതെ ഒന്നും സംസാരിക്കാന്‍ അനുവാദമില്ലാത്ത ഇടമായ പരലോകത്ത്  നടക്കാനിരിക്കുന്ന ശിപാര്‍ശ അല്ലാഹുവും റസൂലും പഠിപ്പിച്ച്തരുന്ന രൂപത്തില്‍ മനസ്സിലാക്കുകയാണ് വേണ്ടത്. കരുണാനിധിയായ അല്ലാഹുവിന്ന് പാപിയും സത്യവിശ്വാസിയുമായ തന്റെ അടിമയോടുള്ള കരുണ മാത്രമാണ് ശിപാര്‍ശക്ക് വേണ്ടിയുള്ള അനുമതിയുടെ മാനദണ്ഡം.
 

Feedback
  • Monday Nov 4, 2024
  • Jumada al-Ula 2 1446