Skip to main content

ശിപാര്‍ശകള്‍

പരലോകത്ത് നബി(സ)  മനുഷ്യസമൂഹത്തെ വിചാരണക്കെടുക്കാന്‍ അല്ലാഹുവിനോട് നടത്തുന്ന മഹത്തായ ശിപാര്‍ശക്ക് പുറമെ വേറെ ചില ശിപാര്‍ശകള്‍ (ശഫാഅത്തുകള്‍) കൂടി നടക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് താഴെ വിവരിക്കുന്നത്. അഞ്ച് തരം ശിപാര്‍ശകളാണ് അവ.

1) തൗഹീദ് (ഏക ദൈവാരാധന) ഉണ്ടാവുകയും എന്നാല്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റങ്ങള്‍ സംഭവിക്കുകയും ചെയ്ത ആളുകളെ അവരുടെ ശിക്ഷയുടെ കാലാവധി കഴിയുമ്പോള്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തിലെത്തിക്കുന്നു. എന്നാല്‍ ഇത് നടക്കുന്നത് ഒരു ശിപാര്‍ശ മുഖേനെയാണ്. നബി(സ) പറയുന്നു.

''അപ്പോള്‍ നരകാവകാശികള്‍ മരിക്കുകയോ ജീവിക്കുകയോ ചെയ്യാതെ അതില്‍ കഴിച്ചുകൂട്ടുന്നു. എന്നാല്‍ ചില കുറ്റങ്ങള്‍ കാരണം നരകശിക്ഷയേറ്റവര്‍ ഉണ്ട്. അവരെ അഗ്നി കൊന്നു കളയുകയും കരിക്കുകയും അവര്‍ മരിക്കുകയും ചെയ്യുന്നു. ആ സമയത്ത് ശിപാര്‍ശക്ക് അനുമതി നല്‍കപ്പെടുന്നു. അപ്പോള്‍ അവരെ കൂട്ടംകൂട്ടമായി കൊണ്ടുവരികയും സ്വര്‍ഗനദികളില്‍ വിതറുകയും ചെയ്യുന്നു. അനന്തരം ഇങ്ങനെ പറയപ്പെടുന്നു. 'സ്വര്‍ഗവാസികളേ, അവര്‍ക്ക് മീതെ (വെള്ളം) ചൊരിയുവീന്‍.' അവരുടെ ജലപ്രവാഹത്തില്‍ ഒലിച്ചുവരുന്ന ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് മുളച്ചുവരുന്ന വിത്തുപോലെ, അവര്‍ മുളച്ചുവരുന്നു. (മുസ്‌ലിം). ഈ ശിപാര്‍ശക്ക് നബി തിരുമേനിക്കും മറ്റു മുത്തഖികള്‍ക്കും അനുമതി നല്‍കുന്നതാണ്. നബി(സ) പറയുന്നു ''ഞാന്‍ ശിപാര്‍ശ നടത്തും. അപ്പോള്‍ എനിക്ക് പരിധി നിശ്ചയിച്ച് തരും. അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും (ബുഖാരി).

2) നരകത്തിന് അര്‍ഹതപ്പെട്ടവരെ അതില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള ശിപാര്‍ശ. ഇത് ഇഹലോകത്ത്‌വെച്ച് നടക്കുന്ന ശിപാര്‍ശയാണ്. നബി(സ) പറയുന്നു: ''അല്ലാഹുവിങ്കല്‍ ഒന്നിനേയും പങ്ക് ചേര്‍ക്കാത്ത നാല്പത് പേര്‍ ഒരു മുസ്‌ലിമിന് വേണ്ടി മയ്യിത്ത് നമസ്‌കരിച്ചാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവരുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതാണ് (മുസ്‌ലിം).

3) വിശ്വാസികള്‍ക്ക് പരലോകത്ത് പദവികള്‍ ഉയര്‍ത്തിക്കിട്ടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന. അബൂസലമ(റ) എന്ന സ്വഹാബി മരിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തിന് വേണ്ടി ഇങ്ങനെ പ്രാര്‍ഥിച്ചു.


''അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്ത് കൊടുക്കേണമേ, സന്മാര്‍ഗികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തേണമേ, ബാക്കിയുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ അദ്ദേഹത്തിന്റെ അഭാവം നീ പരിഹരിക്കേണമേ, സർവലോക രക്ഷിതാവേ, അദ്ദേഹത്തിനും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ, അദ്ദേഹത്തിന്റെ ഖബ്ര്‍ നീ വിശാലമാക്കി കൊടുക്കകയും പ്രകാശം ചൊരിഞ്ഞു കൊടുക്കുകയും ചെയ്യേണമേ (മുസ്‌ലിം, അഹ്മദ്).

ഈ പ്രാര്‍ഥന ഒരു ശിപാര്‍ശയാണ് എന്ന് ഇതിന് മുമ്പ് ഉദ്ധരിച്ച നബി വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇത് വിശ്വാസികള്‍ക്ക് പരസ്പരം നടത്താവുന്ന ശിപാര്‍ശയാണ്. 

4) നബി(സ)യുടെ താങ്ങായി നിലകൊള്ളുകയും നബിക്കുവേണ്ട സംരക്ഷണം നല്കുകയും ചെയ്തിരുന്ന അബൂത്വാലിബ് മുസ്‌ലിമായിരുന്നില്ല. അദ്ദേഹം വിശ്വാസിയായിട്ടില്ലെങ്കിലും നബിയുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ വിധ സഹായവും സഹകരണവും ചെയ്തുകൊടുത്തു. പരലോകത്ത് അദ്ദേഹത്തിന് സ്വര്‍ഗപ്രവേശത്തിന് അര്‍ഹതയില്ലെങ്കിലും നരകാഗ്നിയില്‍ നിന്നുള്ള  ശിക്ഷക്ക് അല്പം അയവ് ഉണ്ടായേക്കുമെങ്കിലോ എന്ന പ്രതീക്ഷയോടെ റസൂല്‍(സ) ശിപാര്‍ശ നടത്തും. നബി(സ) പറഞ്ഞു: ''പുനരുത്ഥാനനാളില്‍ ഒരു പക്ഷേ എന്റെ ശിപാര്‍ശ അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം. അങ്ങനെയായാല്‍ അദ്ദേഹത്തെ ഞെരിയാണി വരെയെത്തുന്ന നരകത്തില്‍ ഏറ്റവും ആഴം കുറഞ്ഞ ഭാഗത്ത് ആക്കുന്നതാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മസ്തിഷ്‌കാവരണംവരെ തിളക്കും (ബുഖാരി, മുസ്‌ലിം). ഈ ശിപാര്‍ശ നബി(സ)ക്ക് മാത്രമുള്ള പ്രത്യേകതയാണ്. അവിശ്വാസികളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാന്‍ മറ്റാര്‍ക്കും അല്ലാഹു അനുമതി നല്കിയിട്ടില്ല. ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി പ്രാര്‍ഥിച്ചതിനെ അല്ലാഹു വിമര്‍ശിച്ചതായി ഖുര്‍ആന്‍ ഉണര്‍ത്തുന്നു.(9:113).

5) അല്ലാഹു അനുവദിക്കുന്ന ചില പ്രത്യേക  വിഭാഗം ആളുകളെ വിചാരണയോ ചോദ്യമോ ഒന്നും കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനുള്ള ശിപാര്‍ശ. ഇതും തിരുമേനിക്ക് മാത്രമുള്ളതായിരിക്കും.

Feedback