Skip to main content

അല്ലാഹുവിന്റെ വിധി വ്യവസ്ഥകള്‍

പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ ഏത് വസ്തുവും ആവിര്‍ഭവിച്ചതും നിലനില്‍ക്കുന്നതും നശിക്കുന്നതും അല്ലാഹു വിധിച്ചതു പ്രകാരമാണ്. സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവിന്റെ അറിവ് സ്ഥലകാലഭേദമില്ലാതെ ഏതൊന്നിനെക്കുറിച്ചും അനാദിയും അനന്തവുമാണ്. സര്‍വവും കുറ്റമറ്റ രീതിയില്‍ സൃഷ്ടിച്ച അല്ലാഹു എല്ലാറ്റിനെയും ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കരയിലോ കടലിലോ നടക്കുന്ന നിസ്സാര കാര്യങ്ങള്‍പോലും അല്ലാഹുവിന്റെ വ്യക്തമായ അറിവിലുള്ളതും അവന്റെ കൃത്യമായ രേഖയില്‍ എഴുതപ്പെട്ട് കിടക്കുന്നതുമാണെന്നും അവന്‍ പറയുന്നു. 'അവന്റെ പക്കലാകുന്നു അദൃശ്യ കാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല' (6:59).
ഭൂമിയില്‍ സംഭവിക്കുന്നതും മനുഷ്യര്‍ക്ക് വന്നു ഭവിക്കുന്നതുമായ ഏതൊരു ആപത്തും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയ പ്രകാരമാണ് ഉണ്ടാകുന്നതെന്ന് (57:22) അവന്‍ വ്യക്തമാക്കി തരുന്നുണ്ട്. മനുഷ്യന്റെ പ്രവൃത്തികളടക്കം ലോകത്ത് നടക്കുന്ന സര്‍വകാര്യങ്ങളും കൃത്യവും വിശദവുമായി അല്ലാഹു അറിയുന്നു. ഓരോ കാര്യത്തിന്റെയും പരിണതിയും സംഭവ്യതയും ഇന്നയിന്ന പ്രകാരമായിരിക്കണമെന്ന് അല്ലാഹു നിര്‍ണയവും വ്യവസ്ഥയും ചെയ്തു വെച്ചിരിക്കുന്നു. അതിനെതിരായി യാതൊന്നും സംഭവിക്കുകയില്ല. ഓരോന്നും സംഭവിക്കണമെന്ന് അവന്‍ ഉദ്ദേശിക്കുമ്പോഴേ അത് സംഭവിക്കൂ. അവന്‍ അറിയാതെയും ഉദ്ദേശിക്കാതെയും ലോകത്ത് യാതൊന്നും സംഭവിക്കുകയില്ല. അല്ലാഹുവിന്റെ വിധി വ്യവസ്ഥകളിലുള്ള വിശ്വാസം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അതാണ്.

അങ്ങനെയെങ്കില്‍ മനുഷ്യ കര്‍മങ്ങള്‍ക്ക് പ്രസക്തിയെന്താണെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഈ പ്രപഞ്ച വ്യവസ്ഥക്കു പിന്നിലെ വൈവിധ്യവും കര്‍മം ചെയ്യുവാന്‍ മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്ര്യവും പരസ്പര പൂരകമാണെന്ന് മനസ്സിലാകാത്തതാണ് ഇവ്വിഷയകമായി ഉയര്‍ന്നുവരുന്ന സംശയങ്ങളുടെയെല്ലാം മൂലകാരണം. അതിന്റെ ഫലമെന്തായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശം അല്ലാഹുവിനാണ്. ഇഹലോകത്തും പരലോകത്തും മനുഷ്യനുള്ള കര്‍മഫലം എന്തായിരിക്കണമെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി നന്മ നേടിയെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കുണ്ട് താനും. ഇഹലോകത്ത്‌വെച്ച് മനുഷ്യന് അവന്റെ ഇഛാശക്തിയെ ദൈവിക വിധിയുടെ വരുതിക്കുള്ളില്‍ നിന്നുകൊണ്ട് ഉപയോഗിക്കാം. ഇഛാശക്തി എങ്ങനെയും ഉപയോഗിക്കാനുള്ള സ്വാത ന്ത്ര്യം അവന്ന് നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു ''തീര്‍ച്ചയായും നാം അവന് വഴി കാണിച്ചു കൊടുത്തിരിക്കുന്നു. ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു (76:3). അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ,  ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ'' (18:29).

നന്മയുടെയും തിന്മയുടെയും ഉറവിടം അല്ലാഹുവാണ്. ഇവ മനുഷ്യര്‍ക്കു നേടാനാകുന്നത് അവരുടെ കര്‍മങ്ങള്‍ക്കനുസൃതമായിട്ടാണ് എന്ന് മാത്രം. നന്മയും തിന്മയും അടിസ്ഥാനപരമായി അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാണ്.

''അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന്. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും ഇത് നീ മൂലം ഉണ്ടായതാണെന്ന്. പറയുക എല്ലാം അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണ്. അപ്പോള്‍ ഈ ആളുകള്‍ക്കെന്തുപറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല'' (4:78). ''നിനക്ക് അവന്‍ (അല്ലാഹു) വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനുമത്രെ'' (6:17).

നന്മ തിന്മകള്‍ പൊതുവായി അല്ലാഹുവില്‍ നിന്നുള്ളതാണെങ്കിലും വ്യക്തികള്‍ക്ക് വന്നുഭവിക്കുന്നതിനുള്ള കാരണക്കാരന്‍ അതിന്ന് നിമിത്തമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിതന്നെയാകുന്നു. ഈ വസ്തുതയിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നു. ''നന്മയായിട്ട് നിനക്ക് എന്തൊന്നു വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍നിന്നുതന്നെ ഉണ്ടാവുന്നതാണ്'' (4:79).

സൃഷ്ടിച്ചതെല്ലാം അല്ലാഹു വിശിഷ്ടമാക്കിയിരിക്കുന്നു (32:7). അവന്‍ സൃഷ്ടിച്ച ഏതൊരു വസ്തുവെയും അവന്റെ മാര്‍ഗദര്‍ശന പ്രകാരം ഉപയോഗപ്പെടുത്തിയാല്‍ അതിലൂടെ നമുക്ക് നന്മ വരുമെന്ന് മനസ്സിലാക്കാം.

മനുഷ്യന്റെ അറിവ് ഏറെ പരിമിതമാണ്. എന്നാല്‍ സ്രഷ്ടാവായ അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ വിശകലനം ചെയ്യാന്‍ നമുക്ക് സാധ്യമല്ല. അതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ മാര്‍ഗദര്‍ശനം സ്വീകരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആത്യന്തികമായി ഗുണകരമായിത്തീരുമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.

'നിനക്ക് വല്ല നന്മയും വന്നെത്തുന്ന പക്ഷം, അത് അവരെ ദു:ഖിതരാക്കും. നിനക്ക് വല്ല ആപത്തും വന്നെത്തുന്ന പക്ഷം ഞങ്ങള്‍ ഞങ്ങളുടെകാര്യം മുമ്പ് തന്നെ സൂക്ഷിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുകയും ആഹ്ലാദിച്ചുകൊണ്ട് അവര്‍ പിന്തിരിഞ്ഞ് പോകുകയുംചെയ്യും. പറയുക, അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പ്പിക്കേണ്ടത്'' (9:50,51). 

സത്യവിശ്വാസിക്ക് ബാധിക്കുന്ന മനക്ലേശം, വേദന, പ്രയാസം ഇവയെല്ലാം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അയാള്‍ ക്ഷമിച്ചാല്‍ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അത് കാരണമായിത്തീരുമെന്ന്  നബി(സ) പഠിപ്പിച്ചിട്ടുണ്ട്. കാലില്‍ മുള്ള് തറയ്ക്കുന്ന വേദന സഹിക്കുന്നത് പോലും വിശ്വാസിയുടെ പാപങ്ങള്‍ മായ്ക്കപ്പെടാന്‍ കാരണമാണെന്ന് ഹദീസുകളില്‍ നിന്ന്‌വ്യക്തമാകുന്നു.

ഐഹിക ജീവിതത്തില്‍ മനുഷ്യന്‍ വെറുക്കുന്ന കാര്യം യഥാര്‍ഥത്തില്‍ അവന്ന് ഗുണകരമാകാനിടയുണ്ടെന്നും അവന്‍ ഇഷ്ടപ്പെടുന്ന കാര്യം യഥാര്‍ഥത്തില്‍ അവന്ന് ദോഷകരമായേക്കുമെന്നും അല്ലാഹു അറിയിക്കുന്നു (2:216). പരിമിതമായ അറിവുള്ള മനുഷ്യന്‍ പരമമായ ജ്ഞാനമുള്ള അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ ഒരിക്കലും നിരാശപ്പെടേണ്ടതില്ല എന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. അബൂഹുറയ്‌റയില്‍ നിന്ന്: നബി(സ) പറഞ്ഞു. ''ശക്തനായ മുസ്‌ലിം ദുര്‍ബലനായ മുസ്‌ലിമിനേക്കാള്‍ ഉത്തമനും പ്രതാപിയും മഹാനായ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനുമാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്കവകാശപ്പെടുന്നത് നീ ആഗ്രഹിക്കുക. പ്രതാപിയും മഹാനുമായ അല്ലാഹുവിനോട് സഹായമഭ്യര്‍ഥിക്കുക. നീ ദുര്‍ബലനായി പോകരുത്. നിനക്കെന്തെങ്കിലും ബാധിച്ചാല്‍ 'ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു' എന്ന് നീ പറയുകയും അരുത്. എന്നാല്‍ അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു എന്ന് പറയുക. കാരണം 'അങ്ങനെ ചെയ്തിരുന്നു എങ്കില്‍' എന്ന പ്രയോഗം പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതാണ് (മുസ്‌ലിം 1840).
 

Feedback