Skip to main content

വിധിവിശ്വാസം: സാങ്കേതിക പദങ്ങള്‍

വിധി വിശ്വാസ പഠനത്തിലെ മശീഅത്ത്, ഇറാദത്ത് എന്നീ രണ്ടു വാക്കിനും ഭാഷയില്‍ ഉദ്ദേശ്യം എന്നാണ് അര്‍ഥം പറയാറുള്ളത്. അവയുടെ ക്രിയാ രൂപങ്ങളായ അറാദ, ശാഅ എന്നിവക്ക് ഉദ്ദേശിച്ചു എന്നും മലയാളത്തില്‍ അര്‍ഥം കല്പിക്കുന്നു. അറാദ എന്നതിന് ഇഷ്ടപ്പെട്ടു, ആഗ്രഹിച്ചു, പരിഗണിച്ചു (അഹബ്ബ, റഗിബ ഫീഹി, അനിയ ബിഹീ) എന്നിങ്ങനെയും ശാഅ എന്നതിന് കണക്കാക്കി, നിശ്ചയിച്ചു (ഖദറ) എന്നും അര്‍ഥമുണ്ട്. ഇമാം റാഗിബ് അല്‍മുഫ്‌റദാത്തില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. മശീഅത്തിന്റെ കര്‍ത്താവ് അല്ലാഹു ആയിരിക്കുമ്പോള്‍ ആ ഉദ്ദേശ്യം പ്രാവര്‍ത്തികമായിരിക്കും. മനുഷ്യനായിരിക്കുമ്പോള്‍ പ്രാവര്‍ത്തികമായിരിക്കണമെന്നില്ല. ശാഅല്ലാഹു കദാ എന്ന് (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു എന്ന് മശീഅത്തിന്റെ ക്രിയ ഉപയോഗിച്ച്) പറഞ്ഞാല്‍ അക്കാര്യം യഥാര്‍ഥത്തില്‍ സംഭവിച്ചതായിരിക്കും. ഇത് കര്‍ത്താവിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യാസമാണ്. അറാദല്ലാഹു കദാ (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു) എന്ന് ഇറാദത്തിന്റെ ക്രിയ ഉപയോഗിച്ച് പറയുമ്പോള്‍ ആ ഉദ്ദേശിക്കപ്പെട്ട കാര്യം സംഭവിച്ചിരിക്കണമെന്നില്ല. അതുകൊണ്ടാണ് ''അല്ലാഹു ഉദ്ദേശിച്ചതെന്തോ അത് ഉണ്ടാവും, അവന്‍ ഉദ്ദേശിക്കാത്തതെന്തോ അത് ഉണ്ടാവുകയില്ല. (മാശാഅ അല്ലാഹു കാന, വ മാലം യശഅ് ലം യകുന്‍) എന്ന് മശീഅത്തിന്റെ ക്രിയമാത്രം ഉപയോഗിച്ചു പറയുന്നത്. 

ഇറാദത്തിന്റെ ക്രിയാരൂപമായ യുരീദു എന്ന പദപ്രയോഗം ഖുര്‍ആനില്‍ വന്നത് ശ്രദ്ധിച്ചാല്‍ പ്രയോഗ വ്യത്യാസം മനസ്സിലാക്കാം. അല്ലാഹു നിങ്ങളില്‍ എളുപ്പത്തെ ഉദ്ദേശിക്കുന്നു. നിങ്ങളില്‍ അവന്‍ ഞെരുക്കത്തെ ഉദ്ദേശിക്കുന്നില്ല. (യുരീദുല്ലാഹു ബികുമുല്‍ യുസ്‌റ വലാ യുരീദുബികുമുല്‍ ഉസ്‌റ) എന്ന് ഖുര്‍ആനില്‍ പ്രയോഗിച്ചത് (2:185) ഇറാദത്തിന്റെ ക്രിയാ രൂപമായിട്ടാണ്. മനുഷ്യരില്‍ ചിലപ്പോള്‍ എളുപ്പവും ചിലപ്പോള്‍ ഞെരുക്കവും ഉണ്ടാകുന്നത് നാം കാണുന്നു.

മനുഷ്യന്റെ 'മശീഅത്താകുന്ന' ഉദ്ദേശ്യം അല്ലാഹുവിന്റെ 'മശീഅത്തോടു കൂടി മാത്രമേ ഉണ്ടാവുകയുള്ളു. അല്ലാഹു പറയുന്നു. ലോകരക്ഷിതാവായ ''അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (81:29).

ഇവിടെ മശീഅത്തിന്റെ ക്രിയാരൂപമായ 'ശാഅ' എന്നാണ് ഖുര്‍ആന്‍ സൂക്തത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു : ''യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞു പോകരുത്. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓര്‍മ വരുമ്പോള്‍) നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്റെ രക്ഷിതാവ് എന്നെ ഇതിനേക്കാള്‍ സന്മാര്‍ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക'' (18:23,24).

ഇന്‍ശാ അല്ലാഹ് എന്ന് മശീഅത്തിന്റെ ക്രിയ ഉപയോഗിച്ച് മൂസാ നബി(അ) പറയുന്നത് ഇങ്ങനെ വായിക്കാന്‍ കഴിയുന്നു. അദ്ദേഹം പറഞ്ഞു. ''അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്പനക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല (18:69). ഇന്‍ശാ അല്ലാഹ് എന്ന വാക്ക് ഇസ്മാഈല്‍ നബി(അ)യുടെ സംസാരത്തിലും പ്രയോഗിച്ചതായി കാണാന്‍ കഴിയും. ''എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ, നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു. എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. (37:102) യൂസുഫ് നബി(അ)യും ഈ വാക്യം (ഇന്‍ശാ അല്ലാഹ്) ഉപയോഗിക്കുന്നത് കണാന്‍ കഴിയും. “അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക (12:99). ഉദ്ദേശ്യം രണ്ട് തരമുണ്ട്. ഈ കാര്യം ഉണ്ടാവണം, അല്ലെങ്കില്‍ ഉണ്ടാവരുത് എന്നുള്ള ഇഛയില്‍ നിന്നും ആഗ്രഹത്തില്‍നിന്നും ഉദ്ഭവിക്കുന്നതാണ് ഒന്ന്. അക്കാര്യം പ്രാവര്‍ത്തികമാകുന്നതത്രെ മറ്റേത്. അല്ലാഹുവിന്റെ ഉദ്ദേശ്യത്തോടുകൂടി മാത്രമേ അത് ഉണ്ടാകുകയുള്ളൂ. മശീഅത്ത്, ഇറാദത്ത് എന്നിവയുടെ വാക്കര്‍ഥമായി ഉദ്ദേശ്യം എന്ന് പറയുമ്പോള്‍ത്തന്നെ പ്രയോഗത്തില്‍ അവ തമ്മില്‍ നേരത്തെ സൂചിപ്പിച്ച വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കാം.
 

Feedback