Skip to main content

അവിശ്വാസികള്‍ പുനരുത്ഥാന നാളില്‍

പുനരുത്ഥാന നാളില്‍ ജനങ്ങള്‍ എല്ലാവരും ഐഹിക ജീവിതത്തിലെ കര്‍മഫലങ്ങള്‍ പ്രതീക്ഷിക്കുകയാണ്. അവരില്‍ വിശ്വാസികളും അവിശ്വാസികളും വിശ്വാസികളായിരിക്കെ തന്നെ പാപം ചെയ്തവരുമെല്ലാമുണ്ട്. വിശ്വാസവും കര്‍മവും മാത്രം തുണയായിവരുന്ന പരലോകത്ത് അപരനെ ക്കുറിച്ച് ഒരാള്‍ക്കും ആലോചിക്കാന്‍ പോലും നേരമില്ലാതെ വെപ്രാളപ്പെട്ട് കഴിയുന്ന അവസ്ഥയിലായിരിക്കും. പുനരെഴുന്നേല്‍പ്പിന്റെ കാഹളമൂത്ത് ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ മഹ്ശറിലേക്ക്, ഒരുകുറി നാട്ടിയതിലേക്ക് പാഞ്ഞു ചൊല്ലുന്ന പ്രകാരം, ധൃതിപ്പെട്ടുകൊണ്ട് ഖബ്‌റുകളില്‍ നിന്ന് പുറത്തുവരുന്ന (70:43) സമയത്ത് അവിശ്വാസികള്‍ ചോദിക്കുന്നത് ഇപ്രകാരമായിരിക്കും. ഞങ്ങളുടെ നാശമേ, ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്ത് നിന്ന് ഞങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്? ഇത് പരമകാരുണികനായുള്ളവന്‍ നമ്മോട് വാഗ്ദാനം ചെയ്തതാണല്ലോ. മുര്‍സലുകള്‍ സത്യംതന്നെയാണ് പറഞ്ഞിട്ടുള്ളത്. (36:52) അല്ലാഹുവിന്റെ സന്നിധിയിലേക്ക് വിചാരണക്കായി പുറപ്പെടാനായി വളരെ അടുത്ത് നിന്ന് വിളിച്ചു പറയപ്പെടും. (മനുഷ്യാ) അടുത്ത സ്ഥലത്തുനിന്ന് ഒരാള്‍ വിളിക്കുന്ന ദിവസത്തെ നീ ചെവിയോര്‍ത്തു കൊണ്ടിരിക്കുക. അതായത് (ആ) ഘോരശബ്ദം അവര്‍ (ജനങ്ങള്‍) യാഥാര്‍ഥ്യമായി കേള്‍ക്കുന്ന ദിവസം. അത് (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാടിന്റെ ദിവസമത്രെ (50:41, 42). അവിശ്വാസികള്‍ പരലോകത്ത് എത്തുന്നത് കണ്ണ്താഴ്ന്ന് മ്ലാനമായ മുഖത്തോടെയും നിന്ദ്യത പൂര്‍ണമായും അവരെ വലയംചെയ്ത വിധത്തിലുമായിരിക്കും (70:44,14:42,43). ഭയത്തിന്റെ ആധിക്യത്താല്‍ അവരുടെ ഹൃദയം തൊണ്ടക്കുഴിയില്‍ എത്തുമാറായിട്ടുണ്ടാകും. എന്തു സംഭവിക്കുമെന്നറിയാതെ അവര്‍ ശ്വാസമടക്കിപ്പിടിച്ചായിരിക്കും നില്‍ക്കുന്നത് (40:18).

കുറ്റവാളികളായ ഇവരെ ചങ്ങലകളില്‍ പരസ്പരം ബന്ധിച്ചായിരിക്കും കൊണ്ടുവരിക. അവരുടെ കുപ്പായങ്ങള്‍ കറുത്ത ടാര്‍കൊണ്ടുള്ളതും മുഖം തീകൊണ്ടു പൊതിഞ്ഞതുമായിരിക്കും (14:49,50). കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍ ശിരസ്സിന് മീതെ താഴ്ത്തപ്പെട്ട വിധത്തിലുള്ള നിറുത്തം അത്യധികം ഭയാനകം തന്നെയാണ്. നബി(സ) പറയുന്നു: അന്ത്യനാളുകളില്‍ സൂര്യന്‍ സൃഷ്ടികളോട് ഒരു 'മീല്‍' അകലത്തിലായിരിക്കുമുണ്ടാവുക. സുലൈമുബ്‌നു ആമിര്‍ പറയുന്നു. അല്ലാഹുവാണ്, 'മീല്‍' കൊണ്ടുദ്ദേശിച്ചത് ഭൂമിയിലെ ദൂരമാണോ അതല്ല, സുറുമക്കോല്‍ ആണോ എന്ന് വ്യക്തമാക്കിയില്ല. ഇതുകാരണം ജനങ്ങള്‍ അവരുടെ കര്‍മങ്ങളുടെ തോതനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിയിരിക്കും. അത് നെരിയാണി വരേയും കാല്‍മുട്ടു വരേയും അരവരേയും  വായവരെയും എത്തിയവരുണ്ടാകും (മുസ്‌ലിം). 

കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം! അന്നേ ദിവസം കുറ്റവാളികളെ നീലവര്‍ണമുള്ളവരായി നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും. അവര്‍ തമ്മില്‍ അന്യോന്യം പതുക്കെ പറയും: പത്ത് (ദിവസം) അല്ലാതെ നിങ്ങള്‍ (ഭൂമിയില്‍) പാര്‍ക്കുകയുണ്ടായിട്ടില്ല (20:102,103). പരലോക ജീവിതത്തിന്റെ ദൈര്‍ഘ്യവും അവിടത്തെ കാഴ്ചകളും കാണുമ്പോള്‍ തങ്ങള്‍ അതേവരെ ഈ ഭൂമിയില്‍ കഴിച്ചുകൂട്ടിയ കാലം വളരെ കുറച്ചുമാത്രമായിരുന്നുവെന്ന് അവര്‍ സ്വയം പറഞ്ഞു പോകുന്നു. കുറ്റവാളികള്‍ മഹ്ശറിലേക്ക് പോകുന്നത് അന്ധരും ബധിരരും മൂകരുമായും മുഖം കുത്തിക്കൊണ്ടുമായിരിക്കും. ഖിയാമത്തു നാളില്‍ അവരെ അവരുടെ മുഖങ്ങളിലായി (മുഖംകുത്തി) കൊണ്ടു നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും. അന്ധന്മാരും ഊമകളും ബധിരന്മാരുമായിക്കൊണ്ട്. അവരുടെ സങ്കേതം ജഹന്നം (നരകം) ആകുന്നു. അത് (ജ്വാല) അണയുമ്പോഴെല്ലാം അവര്‍ക്ക് നാം ആളിക്കത്തല്‍ വര്‍ധിപ്പിക്കുന്നതാണ് (17:97). മനുഷ്യര്‍ എങ്ങനെയാണ് അവരുടെ മുഖങ്ങളില്‍ (മുഖം കുത്തിക്കൊണ്ട്) ഒരുമിച്ച് കൂട്ടപ്പെടുക എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) ഇപ്രകാരം ഉത്തരം പറഞ്ഞതായി അനസ്(റ) പറയുന്നു. അവരെ അവരുടെ കാലുകളില്‍ നടത്തിയവന്‍ അവരെ മുഖങ്ങളില്‍ നടത്തുവാനും തീര്‍ച്ചയായും കഴിവുള്ളവനാകുന്നു (അബുദാവൂദ്, ബുഖാരി, മുസ്‌ലിം). 

അല്ലാഹുവിന്റെ ഉദ്ദേശ്യത്തെ വിസ്മരിച്ച് തോന്നിയതു പോലെ ജീവിക്കുന്നവരെ പരലോകത്ത് അന്ധരായിട്ടാണ് ഒരുമിച്ച് കൂട്ടപ്പെടുക എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ആരെങ്കിലും എന്റെ ഉദ്‌ബോധനത്തെ അവഗണിച്ചാല്‍ നിശ്ചയമായും അവന് ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ്. ഖിയാമത്ത് നാളില്‍ അവനെ നാം അന്ധനായ നിലയില്‍ (എഴുന്നേല്‍പ്പിച്ച്) ഒരുമിച്ച് കൂട്ടുന്നതാണ് (20:124).

ദുരിതങ്ങളും യാതനകളും നിറഞ്ഞ നരക ജീവിതത്തിലേക്കുള്ള ഒരുതുടക്കം എന്ന നിലക്ക്തന്നെ അത്യന്തം ഭീതിദവും ഭയാനകവുമായ ആയ പുനരുത്ഥാനനാളില്‍ അവിശ്വാസിയുടെ മനസ്സില്‍ വേദനയും വീണ്ടുവിചാരവും ഉണ്ടാകുന്നു. അസഹനീയമായ ശിക്ഷ മുന്നില്‍ കണ്ട് വിലപിക്കാന്‍ തുടങ്ങുന്നു. 'അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ' (78:40). അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന അവസ്ഥ. റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്റെ കഷ്ടമേ, ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചു കളഞ്ഞല്ലോ? എന്നിങ്ങനെ അവര്‍ പറയും. പിശാച് മനുഷ്യനെ കൈവിട്ടു കളയുന്നവനാകുന്നു (25: 27-29).

അവരുടെ കര്‍രങ്ങള്‍ (അവിശ്വാസം നിമിത്തം) മരുഭൂമിയിലെ മരീചികപോലെയായി മാറുന്നു. ദാഹിച്ചവര്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവര്‍ അതിന്നടുത്ത് ചെന്നാല്‍ അങ്ങനെ ഉള്ളതായിത്തന്നെ അവര്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവര്‍ കണ്ടെത്തുന്നതാണ് (24:39). അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയുംചെയ്യും (25:23).

മഹ്ശറിലുള്ള നിറുത്തത്തിന്റെ പ്രയാസം കാരണത്താല്‍ കുറ്റവാളികള്‍ നരകത്തിലേക്ക് ആയാലും പ്രശ്‌നമില്ല, ഇവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ട് കിട്ടിയാല്‍ മതിയായിരുന്നു എന്ന് പോലും ചിന്തിച്ചുപോകുന്ന രംഗമാണിത്.
 

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446