Skip to main content

മുഹമ്മദ് നബിയുടെ ശിപാര്‍ശ

മഹ്ശര്‍ മൈതാനിയില്‍ താഴ്ത്തപ്പെട്ട സൂര്യന് കീഴെ കഠിനമായ പ്രയാസങ്ങളും താങ്ങാനാവത്ത കഷ്ടപ്പാടുകളും സഹിച്ചുകൊണ്ട് മനുഷ്യരെല്ലാം നില്‍ക്കുകയാണ്. അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യവും തണലും ലഭിക്കുന്ന ചിലരൊഴികെ എല്ലാവരും കടുത്ത പരീക്ഷണത്തില്‍തന്നെ. അതിദീര്‍ഘമായ ഈ നിറുത്തം സഹിക്കാനാവാതെ ഇവിടെനിന്ന് രക്ഷപ്പെടാന്‍ ആരെങ്കിലും തങ്ങളുടെ  കാര്യത്തില്‍ സര്‍വാധിനാഥന്റെ മുമ്പില്‍ ഒന്ന് ശിപാര്‍ശ നടത്തിയെങ്കിലെന്ന് മനുഷ്യന്‍ ആഗ്രഹിച്ചു പോകുന്നു. അപ്പോള്‍ ചിലര്‍ പറയും, നമുക്ക് ആദമിനെ(അ) സമീപിച്ച് നോക്കാമെന്ന്. അങ്ങനെ അവര്‍ ആദമിനെ സമീപിച്ച് ഇപ്രകാരം പറയുന്നു: ''ഓ ആദമേ, മനുഷ്യ പിതാവാണല്ലോ നിങ്ങള്‍. നിങ്ങളെ അല്ലാഹു അവന്റെ സ്വന്തം കൈകൊണ്ട് സൃഷ്ടിച്ചു. അവന്റെ റൂഹില്‍ നിന്നൊരംശം നിങ്ങളില്‍ സന്നിവേശിപ്പിച്ചു. നിങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്യാന്‍ മലക്കുകളോട് അവന്‍ കല്പിച്ചു. അവര്‍ നിങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്തു. (ഇത്തരം ശ്രേഷ്ഠതകളെല്ലാം ഉള്ളതുകൊണ്ട്) നിങ്ങള്‍ നാഥന്റെ സവിധത്തില്‍ ചെന്ന് ഞങ്ങള്‍ക്കായി ഒന്നു ശിപാര്‍ശ പറയണം. ഞങ്ങളുടെ ഈ ദുരിതാവസ്ഥയും വിഷമതകളുമൊക്കെ നിങ്ങള്‍ കാണുന്നുണ്ടല്ലോ. അപ്പോള്‍ ആദം(അ) പറയും. എന്റെ റബ്ബ് ഇന്ന് അത്യധികം കോപിഷ്ഠനായിരിക്കുകയാണ്. ഇതിന്ന് മുമ്പ് അവനിങ്ങനെ കോപിച്ചിട്ടില്ല. ഇനിയൊരിക്കലും ഇങ്ങനെ കോപിക്കുകയുമില്ല. അത്രക്കും കടുത്ത കോപത്തിലാണവന്‍. ഒരു വൃക്ഷത്തെ സമീപിക്കരുതെന്ന് അവനെന്നെ തടഞ്ഞിരുന്നു. ഞാനതിന് എതിരായി പ്രവര്‍ത്തിച്ചുപോയിട്ടുണ്ട്. ഞാനെന്നെക്കുറിച്ച് തന്നെ ഭയപ്പെടുകയാണ്. എന്തായിരിക്കും എന്റെ സ്ഥിതി! ഹാ! എന്തായിരിക്കും എന്റെ സ്ഥിതി! നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ. നൂഹിനെ സമീപിച്ചോളൂ. 

അങ്ങനെയവര്‍ നൂഹിനെ സമീപിച്ച് പറയുന്നു: ഓ നൂഹേ, ഭൂമിയിലേക്കയക്കപ്പെട്ട പ്രഥമ പ്രവാചകരാണല്ലോ നിങ്ങള്‍. കൃതജ്ഞനായ അടിമ എന്ന് അല്ലാഹു നിങ്ങളെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുകയാണല്ലോ. അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നു ശിപാര്‍ശ പറയണം. അദ്ദേഹം പറയുന്നു ''എന്റെ നാഥന്‍ അത്യന്തം കോപിഷ്ഠനായിരിക്കുകയാണ്. സന്ദര്‍ഭം പോലെ പ്രയോഗിക്കാനായി ഒരു പ്രാര്‍ഥനക്കുള്ള അവകാശം എനിക്കവന്‍ നല്‍കിയിരുന്നുവെന്നത് ശരിയാണ്. പക്ഷേ ഞാനത് എന്റെ ജനതക്കെതിരെ പ്രയോഗിച്ചുപോയി. ഞാനതിനെ കുറിച്ച്തന്നെ ഭയന്നിട്ടാണുള്ളത്. നിങ്ങള്‍ ഇബ്‌റാഹീമിനെ സമീപിച്ചുനോക്കൂ. അങ്ങനെ മനുഷ്യര്‍ ഇബ്‌റാഹീമിനെ സമീപിച്ച് പറയുന്നു: നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനും ഭൂമിയില്‍ അവന്റെ ഏക ഉറ്റമിത്രവുമാണല്ലോ. അദ്ദേഹം പറയുന്നു: ഞാന്‍ മൂന്ന് കളവ് (പ്രത്യക്ഷത്തില്‍ കളവ് എന്ന് തോന്നിക്കുന്നവ) പറഞ്ഞു പോയിട്ടുണ്ട്. എന്റെ കാര്യത്തെപ്പറ്റി തന്നെ ഞാന്‍ ഉല്‍കുണ്ഠാകുലനാണ്. നിങ്ങള്‍ മൂസാ(അ) നബിയെ സമീപിച്ച് നോക്കൂ. 

അങ്ങനെ ജനങ്ങള്‍ മൂസാ നബിയെ(അ) സമീപിച്ച് പറയുന്നു. ഓ മൂസാ, ഞങ്ങള്‍ക്ക് വേണ്ടി അങ്ങ് ശിപാര്‍ശ പറയൂ. നിങ്ങള്‍ അല്ലാഹുവിന്റെ ദൂതരാണല്ലോ. അവന്റെ ദൗത്യങ്ങളും നേരിട്ടുള്ള സംഭാഷണവും വഴി മറ്റെല്ലാവരെക്കാളും അവന്‍ നിങ്ങളെ ശ്രേഷ്ഠനാക്കിയിട്ടുണ്ട്. അദ്ദേഹം അപ്പോള്‍ പറയും: ഞാനൊരു മനുഷ്യനെ അല്ലാഹുവിന്റെ കല്പന കൂടാതെ കൊന്നുകളഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഈസായെ(അ) സമീപിച്ചോളൂ. ജനങ്ങള്‍  ഈസായെ(അ) സമീപിച്ച് പറയുകയാണ് ''ഈസാ, നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ. മര്‍യമിലേക്ക് ഇട്ടുകൊടുത്ത അവന്റെ വചനവും അവനില്‍ നിന്നുള്ള ആത്മാവും കൂടിയാണല്ലോ. ജനങ്ങളോട് തൊട്ടിലില്‍ വെച്ച് സംസാരിച്ചിട്ടുണ്ട് നിങ്ങള്‍. അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ശിപാര്‍ശ ചെയ്തുകൂടെ. എന്നാല്‍, ഞാനെന്നെക്കുറിച്ച് വ്യാകുലനാണ്. നിങ്ങള്‍ മുഹമ്മദ് നബിയെ(അ) സമീപിച്ച് നോക്കൂ എന്നായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം. 

അങ്ങനെയവര്‍ എന്നെ സമീപിച്ച് പറയുന്നു. ഹേ മുഹമ്മദേ, നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ അന്ത്യ പ്രവാചകനും മുമ്പും പിമ്പുമുള്ള സകല പാപങ്ങളും അവന്‍ അങ്ങേക്ക് പൊറുത്തു തന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് വേണ്ടി ഒരു ശിപാര്‍ശ പറഞ്ഞാലും. അപ്പോള്‍ ഞാന്‍ പോയി ദിവ്യ സിംഹാസനത്തിന് താഴെ ചെന്ന് നാഥന് സാഷ്ടാംഗം ചെയ്ത് വീഴുന്നു. അവന്റെ ഗുണങ്ങള്‍ എടുത്ത് പറയാനും അവനെ ഏറ്റവും നന്നായി പുകഴ്ത്താനും വേണ്ടി ഇതിന് മുമ്പ് ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത പ്രത്യേക രീതി അപ്പോള്‍ അവനെനിക്ക് തോന്നിക്കുകയും തുറന്നു തരികയും ചെയ്യുന്നതാണ്. പിന്നീട് അല്ലാഹു പറയും: ഓ മുഹമ്മദേ, തലയുയര്‍ത്തൂ, ആവശ്യം പറയൂ, നല്‍കാം. ശുപാര്‍ശ ചെയ്‌തോളൂ, അംഗീകരിക്കാം (മുസ്‌ലിം).

അല്ലയോ മുഹമ്മദ് താങ്കളുടെ ഉമ്മത്തിന് വേണ്ടി ഞാന്‍ എന്ത് ചെയ്യണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്  എന്ന് അല്ലാഹു ചോദിക്കുമ്പോള്‍ നബി(സ) പറയുന്നു. എന്റെ നാഥാ, അവരുടെ വിചാരണ വേഗമാക്കണേ (അഹ്മദ്). ഇതോടെയാണ് ജനങ്ങളെ വിചാരണക്കെടുക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി അവരുടെ വിചാരണ വേഗത്തിലാക്കാന്‍ അല്ലാഹുവോട് ശിപാര്‍ശ ചെയ്യാന്‍ മുഹമ്മദ് നബി(സ)ക്ക് അനുമതി ലഭിക്കുകയും റസൂല്‍(സ) അപ്രകാരം ശിപാര്‍ശ പറയുകയും ചെയ്യുന്നു. ഈ ശിപാര്‍ശ 'അശ്ശഫാഅതുല്‍ഉദ്വുമ' (മഹത്തായ ശുപാര്‍ശ) എന്ന് അറിയപ്പെടുന്നു.
 

Feedback